ഇന്ത്യയിലെ ഏറ്റവും വലിയ വിൽപ്പനച്ചരക്കാണ് ശ്രീരാമൻ ; ശ്രീരാമന്റെ പേര് ഉച്ചരിച്ചില്ലെങ്കിൽ, പരസ്പരം കാണുമ്പോൾ ‘ജയ് ശ്രീറാം’ എന്നു പറഞ്ഞ് അഭിവാദ്യം ചെയ്തില്ലെങ്കിൽ, അവരെ കുത്തിക്കൊല്ലുന്ന നാടാണിത് ; തെരഞ്ഞെടുപ്പ് സമയത്തെ ഏറ്റവും വലിയ തുറുപ്പു ചീട്ട് രാമന്റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കും : ടി പത്മനാഭൻ
സ്വന്തം ലേഖകൻ
കണ്ണൂർ: ഇന്ത്യയിലെ ഏറ്റവും വലിയ വിൽപ്പനച്ചരക്ക് ശ്രീരാമന്റെ പേര് ആയിരിക്കുമെന്ന് കഥാകൃത്ത് ടി പത്മനാഭൻ. പാർലമെന്റ് തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ തുറുപ്പുചീട്ട് ശ്രീരാമന്റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുസ്തക പ്രകാശനം നിർവഹിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വിൽപ്പന ചരക്ക്, വെച്ച ഉടനെ വിറ്റുപോകുന്നത് അത് ശ്രീരാമന്റെ പേരാണ്. ശ്രീരാമന്റെ പേര് ഉച്ചരിച്ചില്ലെങ്കിൽ, പരസ്പരം കാണുമ്പോൾ ‘ജയ് ശ്രീറാം’ എന്നു പറഞ്ഞ് അഭിവാദ്യം ചെയ്തില്ലെങ്കിൽ, അവരെ കുത്തിക്കൊല്ലുന്ന നാടാണിത്. അതു സംഭവിച്ചിട്ടുണ്ട്. വർധിക്കാനാണ് എല്ലാ സാധ്യതയുള്ളത്. പാർലമന്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കും. ആ സമയത്ത് ഏറ്റവും വലിയ തുറുപ്പു ചീട്ട് രാമന്റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കും. യാതൊരു സംശയവുമില്ല. എം.എ.ബേബിയൊക്കെ വളരെ വളരെ സൂക്ഷിച്ചു കൊള്ളുക. ഈ തുറുപ്പുചീട്ട് വച്ചായിരിക്കും അവരുടെ കളി. എന്താണ് സംഭവിക്കുക എന്ന് ഞാൻ പറയുന്നില്ല. – ടി പത്മനാഭൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയോധ്യയിലെ പ്രാണ പ്രതിഷ്ഠയ്ക്കായി കേരളത്തിൽനിന്നു പോയ പ്രമുഖ പിടി ഉഷയാണെന്നും അവർ ഏത് രാമായണമാണ് വായിച്ചതെന്ന് തനിക്ക് അറിയില്ലെന്നും പത്മനാഭൻ പറഞ്ഞു. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയ്ക്കായി കേരളത്തിൽനിന്നു പോയ പ്രമുഖ ഓട്ടക്കാരി പി.ടി.ഉഷയാണ്. ഏതൊക്കെ ശ്രീരാമനെ പറ്റിയാണു ഉഷ വായിച്ചിട്ടുള്ളത്, ഏതൊക്കെ തുഞ്ചത്തെഴുത്തച്ഛന്മാരുടെ അധ്യാത്മ രാമായണങ്ങളാണു വായിച്ചത് എന്നെനിക്കറിയില്ല. എന്റെ അറിവിൽ ഏറ്റവും വലിയ രാമഭക്തൻ ഒരാളേയുള്ളു. പേര് ഗാന്ധി. ആ സാധുമനുഷ്യൻ ജീവിതത്തിൽ ഒറ്റ സിനിമയേ കണ്ടിട്ടുള്ളൂ. വിജയ്ഭട്ടിന്റെ രാമരാജ്യം. അതിനു കാരണം അത് രാമന്റെ സിനിമയായതുകൊണ്ടാണ്. അന്ത്യശ്വാസം വലിക്കുമ്പോൾ അദ്ദേഹം 2 വാക്കുകൾ മാത്രമേ ഉച്ചരിച്ചുള്ളു: ഹേ റാം, ഹേ റാം.- പത്മനാഭൻ കൂട്ടിച്ചേർത്തു.