ഫാഷൻ ഗോള്‍ഡ് തട്ടിപ്പ് കേസിൽ നടൻ അഡ്വ. ഷുക്കൂർ ഉള്‍പ്പെടെ നാലു പേർക്കെതിരെ കേസ് ; കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ പരാതിക്കാരനായ മുഹമ്മദ് കുഞ്ഞിയെ ഉള്‍പ്പെടുത്താന്‍ വ്യാജ രേഖ ഉണ്ടാക്കിയെന്ന് കേസ്
സ്വന്തം ലേഖകൻ
കാസര്‍കോട്: കാഞ്ഞങ്ങാട് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസ് പ്രതിയുടെ ഹര്‍ജിയില്‍ മുന്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. ഷുക്കൂര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരേ കേസെടുത്തു. ഖമര്‍ ഫാഷന്‍ ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറെന്ന നിലയില്‍ തനിക്കെതിരേ വ്യാജരേഖ ചമച്ചുവെന്ന കളനാട് കട്ടക്കാല്‍ ന്യൂ വൈറ്റ് ഹൗസില്‍ എസ്.കെ. മുഹമ്മദ് കുഞ്ഞി(78)യുടെ ഹര്‍ജിയില്‍ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്) കോടതി മേല്‍പ്പറമ്പ് പോലീസിന് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മേല്പറമ്പ സി.ഐ. ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ ടി.കെ. പൂക്കോയ തങ്ങള്‍, മകന്‍ അഞ്ചരപ്പാട്ടില്‍ ഇഷാം, സി. ഷുക്കൂര്‍, സ്ഥാപനത്തിന്റെ സെക്രട്ടറി സന്ദീപ് സതീഷ് എന്നിവരെ ഒന്നുമുതല്‍ നാലുവരെ പ്രതികളാക്കാനാണ് മജിസ്ട്രേറ്റ് ബാലു ദിനേഷ് പോലീസിന് നല്‍കിയിരുന്ന നിര്‍ദേശം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിക്ഷേപത്തട്ടിപ്പ് കേസിലെ 11-ാം പ്രതിയാണ് മുഹമ്മദ്കുഞ്ഞി. ഡയരക്ടറാക്കിയത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നാണ് ഇദ്ദേഹം ഹര്‍ജിയില്‍ ബോധിപ്പിച്ചത്.മുന്‍ എം.എല്‍.എ.യും മുസ്ലിംലീഗ് നേതാവുമായ എം.സി. ഖമറുദ്ദീനും പൂക്കോയ തങ്ങളും ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായ കേസന്വേഷിച്ചത് ക്രൈംബ്രാഞ്ചാണ്.
പൂക്കോയ തങ്ങളും മകനും ആവശ്യപ്പെട്ടതനുസരിച്ച് സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചിരുന്നുവെന്നും എന്നാല്‍ ഡയറക്ടറാക്കിയത് അറിഞ്ഞില്ലെന്നും മുഹമ്മദ് കുഞ്ഞിയുടെ ഹര്‍ജിയിലുണ്ടായിരുന്നു.