ക്യാൻസർ രോഗിക്ക് പണം നൽകാൻ എന്ന വ്യാജേനയും ഭീഷണിപ്പെടുത്തിയും യുവതിയുടെ കൈയിൽ നിന്ന് 2 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ
കണ്ണൂർ: ഓൺലൈൻ ചാറ്റിങ്ങിൽ പരിചയപ്പെട്ട കൂത്തുപറമ്പ് സ്വദേശിനിയായ യുവതിയിൽനിന്ന് രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ആലുവ സ്വദേശി അറസ്റ്റിൽ. ശ്രീമൂലനഗരം കഞ്ഞിക്കൽ ഹൗസിൽ അബ്ദുൾ ഹക്കീമി(38)നെയാണ് അറസ്റ്റ് ചെയ്തത്.
ഓൺലൈൻ പ്ലാറ്റ്ഫോം ചാറ്റിലൂടെയാണ് ഹക്കീം യുവതിയെ പരിചയപ്പെട്ടത്. തുടർന്ന് വ്യാജവിലാസത്തിൽ ചാറ്റിംഗ് നടത്തി സൗഹൃദം സ്ഥാപിച്ചു. നാട്ടിലെ അർബുദരോഗിക്ക് സഹായം വേണമെന്ന് അഭ്യർത്ഥിച്ച് ഗൂഗിൾ പേ നമ്പർ കൊടുക്കുകയും യുവതി തുക അയച്ചുകൊടുക്കുകയും ചെയ്തു. ഇത് തുടരുകയും ചെയ്തു.
പിന്നീട് വ്യക്തിപരമായ ആവശ്യത്തിന് വാങ്ങിയ തുക തിരികെ വേണമെന്ന് ആവശ്യപ്പെട്ടതോടെ പ്രൊഫൈൽ ചിത്രം മോർഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി രണ്ടുലക്ഷത്തോളം രൂപ ഹക്കീം കൈക്കലാക്കി. ആലുവയിൽ വെച്ചാണ് കാലടി പൊലീസിൻ്റെ സഹായത്തോടെ അബ്ദുൾ ഹക്കീമിനെ കസ്റ്റഡിയിലെടുത്തത്. ഇലക്ട്രീഷ്യനായ ഇയാൾക്ക് കംപ്യൂട്ടർ പരിജ്ഞാനമുണ്ട്. യുട്യൂബ് ചാനലുള്ള ഹക്കീമിന് നിരവധി ഫോളോവേഴ്‌സും ഉണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group