play-sharp-fill
സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം ദുഃഖഭാരങ്ങളും പങ്കുവെയ്ക്കാം” ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും ഈ പാട്ട് മലയാളിയെ കീഴടക്കി: ദാമ്പത്യ ജീവിതത്തിന്റെ സുഖദുഃഖങ്ങളും കയ്പ്പും മധുരവും ആത്മദാഹങ്ങളുമെല്ലാം പ്രകടമായ ഈ ഗാനത്തിന് സംഗീതം നല്കിയത് ആരെന്നറിയാമേ?

സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം ദുഃഖഭാരങ്ങളും പങ്കുവെയ്ക്കാം” ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും ഈ പാട്ട് മലയാളിയെ കീഴടക്കി: ദാമ്പത്യ ജീവിതത്തിന്റെ സുഖദുഃഖങ്ങളും കയ്പ്പും മധുരവും ആത്മദാഹങ്ങളുമെല്ലാം പ്രകടമായ ഈ ഗാനത്തിന് സംഗീതം നല്കിയത് ആരെന്നറിയാമേ?

കോട്ടയം: പൂരം കഴിഞ്ഞാൽ ആറാട്ടുപുഴയെ കേരളത്തിന്റെ സംസ്കാരിക ഭൂപടത്തിൽ അടയാളപ്പെടുത്തുന്നത് ചലച്ചിത്ര സംഗീത രംഗത്ത് കേരളത്തിന്റെ അഭിമാനമായി മാറിയ ഒരു കലാകാരന്റെ പേരിലൂടേയാണ് .
കൽപ്പാന്തകാലത്തോളം കൽഹാരഹാരവുമായി നിൽക്കുന്ന കാതരയായ പ്രണയിനിയുടെ കാത്തിരിപ്പിനെ രാഗിലമാക്കിയ വിദ്യാധരൻ മാസ്റ്റർ .
തോറ്റംപാട്ട് ,അയ്യപ്പൻ പാട്ട് , പുള്ളുവൻ പാട്ട് ,കളമെഴുത്ത് പാട്ട് തുടങ്ങി ആറാട്ടുപുഴയുടെ ഗ്രാമസംസ്കൃതിയിൽ അഭിരമിച്ച നാടൻകലകളുടെ പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് വിദ്യാധരൻ മാസ്റ്ററുടെ ജനനം .
മുത്തച്ഛൻ കൊച്ചക്കനാശാൻ നാട്ടിലെ അറിയപ്പെടുന്ന സംഗീതജ്ഞനും നാടൻ കലകളുടെ ഉപാസകനും ആയിരുന്നു.

ആറാട്ടുപുഴയിലും പരിസരങ്ങളിലുമുള്ള ചെറുപ്പക്കാരുടെ നാടകപ്രണയവും ആവേശവുമായിരുന്നു വിദ്യാധരൻ മാസ്റ്റർക്ക് തന്റെ സംഗീത ജീവിതത്തിന് ആധാരശിലയായത്.
നാടകങ്ങളിൽ പാടുകയും സംഗീതം കൊടുക്കുകയും ചെയ്തിരുന്ന വിദ്യാധരൻ മാസ്റ്റർ , ചലച്ചിത്ര ഭൂമികയെ സ്വപ്നം കണ്ട് അക്കാലത്തെ കലാകാരന്മാരായ ചെറുപ്പക്കാരുടെ വാഗ്ദത്ത ഭൂമിയായ മദ്രാസിലേക്ക് വണ്ടി കയറുന്നു .


മാസങ്ങളുടെ അലച്ചിലിനൊടുവിൽ ദേവരാജൻ മാസ്റ്ററുടെ
ദയാദാക്ഷിണ്യത്തിൽ കേശവദേവിന്റെ
“ഓടയിൽ നിന്ന് ” എന്ന ചിത്രത്തിലെ
“ഓ റിക്ഷാവാല ….. ”

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്ന ഗാനത്തിൽ മെഹബൂബിനൊപ്പം കോറസ്സ് പാടുവാൻ അവസരം ലഭിച്ചു.
പിന്നീട് ദേവരാജൻ മാസ്റ്ററുടെ നിർദ്ദേശപ്രകാരം നാട്ടിൽ മടങ്ങിയെത്തി സംഗീത പഠനവും തുടർന്നു .
അപ്പോഴും നാടകസമിതികളിൽ ഗായകനായും സംഗീതസംവിധായകനായും ഹാർമോണിസ്റ്റായും പ്രവർത്തിക്കവേ അർജുനൻ മാസ്റ്ററുടെ ശിഷ്യനായി തീർന്നതാണ് തന്റെ മനസ്സിലുള്ള സംഗീതത്തെ ഉലയൂതിയെടുക്കുവാൻ വിദ്യാധരൻമാസ്റ്റർക്ക് സഹായകമായത് .
കാലടി ഗോപി , ശ്രീമൂലനഗരം വിജയൻ തുടങ്ങിയ അക്കാലത്തെ പ്രഗൽഭ നാടകപ്രവർത്തകരുടെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞതോടെ വിദ്യാധരൻ മാസ്റ്ററുടെ ജീവിതത്തിൽ സംഗീതത്തിന്റെ വാതായനങ്ങൾ പലതും തുറക്കാൻ തുടങ്ങി .
ശ്രീമൂലനഗരം വിജയന്റെ

” എൻെറ ഗ്രാമം ” എന്ന ചിത്രത്തിലെ സംഗീത സംവിധായകനായി എത്തിയ വിദ്യാധരൻ മാസ്റ്റർ പിന്നീട് മലയാള ചലച്ചിത്ര സംഗീതവേദിയിലെ
ഒരു ശുക്രനക്ഷത്രമായി ഉദിച്ചുയർന്നത് കാലം അത്ഭുതത്തോടെയാണ്
നോക്കി നിന്നത് .

“കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
കൽഹാരഹാരവുമായ് നിൽക്കും
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവർന്ന രാധികയെ പോലെ…”

എന്ന മാസ്മരിക ഗാനത്തിന്റെ
രാഗഗരിമ കേരളം രണ്ടു കൈകളും നീട്ടി സ്വീകരിച്ചു.
നാലു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും പുതുമ നഷ്ടപ്പെടാതെ സോഷ്യൽ മീഡിയായിലും ചാനലുകളിലും ഗാനമേളകളിലും എല്ലാം വിദ്യാധരൻ മാസ്റ്ററുടെ “കൽപ്പാന്തകാലം ” കാലാതിവർത്തിയായി ഒരു കെടാവിളക്ക് പോലെ തെളിഞ്ഞു കത്തുകയാണ് .
സാമ്പത്തികമായി
പരാജയപ്പെട്ട ” എന്റെ ഗ്രാമം ” ഇന്ന് ഓർമ്മിക്കപ്പെടുന്നത് വിദ്യാധരൻ മാസ്റ്റർ സംഗീതം പകർന്ന ഈ
പ്രശസ്ത ഗാനത്തിന്റെ സൗരഭ്യത്തോടെയാണ്.
അമ്പിളിയുടെ ആദ്യ ചിത്രമായ വീണപൂവിലെ

“നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
ദുഃഖസിംഹാസനം നല്‍കി
തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്നസിംഹാസനം നല്‍കീ ….”

എന്ന ശ്രീകുമാരൻ തമ്പി – വിദ്യാധരൻ ടീമിന്റെ എക്കാലത്തേയും ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന ഗാനം കൂടി പുറത്തുവന്നതോടെ കേരളം അക്ഷരാർത്ഥത്തിൽ വിദ്യാധരൻ
മാസ്റ്ററെ നെഞ്ചോട് ചേർത്തു നിർത്തി എന്നു
പറയുന്നതാകും ശരി .
എൺപതുകളിലാണ് ഗൾഫ് പണത്തിന്റെ സ്വാധീനം കേരളത്തിലെ സാമൂഹ്യരംഗത്ത് വൻ മാറ്റങ്ങൾക്ക് തിരികൊളുത്തുന്നത് .
ആ മാറ്റം ഏറ്റവും പ്രകടമായി കണ്ടത് കേരളത്തിലെ കല്യാണകമ്പോളത്തിലാണ്.
വിവാഹത്തിന്റെ മധുരസ്മരണകൾ ബ്ലാക്ക് ആൻഡ് വൈറ്റ്
ഫോട്ടോകളിൽ നിന്നും വീഡിയോകളിലേക്ക് വഴി മാറിയ
ആ കാലഘട്ടത്തിൽ കല്യാണ കാസറ്റുകളെ പുളകിതമാക്കിയ ഒരു ഗാനത്തിന്റെ വരികൾ ഓർമ്മയിലേക്ക് ഓടിയെത്തുകയാണ് .
ലോഹിതദാസിന്റെ ആദ്യ തിരക്കഥയിൽ തുടങ്ങിവെച്ച “കാണാൻ കൊതിച്ച് ” എന്ന ചിത്രത്തിനുവേണ്ടി പാട്ടുകളെഴുതിയത്
പി ഭാസ്കരനും സംഗീതം പകർന്നത് വിദ്യാധരൻ മാസ്റ്ററും ആയിരുന്നു

” സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം
ദുഃഖഭാരങ്ങളും പങ്കുവെയ്ക്കാം
ആശതൻ തേനും നിരാശതൻ
കണ്ണീരും ആത്മദാഹങ്ങളും പങ്കുവെയ്ക്കാം …”

കേരളം കാണാൻ കൊതിച്ച ഈ ചിത്രത്തിലെ ഒരു പാട്ടു മാത്രമാണത്രേ റെക്കോർഡ് ചെയ്തതെന്ന് അറിയുന്നു .
പിന്നീട് ഈ ചിത്രം മുന്നോട്ടു പോയില്ലെങ്കിലും പി ഭാസ്കരന്റെ അതിസുന്ദരമായ വരികളും വിദ്യാധരൻ മാസ്റ്റർ ആ വരികൾക്ക് പകർന്ന സംഗീതവും യേശുദാസും ചിത്രയും ആലപിച്ച ഗാനങ്ങളുടെ മാധുര്യവും ,ദാമ്പത്യ ജീവിതത്തിന്റെ സുഖദുഃഖങ്ങളും കയ്പ്പും മധുരവും ആത്മദാഹങ്ങളുമെല്ലാം പ്രകടമായ ഈ ഗാനം മലയാള ചലച്ചിത്ര ഗാനരംഗത്ത് ഒരു നാഴികക്കല്ലാണെന്ന് എടുത്തു പറയാതിരിക്കാൻ വയ്യ.

“വിണ്ണിന്റെ വിരിമാറിൽ … ”
(അഷ്ടപദി )
” ചന്ദനം മണക്കുന്ന പൂന്തോട്ടം …”
(അച്ചുവേട്ടന്റെ വീട് )
“താലോലം പൈതൽ … ”
(എഴുതാപ്പുറങ്ങൾ )
“അമ്പലമില്ലാതെ ആൽത്തറയിൽ … ” (പാദമുദ്ര )
“പുഞ്ചവരമ്പത്തൂടെ …”
(ചാമന്റെ കബനി )
തുടങ്ങി എത്രയോ ഗാനങ്ങളിലൂടെ മലയാള ചലച്ചിത്രഗാനശാഖയെ സമ്പന്നമാക്കിയ വിദ്യാധരൻ മാസ്റ്റർ വിവിധ ചിത്രങ്ങളിലായി മുപ്പതോളം ഗാനങ്ങളും പാടിയിട്ടുണ്ട് .
എങ്കിലും ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം.ജയചന്ദ്രൻ ഈണമിട്ട്
പി. ജയചന്ദ്രനും വിദ്യാധരൻ മാസ്റ്ററും ചേർന്ന് ആലപിച്ച
“കഥാവശേഷൻ” എന്ന ചിത്രത്തിലെ

“കണ്ണുനട്ട് കാത്തിരുന്നിട്ടും എന്റെ കരളിന്റെ കരിമ്പ് തോട്ടം കട്ടെടുത്തതാരാണ്..”

എന്ന ഗാനത്തിൻ്റെ ഭാവഗരിമ ഇന്നും സംഗീതപ്രേമികൾ രോമാഞ്ചത്തോടെയാണ് ഓർത്തുവെയ്ക്കുന്നത്.

യാഗം, എന്റെ ഗ്രാമം എന്നീ സിനിമകളിൽ അഭിനേതാവായും പ്രത്യക്ഷപ്പെട്ട അദ്ദേഹത്തിന്റെ
കലാസപര്യ ഇന്നും തുടർന്നു കൊണ്ടേയിരിക്കുന്നു .
സാംസ്ക്കാരിക നഗരത്തിന്റെ ദേവഭൂമിയായ ആറാട്ടുപുഴയിൽ 1945 ഏപ്രിൽ 12 ന് മംഗളാലയത്തിൽ ശങ്കരൻ
തങ്കമ്മ ദമ്പതികളുടെ മകനായി ജനിച്ച വിദ്യാധരൻ മാസ്റ്ററുടെ ജന്മദിനം നാളെയാണ് .
മലയാള ചലച്ചിത്രഭൂമികയ്ക്ക് കനത്ത സംഭാവനകൾ നൽകി ചരിത്രത്തിൽ ഇടം നേടിയ
ഈ സംഗീതപ്രതിഭയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു.