ഒത്തുതീർപ്പിനുള്ള കേന്ദ്ര നിർദ്ദേശം തള്ളി കർഷക സംഘടനകള്‍ ; സർക്കാരിന്റെ നിർദ്ദേശത്തില്‍ ആശ്വസിക്കാനൊന്നുമില്ലെന്ന് സംയുക്ത കിസാൻ മോര്‍ച്ച നേതാക്കള്‍ നിലപാടെടുത്തു
ദില്ലി: ഒത്തുതീര്‍പ്പിനുള്ള കേന്ദ്ര നിര്‍ദ്ദേശം സംയുക്ത കിസാൻ മോര്‍ച്ച തള്ളി നീക്കി. അഞ്ച് വിളകള്‍ക്ക് താങ്ങുവില നല്‍കി അടുത്ത അഞ്ച് വര്‍ഷം സംഭരിക്കാമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഈ സാഹചര്യത്തില്‍ ബുധനാഴ്ച ദില്ലി ചലോ മാർച്ച് തുടങ്ങുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കുന്നു.
ചർച്ചയില്‍ പറയുന്ന കാര്യമല്ല കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ പറയുന്നതെന്ന് കർഷക സംഘടന നേതാവ് ജഗ്‌ജിത് സിംഗ് ദല്ലേവാള്‍ പറഞ്ഞു. കർഷകരോട് കാണിക്കുന്നത് അനീതിയാണ്. ബുധനാഴ്ച 11 മണിക്ക് ദില്ലി മാർച്ച് പുനരാരംഭിക്കും. സമാധാനപരമായ സമരത്തിന് സർക്കാർ അനുവദിക്കണമെന്ന് സർവൻ സിങ് പാന്തറും ആവശ്യപ്പെട്ടു.
കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തില്‍ മോദി സർക്കാരിന് 2021-ല്‍ പഞ്ചാബിലെയും,ഹരിയാനയിലേയും, പടിഞ്ഞാറൻ ഉത്തർപ്രദേശിലെയും കർഷകർ കാർഷിക നിയമങ്ങള്‍ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിന് മുന്നില്‍ മാത്രമാണ് മുട്ടുമടക്കേണ്ടി വേണ്ടത്. അന്ന് 40-ന് മുകളില്‍ വരുന്ന കർഷക സംഘടനകള്‍ ചേർന്ന് രൂപീകരിച്ച സംയുക്ത കിസാൻ മോർച്ചയാണ് സമരം നടത്തിയത്. ഇപ്പോള്‍ ഈ 40 സംഘടനകളില്‍ ഒരു വിഭാഗം കർഷകർ മാത്രം ചേർന്ന് രൂപീകരിച്ച സംയുക്ത കിസാൻ മോർച്ച (അരാഷ്ട്രീയ വിഭാഗം) ആണ് സമരം നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒൻപത് ആവശ്യങ്ങള്‍ മുൻനിർത്തിയാണ് ഇപ്പോഴത്തെ സമരം. എല്ലാ കാർഷിക വിളകള്‍ക്കും താങ്ങ് വില പ്രഖ്യാപിച്ചു കൊണ്ടുള്ള നിയമനിർമ്മാണമാണ് പ്രധാന ആവശ്യം. നിലവില്‍ 22 കാർഷിക വിളകള്‍ക്കാണ് കേന്ദ്ര സർക്കാർ താങ്ങ് വില പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയിലെ പൊതു വിതരണ ശൃംഖലയിലേക്കാണ് സർക്കാർ താങ്ങ് വില നല്‍കി വാങ്ങുന്ന വിളകള്‍ പോകുന്നത്. വിളകളുടെ ആഗോള വില പരിഗണിക്കുമ്ബോള്‍ എല്ലാ വിളകള്‍ക്കും താങ്ങുവില പ്രായോഗികമല്ലെന്നാണ് സർക്കാർ വാദം.
കാർഷിക കടങ്ങള്‍ എഴുതി തള്ളണമെന്ന ആവശ്യമാണ് മറ്റൊന്ന്. എംഎസ് സ്വാമിനാഥൻ കമ്മീഷന്റെ നിർദ്ദേശങ്ങളില്‍ കാർഷിക കടങ്ങള്‍ എഴുതി തള്ളാനുള്ള നിർദ്ദേശമുണ്ടെന്നും സമരക്കാർ വാദിക്കുന്നു. സ്വാതന്ത്ര വ്യാപര കരാറുകളില്‍ നിന്നും ഇന്ത്യ പുറത്തുവരണമെന്നും നിലവില്‍ വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകള്‍ അവസാനിപ്പിക്കണമെന്നുമാണ് കർഷകരുടെ മൂന്നാമത്തെ ആവശ്യം. എല്ലാ കാർഷിക ഉത്പന്നങ്ങളുടെയും ഇറക്കുമതി തീരുവ വർധിപ്പിച്ചാല്‍ ഇന്ത്യയില്‍ ഉത്പാദിക്കുന്ന വിളകള്‍ക്ക് വില സ്ഥിരത ഉറപ്പാകുമെന്നും കർഷകർ കരുതുന്നു
വൈദ്യൂതി ബോർഡുകള്‍ സ്വകാര്യവത്കരിക്കരുത്, കൃഷിയും ചില്ലറ വ്യാപരവും ചെറുകിട സംരംഭകർക്കായി സംവരണം ചെയ്യണം, കാർഷിക മേഖലയിലെ കോർപ്പറേറ്റ് വല്‍ക്കരണം അവസാനിപ്പിക്കണം, കര്‍ഷക പെന്‍ഷന്‍ പ്രതിമാസം അയ്യായിരം രൂപയായി വര്‍ധിപ്പിക്കണം,
സമരവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ എടുത്ത കേസുകള്‍ പിൻവലിക്കണം, ലഖിംപൂർ ഖേരിയില്‍ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കണം എന്നിവയാണ് സമരം ചെയ്യുന്നവരുടെ മറ്റ് ആവശ്യങ്ങള്‍.