play-sharp-fill
ശംഖ് മുഴങ്ങിയതിന് പിന്നാലെ ആനകള്‍ ഓട്ടം തുടങ്ങി; ഗോപുരവാതില്‍ കടന്ന് ഗോപീകണ്ണൻ കുതിച്ചെത്തി; ഗുരുവായൂര്‍ ആനയോട്ടത്തില്‍ കൊമ്പന്‍ ഗോപീകണ്ണന്‍ ജേതാവ്; ഗോപികണ്ണന്‍  വിജയിയാകുന്നത് ഒൻപതാം തവണ

ശംഖ് മുഴങ്ങിയതിന് പിന്നാലെ ആനകള്‍ ഓട്ടം തുടങ്ങി; ഗോപുരവാതില്‍ കടന്ന് ഗോപീകണ്ണൻ കുതിച്ചെത്തി; ഗുരുവായൂര്‍ ആനയോട്ടത്തില്‍ കൊമ്പന്‍ ഗോപീകണ്ണന്‍ ജേതാവ്; ഗോപികണ്ണന്‍ വിജയിയാകുന്നത് ഒൻപതാം തവണ

തൃശൂര്‍: പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടത്തില്‍ കൊമ്പന്‍ ഗോപീകണ്ണന്‍ ജേതാവായി.

ഇതോടെ ഒൻപതാം തവണയാണ് ഗോപികണ്ണന്‍ ആനയോട്ടത്തില്‍ വിജയിയാകുന്നത്.
ക്ഷേത്രനാഴികമണി മുന്നടിച്ചതോടെ പാരമ്പര്യ അവകാശികളായ കണ്ടിയൂര്‍ പട്ടത്ത് വാസുദേവന്‍ നമ്പീശന്‍ അവകാശിയായ മാതേപ്പാട്ട് നമ്പ്യാര്‍ക്ക് കുടമണികള്‍ കൈമാറി. പിന്നീട് മണികള്‍ പാപ്പാന്മാര്‍ക്ക് കൈമാറിയതോടെ അവര്‍ മഞ്ജുളാല്‍വരെ ഓടിയെത്തി കുടമണികള്‍ ആനകളെ അണിയിച്ചു.

കാര്‍ത്തിക് ജെ. മാരാര്‍ ശംഖ് മുഴക്കിയതോടെ ആനകള്‍ ഓട്ടം തുടങ്ങി. തുടക്കത്തിലേ ഗോപീകണ്ണനായിരുന്നു മുന്നില്‍. കുതിച്ചെത്തി ഗോപുര വാതില്‍ കടന്ന് ക്ഷേത്രത്തിനകത്തോക്ക് പ്രവേശിച്ചതോടെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആചാരപ്രകാരം ക്ഷേത്രത്തിനകത്ത് ഏഴ് പ്രദക്ഷിണം പൂര്‍ത്തിയാക്കിയ ഗോപീകണ്ണനെ പാരമ്പര്യ അവകാശിയായ ചൊവ്വല്ലൂര്‍ നാരായണന്‍ വാര്യര്‍ ക്ഷേത്രത്തിനകത്ത് നിറപറയും നിലവിളക്കും ഒരുക്കി സ്വീകരിച്ചു. 10 ആനകളാണ് ഇത്തവണ ആനയോട്ട ചടങ്ങില്‍ പങ്കെടുത്തത്. ഇതില്‍ മൂന്നാനകളാണ് ഓടി മത്സരിച്ചത്. കരുതലായി നിര്‍ത്തിയിരുന്ന പിടിയാന ദേവി രണ്ടാമതും കൊമ്പന്‍ രവികൃഷ്ണന്‍ മൂന്നാമതുമെത്തി.

വിജയിയായ ഗോപീകണ്ണന്‍ മാത്രമാണ് ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത്. ബാക്കിയുള്ള ആനകള്‍ ക്ഷേത്രത്തിനു മുന്നിലെത്തി ഗുരുവായൂരപ്പനെ വണങ്ങി തിരിച്ചുപോയി. 2003, 2004, 2009, 2010, 2016, 2017ലും ഗോപീകണ്ണന്‍ തന്നെയാണ് വിജയിയായത്.