play-sharp-fill
കുസാറ്റ് അപകടം;അന്വേഷണങ്ങളുടെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം,സംഭവത്തിന്റ പേരില്‍ ആരേയും കുറ്റപ്പെടുത്താന്‍ കോടതിക്കാവില്ല.സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കോടതിചൂണ്ടികാട്ടി.

കുസാറ്റ് അപകടം;അന്വേഷണങ്ങളുടെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം,സംഭവത്തിന്റ പേരില്‍ ആരേയും കുറ്റപ്പെടുത്താന്‍ കോടതിക്കാവില്ല.സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കോടതിചൂണ്ടികാട്ടി.

സ്വന്തം ലേഖിക

കൊച്ചി:കുസാറ്റില്‍ കഴിഞ്ഞമാസം 25ന് സംഗീത നിശക്കിടെ ഉണ്ടായ അപകടത്തില്‍ വിദ്യാര്‍ഥികള്‍ മരണപ്പെട്ട സംഭവത്തില്‍ നിലവില്‍ നടക്കുന്ന അന്വേഷണങ്ങളുടെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം.ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‌റെ ഉത്തരവ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് കുസാറ്റില്‍ നടന്നത്. വിലപ്പെട്ട ജീവനുകളാണ് നഷ്ടമായത്. മരിച്ചവരുടെ കുടുംബത്തിന്‌റേത് നികത്താനാവാത്ത നഷ്ടമാണ്.കേരളത്തില്‍ ഇത്തരം സംഭവം മുന്‍പുണ്ടായിട്ടില്ല. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ അത്യാവശ്യമാണ്. സംഭവത്തിന്റ പേരില്‍ ആരേയും കുറ്റപ്പെടുത്താന്‍ കോടതിക്കാവില്ല. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കോടതിചൂണ്ടികാട്ടി.


കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷി സേവ്യര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കുറ്റക്കാരായ സര്‍വകലാശാല രജിസ്ട്രാര്‍, യൂത്ത് വെല്‍ഫെയര്‍ ഡയറക്ടര്‍, സെക്യൂരിറ്റി ഓഫീസര്‍ എന്നിവര്‍ക്കെതിരെ ഇതുവരെ നടപടി ഉണ്ടായിട്ടില്ലന്നാരോപിച്ചാണ് ഹര്‍ജി. കേരളത്തിലെ സര്‍വകലാശാല ക്യാമ്ബസില്‍ ആദ്യമായിട്ടാണ് തിക്കിലും തിരക്കിലും പെട്ടുള്ള മരണം സംഭവിക്കുന്നത്.അതിനാല്‍ ഗൗരവത്തോടെ ഇക്കാര്യത്തില്‍ സര്‍ക്കാരിനും നിയമസഭയ്ക്കും വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും വേണമന്നാണ് ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് പ്രിന്‍സിപ്പലിന്റെ സുരക്ഷ ആവശ്യപ്പെട്ടുള്ള കത്ത് സര്‍വകലാശാല അധികൃതര്‍ അവഗണിച്ചത് ദുരന്തത്തിന് ആക്കം കൂട്ടി. ദുരന്തശേഷം അദ്ദേഹത്തെ ബലിയാടാക്കി സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നത് സിന്‍ഡിക്കേറ്റ് ഉപസമിതിയിലെ ഭരണകക്ഷിയുടെ രാഷ്ട്രീയ സ്വാധീനത്തിന്‌റെ ഫലമാണ്. 2015 ലെ തിരുവനന്തപുരം സിഎടി എഞ്ചിനീയറിങ് കോളേജ് ഓണാഘോഷത്തിനിടെ ജീപ്പ് അപകടം സംബന്ധിച്ച്‌ ഹൈക്കോടതി വിധിന്യായത്തില്‍ സര്‍വകലാശാലകള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളെ പറ്റി പറയുന്നുണ്ട്. ഇത് കുസാറ്റ് അധികൃതര്‍ പാലിച്ചില്ലെന്നുമാണ് ആരോപണം.

കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെയാണ് നവംബര്‍ 25ന് അപകടമുണ്ടായത്. ഗായിക നിഖിത ഗാന്ധിയുടെ സംഗീതനിശയ്ക്കിടെ മഴ പെയ്യുകയും ആളുകള്‍ വേദിയിലേക്ക് ഇരച്ചുകയറുകയുമായിരുന്നു. തിക്കിലും തിരക്കിലും പെട്ട് മൂന്ന് വിദ്യാര്‍ഥികളുള്‍പ്പടെ നാല് പേര്‍ മരണപ്പെട്ടിരുന്നു. ശ്വാസം മുട്ടിയാണ് നാല് പേരും മരിച്ചതെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.അപകടത്തിന് പിന്നാലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പല്‍ ഡോ. ദീപക് കുമാര്‍ സാഹുവിലെ സ്ഥാനത്തുനിന്ന് നീക്കിയതായി വൈസ് ചാന്‍സലന്‍ ഡോ. പി ജി ശങ്കരന്‍ അറിയിച്ചിരുന്നു. അന്വേഷണത്തിനായി സിന്‍ഡിക്കേറ്റ് മൂന്നംഗ സമിതിയെ നിയോഗിച്ച പശ്ചാത്തലത്തിലായിരുന്നു നടപടി. അന്വേഷണ കാലയളവില്‍ സ്ഥാനത്തുനിന്ന് മാറി നില്‍ക്കാന്‍ സിന്‍ഡിക്കേറ്റ് ആവശ്യപ്പെടുകയായിരുന്നു.

കെ കെ കൃഷ്ണകുമാര്‍, ഡോ ശശിഗോപാലന്‍, ഡോ ലാലി എന്നിവരാണ് അന്വേഷണ സമിതിയിലുള്ളത്. വെള്ളിയായാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അപകടത്തിന്റെ കാരണം മാത്രമല്ല, ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്നത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങളും അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. നിലവില്‍ പോലീസിന്റേയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റേയും നേതൃത്വത്തില്‍ സമാന്തരമായി രണ്ട് അന്വേഷണങ്ങളും നടക്കുന്നുണ്ട്.അതേസമയം, അപകടം വിശദമായി പരിശോധിച്ച്‌ അടിയന്തര റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. സുരക്ഷാ വീഴ്ച അടക്കം പരിശോധിക്കണമെന്നു നിര്‍ദേശിച്ച്‌ ആലുവ റൂറല്‍ എസ്പിക്കും കൊച്ചി സര്‍വകലാശാലാ രജിസ്ട്രാര്‍ക്കും കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നോട്ടീസയച്ചിരുന്നു.

ഒറ്റ വാതില്‍ മാത്രമാണ് ഹാളിനകത്തേക്ക് കയറാന്‍ ഉണ്ടായിരുന്നത്. 2500 പേര്‍ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയത്തില്‍ ഒരു വാതില്‍ മാത്രം ഉണ്ടായത് പിഴവാണ്. പോലീസിന്റെ സുരക്ഷ ഉണ്ടായിരുന്നില്ല. ഭാവിയില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗിന്നസ് മാടസാമി ആവശ്യപ്പെട്ടിരുന്നു.