play-sharp-fill
ഇടതു കൈയ്യിലെ ചൂണ്ടുവിരലില്‍ നാളെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടയാളം തെളിയും ; മഷി അത്ര ചില്ലറക്കാരനല്ല ; മഷി ഉപയോഗിച്ചു തുടങ്ങിയത് 1962ലെ ലോക്സഭ തെരഞ്ഞെടുപ്പു മുതല്‍. കോട്ടയം ജില്ലയില്‍ ഉപയോഗിക്കുന്നത് 3458 കുപ്പി മഷി

ഇടതു കൈയ്യിലെ ചൂണ്ടുവിരലില്‍ നാളെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടയാളം തെളിയും ; മഷി അത്ര ചില്ലറക്കാരനല്ല ; മഷി ഉപയോഗിച്ചു തുടങ്ങിയത് 1962ലെ ലോക്സഭ തെരഞ്ഞെടുപ്പു മുതല്‍. കോട്ടയം ജില്ലയില്‍ ഉപയോഗിക്കുന്നത് 3458 കുപ്പി മഷി

സ്വന്തം ലേഖകൻ

കോട്ടയം: നിങ്ങള്‍ സമ്മതിദാന അവകാശം രേഖപ്പെടിയെന്നതിന് തെളിവായി ഇടതു കൈയിലെ ചൂണ്ടു വിരലില്‍ പുരട്ടുന്ന മഷി അത്ര ചില്ലറക്കാരനല്ല. വിരലില്‍ പുരട്ടിയാല്‍ വെറും നാല്‍പതു സെക്കന്റുകൊണ്ട് ഉണങ്ങിത്തീരുന്ന ഈ മഷി മായ്ക്കാനാവില്ല.

1962ലെ ലോക്സഭ തെരഞ്ഞെടുപ്പു മുതല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടയാളമാണ് ഈ മഷി.ഒരു കുപ്പിയില്‍ പത്തുമില്ലി മഷിയാണുള്ളത്. ഇതുപയോഗിച്ച് 700 ഓളം വോട്ടര്‍മാരുടെ വിരലുകളില്‍ മഷി പുരട്ടാനാവും. വോട്ടുചെയ്യാന്‍ വരുന്ന പൗരന്മാരുടെ ഇടത്തെ കയ്യിന്റെ ചൂണ്ടുവിരലില്‍ ഈ മഷി പുരട്ടുക എന്നത് രണ്ടാം പോളിങ് ഓഫീസറുടെ ഉത്തരവാദിത്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ പോളിങ് ഓഫീസര്‍ വോട്ടറെ ഐഡന്റിഫൈ ചെയ്തുകഴിഞ്ഞാല്‍ രണ്ടാം പോളിങ് ഓഫീസര്‍ വോട്ടറുടെ ഇടതുകൈയിലെ ചൂണ്ട് വിരല്‍ പരിശോധിച്ച് മഷി പുരണ്ടതിന്റെ അടയാളങ്ങള്‍ ഇല്ല എന്നുറപ്പാക്കും. തുടര്‍ന്ന് ഇടതുകൈയിലെ ചൂണ്ട് വിരലിന്റെ അഗ്രത്ത് നിന്ന് ആദ്യ സന്ധിവരെ ബ്രഷുകൊണ്ട് നീളത്തില്‍ മഷി അടയാളം രേഖപ്പെടുത്തുകയാണ് ചെയ്യുക.

വോട്ട് ചെയ്തവരുടെ വിരലില്‍ പുരട്ടാന്‍ കോട്ടയം ജില്ലയില്‍ ഉപയോഗിക്കുന്നത് 3458 കുപ്പി മഷിയാണ്. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ മാത്രം 2394 കുപ്പി മഷി ഉപയോഗിക്കും.ഒരു ബൂത്തിലേക്ക് രണ്ടു കുപ്പി മഷി കരുതും. വോട്ടര്‍ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയാനാണ് മാഞ്ഞുപോകാത്ത മഷി വിരലില്‍ പുരട്ടുന്നത്. 40 സെക്കന്‍ഡിനുള്ളില്‍ ഉണങ്ങിത്തീരുന്ന ഈ മഷി ആഴ്ചകളോളം മായാതെ നില്‍ക്കും.

കര്‍ണാടക സര്‍ക്കാരിന്റെ മൈസൂരുവിലുള്ള മൈസൂരു പെയിന്റ് ആന്‍ഡ് വാര്‍ണിഷ് കമ്പനിയില്‍ നിന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മഷി എത്തിച്ചിരിക്കുന്നത്. നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി ഓഫ് ഇന്ത്യയില്‍ വികസിപ്പിച്ച ഒരു ഫോര്‍മുലയാണ് ഈ സവിശേഷം വോട്ടിങ് മഷിയില്‍ ഉപയോഗിച്ചിട്ടുള്ളത്.