‘നടന്നത് വന്‍ ഗൂഡാലോചന, പിന്നില്‍ ഡയറ്റിലെ മറ്റൊരു അധ്യാപിക’, തിരുവല്ലയിൽ വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി അധ്യാപിക മിലീന ജെയിംസ്
പത്തനംതിട്ട: തിരുവല്ല ഡയറ്റിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തതിന് പിന്നാലെ സസ്പെന്‍ഷനിലായ അധ്യാപിക ഗുരുതര ആരോപണങ്ങളുമായി രംഗത്ത്.
തന്നെ കുടുക്കാന്‍ വന്‍ ഗൂഢാലോചനയാണ് നടന്നതെന്ന് സസ്പെന്‍ഷനിലായ അധ്യാപിക മിലീന ജെയിംസ് പറഞ്ഞു. കോളേജിലെ മറ്റൊരു അധ്യാപികയുടെ നേതൃത്വത്തില്‍ വന്‍ ഗൂഢാലോചന നടന്നുവെന്ന് മിലീന ആരോപിച്ചു.
വിദ്യാർത്ഥികളെ കോപ്പി അടിക്കാൻ സഹായിച്ച അദ്ധ്യാപികയാണവർ. ഉത്തരസൂചിക നല്കി അവർ പരീക്ഷ നടത്തി. ഇക്കാര്യങ്ങളെല്ലാം കണ്ടുപിടിച്ച് വിദ്യാഭ്യാസ വകുപ്പിനെ താൻ അറിയിച്ചു. അതില്‍ വിജിലൻസ് അന്വേഷണം നടക്കാനിരിക്കെയാണ് ഇപ്പോഴത്തെ നാടകം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിയെ അദ്ധ്യാപിക ബലിയാടാക്കുകയായിരുന്നു. കുട്ടികളെ ഉപയോഗിച്ച് തനിക്കെതിരെ വ്യക്തിവൈരാഗ്യം തീർക്കുന്നു ആത്മഹത്യക്ക് ശ്രമിച്ച രണ്ടാം വർഷ വിദ്യാർത്ഥിയെ താൻ പഠിപ്പിക്കുന്നില്ല. ആത്മഹത്യാശ്രമം നടന്നോ എന്ന് തന്നെ കൃത്യമായി അന്വേഷിക്കണം. അധ്യാപികയുടെയും വിദ്യാർത്ഥികളുടെയും ഫോണ്‍ കോളുകള്‍, വാട്സ്ആപ്പ് ചാറ്റുകള്‍ പരിശോധിക്കണം.
മാനസികമായി പീഡിപ്പിച്ചെന്ന വിദ്യാർത്ഥിയുടെ മൊഴിയില്‍ മലയാളം വിഭാഗം അധ്യാപികയായ മിലീന ജയിംസ് ന് എതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് ചുമത്തി കേസ് എടുത്തിരുന്നു. തുടര്‍ന്ന് ഇതിനുപിന്നാലെ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.
അധ്യാപികയ്ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എസ്എഫ്ഐ യുണിറ്റ് സെക്രട്ടറി കൂടിയായ രണ്ടാം വർഷ വിദ്യാർത്ഥി അക്ഷയ് ആണ് ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസ് കേസെടുത്തതിനാല്‍ നിലവില്‍ ഒളിവിലാണ് മിലീന ജെയിംസ്.