ഡെലിവറി ബോയിയെ മര്‍ദിച്ച് അവശനാക്കിയ ശേഷം സാധനങ്ങളുമായി മുങ്ങി; നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് പൊലീസ് പിടിയിൽ
സ്വന്തം ലേഖിക
തിരുവനന്തപുരം: ഡെലിവറി ബോയിയെ മര്‍ദിച്ച് അവശനാക്കിയശേഷം ഡെലിവറി സാധനങ്ങളുമായി മുങ്ങിയ പ്രതി പിടിയില്‍.
കഠിനംകുളം മുണ്ടൻചിറ മണക്കാട്ടില്‍ വീട്ടില്‍ വിഷ്ണുവിനെയാണ് (തമ്പുരു 24) കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓണ്‍ലൈൻ വഴി ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനിടെയാണ് ഡെലിവറി ബോയിയെ മര്‍ദിച്ച് സാധനങ്ങളുമായി കടന്നത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ വിഷ്ണു.
സംഭവം നടന്നത് കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുണ്ടൻചിറ പള്ളിക്ക് മുന്നില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ചിറയിൻകീഴ് ശാര്‍ക്കര സ്വദേശി ശരത്ത് ഓണ്‍ലൈൻ സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നതിനായി പോകുന്നതിനിടെ വിഷ്ണു ബൈക്ക് തടഞ്ഞ് നിര്‍ത്തിയശേഷം അസഭ്യം വിളിച്ചു.
തുടര്‍ന്ന് ശരത്തിന്റെ മുഖത്ത് ഇടിച്ചശേഷം വിഷ്ണു ഡെലിവറി ബാഗില്‍ നിന്ന് സാധനങ്ങള്‍ എടുക്കാൻ ശ്രമിച്ചു. തുടര്‍ന്ന് ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ എടുക്കാന്‍ ശ്രമിച്ചത് ശരത് തടഞ്ഞു.
ഇതോടെ ബൈക്കില്‍ നിന്ന് ശരത്തിനെ ചവിട്ടി താഴെയിട്ട പ്രതി ഇയാളെ വീണ്ടും മര്‍ദ്ദിച്ച ശേഷം ഡെലിവറി ബാഗുമായി കടക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് കഠിനംകുളം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതിയെ പിടികൂടിയത്. പിടിയിലായ വിഷ്ണു പോക്സോ കേസുള്‍പ്പെടെ 16 ഓളം കേസുകളില്‍ പ്രതിയാണ് എന്ന് കഠിനംകുളം പൊലീസ് പറഞ്ഞു.