കേരളത്തിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മുങ്ങിമരിച്ചത് ആറ് കുട്ടികൾ ; കായംകുളത്തും തൃശൂരും തീരാനൊമ്പരം മായും മുൻപേ മലപ്പുറത്തും കണ്ണീർ വാർത്ത
സ്വന്തം ലേഖകൻ
മലപ്പുറം:തൃശൂരിൽ പാറക്കുളത്തിൽ വീണ് സഹോദരിമാർ മുങ്ങി മരിച്ചെന്ന വാർത്തയുടെ വേദനക്ക് പിന്നാലെ മലപ്പുറത്ത് നിന്നും കണ്ണീർ വാർത്ത. മലപ്പുറം തവനൂരിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളാണ് മുങ്ങിമരിച്ചത്. കോഴിക്കോട് സ്വദേശികളായ അശ്വിൻ (11), ആയൂർ രാജ് (13) എന്നിവരാണ് തവനൂരിൽ മരിച്ചത്. പുഴയിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അതേസമയം മണിക്കൂറുകളുടെ വ്യത്യാസത്തിൽ കേരളത്തിൽ ആറ് കുട്ടികളാണ് മുങ്ങിമരിച്ചത്. ഇന്നലെ കായകുളത്താണ് ആദ്യം രണ്ട് കുട്ടികൾ മുങ്ങിമരിച്ചത്. പത്തിയൂർ ഇടശ്ശേരി കണ്ടത്തിൽ പറമ്പിൽ സൽമാൻ (16), പത്തിയൂർ ഇടശ്ശേരി കല്ലുപുര വീട്ടിൽ തുളസിയുടെ മകൻ തുഷാർ (15) എന്നിവരാണ് കായംകുളത്ത് മുങ്ങി മരിച്ചത്. പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂൾ വിദ്യാർത്ഥികളായിരുന്നു ഇരുവരും. സ്കൂളിൽ പരീക്ഷ കഴിഞ്ഞ് കുളത്തിൽ കുളിക്കാൻ എത്തിയപ്പോളാണ് അപകടം സംഭവിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് വൈകിട്ടോടെയാണ് വേദനിപ്പിക്കുന്ന രണ്ടാമത്തെ വാർത്ത എത്തിയത്. തൃശൂരിലെ പാറകുളത്തിൽ വീണാണ് സഹോദരിമാർ മുങ്ങി മരിച്ചത്. കുന്നംകുളം പന്തല്ലൂർ പാറക്കുളത്തിലാണ് സഹോദരിമാരായ രണ്ടു പേർ മുങ്ങി മരിച്ചത്. സഹോദരിമാരായ ഇരുവരും പിതാവിനൊപ്പം കാലു കഴുകാൻ കുളത്തിലിറങ്ങിയപ്പോൾ അപകടത്തിൽ പെടുകയായിരുന്നു. ഹസ്നത് (13), മഷീദ (9) എന്നിവരാണ് മരിച്ചത്.
ക്ഷേത്ര കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് സ്കൂൾ വിദ്യാർത്ഥിൾ മുങ്ങി മരിച്ചതിന്റെ വേദനയിലാണ് ഇപ്പോഴും കായംകുളത്തുകാർ. കായംകുളം പത്തിയൂർ പഞ്ചായത്ത് ഗവ: ഹൈസ്കൂളിലെ 10 -ാം ക്ലാസ്സ് വിദ്യാർത്ഥികളായ സൽമാൻ (15), തുഷാർ (15) എന്നിവരാണ് ഇന്നലെ ഇവിടെ മുങ്ങി മരിച്ചത്. ഓട്ടോറിക്ഷ തൊഴിലാളിയായ പത്തിയൂർ പടിഞ്ഞാറ് കണ്ടത്തിൽ പറമ്പിൽ നൗഷാദിന്റെയും ഷംലയുടെയും മകൻ ആണ് സൽമാൻ, ഇളയ സഹോദരി സെൽമ പത്തിയൂർ ഹൈസ്കൂകൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
പത്തിയൂർക്കാല കല്ലുപുരയിൽ തെക്കതിൽ തുളസിധരന്റെയും ഗംഗാമ്മയുടെയും ഇളയ മകനാണ് തുഷാർ. മൂത്ത സഹോദരി തുഷാര വിവാഹിതയാണ്. പത്തിയൂരിന് സമീപമുള്ള കണ്ണമംഗലം ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. ഇന്നലെ ഉച്ചക്ക് 12 മണിയോടെ സ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞ് മറ്റൊരു വീട്ടിൽ ട്യൂഷൻ പഠിക്കാൻ പോകുകയായിരുന്നു. എന്നാൽ കുട്ടികൾ ട്യൂഷനു പോകാതെ ഇവരുടെ സുഹൃത്തുക്കളായ 10 കുട്ടികളോടൊപ്പം ക്ഷേത്ര കുളത്തിൽ കുളിക്കാൻ പോകുകയായിരുന്നു. മരിച്ച രണ്ടു കുട്ടികളും ആഴത്തിലുളള കയത്തിൽ അകപ്പെട്ടു രക്ഷപ്പെടുത്താൻ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മാവേലിക്കര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.