ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വനിത ഓഫീസറെയും കൗൺസിലറെയും വളർത്തു പട്ടിയെ വിട്ട് കടിപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ; ആക്രമണത്തിൽ ഉദ്യോഗസ്ഥയുടെ കാലിൽ നായയുടെ കടിയേറ്റു; പത്ത് മിനിറ്റ് നേരം പട്ടിയുമായി മൽപ്പിടുത്തം നടത്തേണ്ടി വന്നുവെന്നും ഉദ്യോഗസ്ഥ പരാതിയിൽ പറയുന്നു
സ്വന്തം ലേഖകൻ
വയനാട് : ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വനിത ഓഫീസറെയും കൗൺസിലറെയും വളർത്തു പട്ടിയെ വിട്ട് കടിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പരാതിക്കാരിയുടെ ഭർത്താവാണ് ഉദ്യോഗസ്ഥരെ വളർത്തുപട്ടിയെ വിട്ട് കടിപ്പിച്ചത്. വയനാട് ജില്ലാ വനിതസംരക്ഷണ ഓഫീസർ മായ എസ് പണിക്കർ, കൗൺസിലർ നാജിയ ഷിറിൻ എന്നിവരെയാണ് പട്ടി കടിച്ചത്.
മേപ്പാടി തൃക്കൈപ്പറ്റ നെല്ലുമാളം സ്വദേശി ജോസ് വീട്ടിൽ വളർത്തുന്ന നായയെ തുറന്ന് വിട്ട് കടിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പോലീസെത്തി ജോസിനെ കസ്റ്റഡിയിലെടുത്തു. പ്രതിയെ വ്യാഴായ്ച കോടതിയിൽ ഹാജരാക്കുമെന്ന് മേപ്പാടി പോലീസ് അറിയിച്ചു. വിട്ടിൽ സ്ഥിരം പ്രശ്‌നക്കാരനാണ് ജോസെന്നും പോലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആക്രമണത്തിൽ മായയുടെ കാലിലാണ് രണ്ട് കടിയേറ്റത്. പേടിച്ചോടുന്നതിനിടയിൽ നിലത്തുവീണ കൗൺസിലറെ പട്ടി കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ജോസ് നിരന്തരം തന്നെ ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന് കഴിഞ്ഞ മാസം വനിതസംരക്ഷണ ഓഫീസിൽ ഭാര്യ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് പല തവണ ഇയാളെ ഫോണിൽ ബന്ധപ്പെട്ടിട്ടും കോൾ എടുക്കാതെ വന്നതോടെ മായയും നാജിയയും വീട്ടിൽ അന്വേഷണത്തിന്റെ ഭാഗമായി എത്തുകയായിരുന്നു.
പാരതിയുമായി ബന്ധപ്പെട്ട കാര്യത്തിന് എത്തിയതാണെന്ന് പറഞ്ഞപ്പോൾ ജാക്കി പിടിച്ചോടാ എന്ന് പറഞ്ഞു ജോസ് പട്ടിയെ തുറന്ന് വിടുകയായിരുന്നു. പട്ടി നേരെ വന്ന് മായയെ ആക്രമിക്കുകയായിരുന്നു. പത്ത് മിനിറ്റ് നേരം പട്ടിയുമായി മൽപ്പിടുത്തം നടത്തേണ്ടി വന്നെന്ന് മായ പറഞ്ഞു. ആരും രക്ഷിക്കാനില്ലെന്ന അവസ്ഥയായതോടെ നാജിയ ഇവർ വന്ന വാഹനത്തിന്റെ ഡൈവറെ വിളിച്ച് ബഹളം വെയ്‌ക്കുകയായിരുന്നു. ഇതോടെ പട്ടി നാജിയയ്‌ക്ക് നേരെ തിരിയുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പട്ടിയെ ഓടിച്ചുവിട്ടത്. എന്നാൽ പ്രശ്‌നം ഇത്ര രൂക്ഷമായിട്ടും ജോസ് ഇടപെട്ടിരുന്നില്ല.
ഇനി പോലീസിനോട് കാര്യങ്ങൾ പറഞ്ഞാൽ മതിയെന്ന് പറഞ്ഞതോടെയാണ് ജോസ് പട്ടിയെ പിടിക്കാൻ തയാറായത്. നാജിറും മായയും കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.