play-sharp-fill
ഡോ. വന്ദന ദാസിന്‍റെ കൊലപാതകം: ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു..! തീരുമാനങ്ങള്‍ നടപ്പാക്കും വരെ വിഐപി ഡ്യൂട്ടി ചെയ്യില്ല..!

ഡോ. വന്ദന ദാസിന്‍റെ കൊലപാതകം: ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു..! തീരുമാനങ്ങള്‍ നടപ്പാക്കും വരെ വിഐപി ഡ്യൂട്ടി ചെയ്യില്ല..!

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഡോ. വന്ദനയുടെ കൊലപാതകത്തെ തുടർന്ന് പ്രഖ്യാപിച്ച സമരം തുടരില്ലെന്ന് സർക്കാർ ഡോക്ടർമാർ. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേഗദതി വരുത്തുമെന്നു മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിക്കാനനുള്ള തീരുമാനമെന്ന് സർക്കാർ ഡോക്ടർമാർ പറഞ്ഞു.

തീരുമാനങ്ങൾ നടപ്പാകും വരെ വിഐപി ഡ്യൂട്ടി ചെയ്യില്ലെന്നും കെജിഎംഒഎ നേതാക്കൾ അറിയിച്ചു.അതേസമയം, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ നിയമ ഭേദഗതി സംബന്ധിച്ച ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കും. കൊട്ടാരക്കരയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമം കൂടുതൽ കർശനമായി നടപ്പാക്കുന്നതു മുൻനിർത്തിയാണ് ഇതിൽ ആവശ്യമായ ഭേദഗതി വരുത്തുക. നിലവിലുള്ള നിയമത്തിൽ ആരോഗ്യ സ്ഥാപനങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നീ നിർവചനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ, ശിക്ഷകൾ തുടങ്ങിയവയിൽ കാലാനുസൃതമായ ഭേദഗതി കൊണ്ടുവരും.

ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവർ ഇതു സംബന്ധിച്ച ചർച്ചകൾ നടത്തി ഭേദഗതി നിർദേശങ്ങൾ മന്ത്രിസഭാ യോഗത്തിനു മുൻപാകെ സമർപ്പിക്കണം. കേരള ആരോഗ്യ സർവകലാശാല, ആരോഗ്യപ്രവർത്തകരുടെ സംഘടനകൾ തുടങ്ങിയവരുമായും ചർച്ചകൾ നടത്തും. ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർഥികളുടെ സംഘടനകൾ സർക്കാരിനു
നൽകിയിട്ടുള്ള നിവേദനങ്ങളും നിർദേശങ്ങളും പരിഗണിക്കും.

ആരോഗ്യപ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച് ആരോഗ്യ വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.