വീട്ടില്‍ പ്രസവത്തിനിടെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് ; പ്രസവത്തിന് നല്‍കിയത് അക്യുപങ്ചര്‍ ചികിത്സ, ആരോഗ്യപ്രവര്‍ത്തകരോട് തട്ടിക്കയറി ഭര്‍ത്താവ്; യുവതിയുടെ മരണത്തില്‍ എഫ്‌ഐആര്‍ പുറത്ത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവത്തിനിടെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രസവവുമായി ബന്ധപ്പെട്ട് യുവതിക്ക് നല്‍കിയത് അക്യുപങ്ചര്‍ ചികിത്സയാണെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആധുനിക ചികിത്സ സ്വീകരിക്കാതെ അക്യുപങ്ചര്‍ ചികിത്സ തേടിയത്. യുവതിയെ ചികിത്സിച്ചത് ബീമാപള്ളിയില്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബ് ആണെന്നും എഫ്‌ഐആറില്‍ പറയുന്നു.
പാലക്കാട് സ്വദേശി ഷെമീറ ബീവിയും കുഞ്ഞുമാണ് ഇന്നലെ മരിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. വീട്ടില്‍ വച്ച് പ്രസവം എടുക്കുന്നതിനിടെ രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുഞ്ഞിനെ പൂര്‍ണമായി പുറത്തെടുക്കാനും കഴിഞ്ഞിരുന്നില്ല. ആശുപത്രിയിലെത്തുമ്പോഴേയ്ക്കും അമ്മയും കുഞ്ഞും മരിച്ചതായും പൊലീസ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷെമീറ ബീവിയുടെ മുന്‍പത്തെ രണ്ടു പ്രസവവും സിസേറിയന്‍ ആയിരുന്നു. മൂന്നാമതും ഗര്‍ഭിണിയായപ്പോള്‍ ആധുനിക ചികിത്സ വേണ്ടായെന്ന് ഭര്‍ത്താവ് നയാസ് തീരുമാനിക്കുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. കഴിഞ്ഞ എട്ടുമാസമായി കാരയ്ക്കാമണ്ഡപത്ത് വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്.
ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് ആരോഗ്യപരിപാലനത്തിന്റെ ഭാഗമായി ആശാവര്‍ക്കര്‍മാര്‍ വീട്ടിലെത്തിയപ്പോള്‍ നയാസ് അവരോട് തട്ടിക്കയറിയതായും പൊലീസ് പറയുന്നു. ഭാര്യയ്ക്ക് ആധുനിക ചികിത്സ നല്‍കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും നയാസ് അത് ചെവിക്കൊണ്ടില്ലെന്നും പൊലീസ് പറയുന്നു.
ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയാണ് പ്രസവം എടുക്കാന്‍ ആരംഭിച്ചത്. വൈകിട്ട് 5.30 വരെ കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമം തുടര്‍ന്നു. പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്നും പൊലീസ് പറയുന്നു.