പ്രാണപ്രതിഷ്ഠ 12.29നും 31നും മധ്യേ, മുഹൂര്‍ത്തം 84 സെക്കന്‍ഡ്; വിഗ്രഹത്തില്‍ ജലാഭിഷേകം, അയോധ്യയില്‍ അടക്കം ലക്ഷക്കണക്കിന് മണ്‍ചിരാതുകള്‍ തെളിയും
സ്വന്തം ലേഖകൻ
ലഖ്നൗ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ 11.30ന് തുടങ്ങും. അഭിജിത് മുഹൂര്‍ത്തത്തില്‍ ഏറ്റവും വിശേഷപ്പെട്ട സമയമായ ഉച്ചയ്ക്ക് 12:29:08 നും 12:30: 32 നും ഇടയിലാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുക. വെറും 84 സെക്കന്‍ഡിനുള്ളിലാണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കുക. എല്ലാ ദിവസവും ഉച്ചയോടെയാണ് അഭിജിത് മുഹൂര്‍ത്തം. അഭിജിത് മുഹൂര്‍ത്തത്തിലെ 84 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന ഏറ്റവും ശുഭകരമായ സമയമാണ് പ്രതിഷ്ഠാ ചടങ്ങിനുള്ള ഏറ്റവും നല്ല ഗ്രഹസ്ഥാനമായി പുരോഹിതര്‍ കണക്കാക്കിയിരിക്കുന്നതെന്ന് വേദ പണ്ഡിതര്‍ പറയുന്നു. അഭിജിത് മുഹൂര്‍ത്തം രാവിലെ 11.51ന് ആരംഭിച്ച് 12.33 വരെ തുടരും.
പ്രതിഷ്ഠാ ചടങ്ങിന്റെ മുഖ്യയജമാനന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഇത് ചരിത്ര മുഹൂര്‍ത്തമെന്ന് മോദി എക്സില്‍ കുറിച്ചു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഇന്ത്യയുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും സമ്പന്നമാക്കുമെന്നും മോദി പറഞ്ഞു. ഒരാഴ്ച നീണ്ട അനുഷ്ഠാനങ്ങളുടെ ഭാഗമായി ഇന്നലെ ശയ്യാധിവാസത്തിനു കിടത്തിയ രാമ വിഗ്രഹത്തെ ഉണര്‍ത്താനുള്ള ജാഗരണ അധിവാസം ഇന്നു പുലര്‍ച്ചയോടെ തുടങ്ങി. രാവിലെ ജലാഭിഷേകവും നടന്നു. വിവിധ നദികളില്‍നിന്നും പുണ്യസ്ഥലങ്ങളില്‍നിന്നും ശേഖരിച്ച 114 കലശങ്ങളില്‍ നിറച്ച ജലംകൊണ്ടാണ് ഞായറാഴ്ച വിഗ്രഹത്തിന്റെ സ്നാനം നടത്തിയത്. കണ്ണുകള്‍മൂടിയ നിലയിലുള്ള ബാലരാമവിഗ്രഹം പ്രാണപ്രതിഷ്ഠയ്ക്കുശേഷമാണ് മിഴിതുറക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൈസൂരുവിലെ ശില്പി അരുണ്‍ യോഗിരാജ് കൃഷ്ണശിലയില്‍ തീര്‍ത്ത 51 ഇഞ്ച് വിഗ്രഹമാണ് പ്രതിഷ്ഠ. 5 വയസുള്ള ബാലനായ രാമന്റെ വിഗ്രഹമാണിത്. ഇതോടൊപ്പം ഇതുവരെ താല്‍ക്കാലിക ക്ഷേത്രത്തില്‍ ആരാധിച്ചിരുന്ന രാംല്ല വിഗ്രഹമടക്കമുള്ളവയും പ്രതിഷ്ഠിച്ചിട്ടുണ്ട്. നാളെ മുതലാണ് പൊതുജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കുന്നത്. പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി രാവിലെ മുതല്‍ തന്നെ ക്ഷേത്രത്തിലേക്ക് പ്രത്യേക ക്ഷണിതാക്കള്‍ എത്തിത്തുടങ്ങി. കനത്ത സുരക്ഷാ വലയത്തിലാണ് ക്ഷേത്രപരിസരം.
380×250 അടിയുള്ള ക്ഷേത്രം പരമ്പരാഗത ഉത്തരേന്ത്യന്‍ നാഗര ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ 392 തൂണുകളിലും 44 വാതിലുകളിലും ചുവരുകളിലും ദേവീദേവന്മാരുടെ കൊത്തുപണികളുണ്ട്. സമുച്ചയത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്താണ് കുബേര്‍ തില സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിനടുത്തായി ഒരു കിണര്‍ ഉണ്ട്. ഏറെ പഴക്കമുള്ളതാണ് ഈ കിണര്‍ എന്ന് വിശ്വസിക്കപ്പെടുന്നു.
രാമക്ഷേത്രത്തിന്റെ കവാടങ്ങളും പ്രധാനവീഥികളും പുഷ്പാലംകൃതമാക്കിയിട്ടുണ്ട്. പരിസരങ്ങളിലായി മഹാരാഷ്ട്രയില്‍നിന്നെത്തിച്ച 7500 പൂച്ചെടികള്‍ നട്ടു. നഗരവീഥികളിലെങ്ങും കൊട്ടും പാട്ടും കലാപരിപാടികളും അരങ്ങേറുന്നുണ്ട്. തിങ്കളാഴ്ച പ്രാണപ്രതിഷ്ഠയ്ക്കുമുമ്പ് രാജ്യത്തെ 50 പരമ്പരാഗത സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചുള്ള മംഗളധ്വനി അരങ്ങേറും. തിങ്കളാഴ്ച വൈകീട്ട് അയോധ്യയിലെ വിവിധ ക്ഷേത്രങ്ങളിലായി പത്തുലക്ഷം മണ്‍ചിരാതുകളില്‍ തിരിതെളിയും. ഡല്‍ഹി ഉള്‍പ്പെടെ മറ്റു സ്ഥലങ്ങളിലും സമാനമായ രീതിയില്‍ മണ്‍ചിരാതുകള്‍ കത്തിക്കുന്നുണ്ട്. അയോധ്യ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് പ്രത്യേക പൂജകളും നടക്കും.