മലരിക്കൽ ടൂറിസം മേള ജനു:26 – ന് തുടങ്ങും: നാടൻ ഭക്ഷണം, നാടൻപാട്ട് ആഘോഷത്തിനായി മലരിക്കൽ ഗ്രാമംഒരുങ്ങി.
സ്വന്തം ലേഖകൻ
കോട്ടയം: മലരിക്കൽ ടൂറിസം മേളയ്ക്ക് 26 – ന് തിരി തെളിയും. കോട്ടയം ജില്ലയിലെ തിരുവാർപ്പ് പഞ്ചായത്തിലെ കാഞ്ഞിരത്തിനടുത്താണ് മലരിക്കൽ എന്ന പ്രകൃതി രമണീയമായ സ്ഥലം.
മീനച്ചിലാർ – മീനന്തറയാർ -കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മലരിക്കൽ ജല ടൂറിസം കേന്ദ്രത്തിൽ ഈ വർഷത്തെ ടൂറിസം മേള ജനുവരി 26 ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അജയൻ കെ. മേനോൻ അദ്ധ്യക്ഷത വഹിക്കും. നദീ പുനർ സംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ ആ മുഖപ്രസംഗം നടത്തും.
ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ച് യന്ത്രം ഘടിപ്പിച്ച വള്ളങ്ങളുടെ ജല ഘോഷയാത്രയും ചെറുവള്ളങ്ങളുടെ മത്സര വള്ളംകളി 27 നും വടം വലി മത്സരം 28നും നടക്കും. കുറത്തിയാട്ടം, ഗാനമാലിക, നാടൻപാട്ട്, നൃത്തനൃത്യങ്ങൾ, തിരുവാതിര കൈകൊട്ടികളി തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറും. മലരിക്കൽ ആമ്പൽ പാടത്തിനു മേലെയുള്ള സൂര്യാസ്തമയക്കാഴ്ച വളരെയേറെ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. മലരിക്കൽ ടൂറിസം റോഡിൽ മുള ബഞ്ചുകളും മറ്റ് സംവിധാനങ്ങളും സജ്ജീകരിച്ചു കഴിഞ്ഞു. ഭക്ഷണമേളയും മൂന്നു ദിവസങ്ങളിലും രാത്രി പത്തു മണി വരെ നടക്കും.
തോമസ് ചാഴിക്കാടൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിന്ദു തുടങ്ങിയവർ വിവിധ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും. മീനച്ചിലാറിനെപ്പറ്റി പുസ്തക രചന നടത്തിയ തിരുവല്ല മാർത്തോമാ കോളേജിലെ പ്രൊഫസർ ഡോ: ലതാ പി ചെറിയാനെ അഡ്വ.വി.ബി.ബിനു ഉപഹാരം നൽകി ആദരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത്, നദി പുനർ സംയോജന പദ്ധതി ജനകീയ കൂട്ടായ്മ, മലരിക്കൽ ടൂറിസം സൊസൈറ്റി, ജെ. ബ്ലോക്ക് , തിരുവായ്ക്കരി പാടശേഖര സമിതികൾ, കാഞ്ഞിരം, തിരുവാർപ്പ് സ്ർവ്വീസ് സഹകരണ ബാങ്കുകൾ, തിരുവാർപ്പ് മത്സ്യത്തൊഴിലാളി സഹകരണ സംഘം എന്നിവർ ചേർന്നാണു് പരിപാടി സംഘടിപ്പിക്കുന്നത്. ടൂറിസം ഫെസ്റ്റിൻ്റെ ഭാഗമായി ജനുവരി 25 മുതൽ വൈദ്യുതി ദീപാലങ്കാരം ഉണ്ടായിരിക്കും. എല്ലാവരുടേയും സഹകരണം മലരിക്കൽ ടൂറിസം സെക്രട്ടറി വി.കെ.ഷാജിമോൻ വട്ടപ്പള്ളിൽ അഭ്യർത്ഥിച്ചു.