കോട്ടയം നഗരസഭയിലെ നികുതി കൊള്ളയ്‌ക്കെതിരെ  കൗൺസിൽ യോഗത്തിൽ  പ്രതിപക്ഷം കുത്തിയിരുന്ന്  പ്രതിഷേധിച്ചു ;  മുനിസിപ്പൽ ആക്ടിന് വിരുദ്ധമായി കെട്ടിട ഉടമകളെ പിഴിഞ്ഞ് നഗരസഭ നികുതി പിരിക്കുന്നു

കോട്ടയം നഗരസഭയിലെ നികുതി കൊള്ളയ്‌ക്കെതിരെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം കുത്തിയിരുന്ന് പ്രതിഷേധിച്ചു ; മുനിസിപ്പൽ ആക്ടിന് വിരുദ്ധമായി കെട്ടിട ഉടമകളെ പിഴിഞ്ഞ് നഗരസഭ നികുതി പിരിക്കുന്നു

സ്വന്തം ലേഖകൻ

കോട്ടയം : നഗരസഭയുടെ നികുതി കൊള്ളയ്‌ക്കെതിരെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. കൗൺസിലിൽ കൂടിയാലോചിക്കാതെ നഗരസഭ നികുതി വർധിപ്പിച്ചതിനെതിരെയാണ് പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിലിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയത്. ഇതേ തുടർന്ന് നാളെ അടിയന്തര കൌൺസിൽ ചേരാൻ തീരുമാനിച്ചു.

നഗരസഭയുടെ അനധികൃത നികുതി കൊള്ളയ്‌ക്കെതിരെ വ്യാപകമായി പരാതികൾ ഉയർന്നിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് നഗരസഭ കെട്ടിട നികുതി വർദ്ധിപ്പിച്ചതും അരിയർ തുക ഒന്നാകെ പിരിച്ചെടുക്കുന്നതും 2016 മുതലുള്ള അരിയർ തുക ഒന്നായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർ കെട്ടിട ഉടമകൾക്ക് നോട്ടീസ് നല്കിയതോടെയാണ് നഗരസഭയിൽ നടക്കുന്ന അനധികൃത നികുതി പിരിവ് കെട്ടിട ഉടമകൾക്ക് ബോധ്യപ്പെട്ടത്.

മുൻസിപ്പൽ ആക്ട് പ്രകാരം മൂന്ന് വർഷത്തിൽ കൂടുതലുള്ള അരിയർ തുക പിരിച്ചെടുക്കരുതെന്ന ചട്ടം നിലനിൽക്കെയാണ് ആറ് വർഷത്തെ അരിയർ തുക ഒന്നാകെ പിരിച്ചെടുക്കുന്നത്.

ഇതോടെ 10000 രൂപ മാത്രം നികുതി അടച്ചു കൊണ്ടിരുന്ന കെട്ടിട ഉടമകൾ ഒരു ലക്ഷത്തിന് മുകളിൽ നികുതി അടയ്ക്കേണ്ട ഗതികേടിലായി.

അന്യായമായി അരിയർ തുക പിരിക്കുന്നതിനെതിരെ നഗരത്തിൽ നിരവധി ഷോപ്പിംഗ് കോംപ്ലക്സുകളുള്ള കണ്ടത്തിൽ ഗ്രൂപ്പാണ് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ഹൈക്കോടതി ഹർജിക്കാരന്റെ വാദത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ നികുതി പിരിവ് സ്റ്റേ ചെയ്തു.

ഇതിനു പിന്നാലെ നഗരത്തിലെ മറ്റു കെട്ടിട ഉടമകളും നഗരസഭയുടെ നികുതികൊള്ളയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

എന്നാൽ ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കേ കൂടിയ നിരക്കിലുള്ള നികുതിയാണ് നഗരസഭ ഇപ്പോഴും പിരിക്കുന്നത്. നികുതി അടച്ച രസീത് ഹാജരാക്കിയാൽ മാത്രമേ വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കൂ. ഇതോടെ വ്യാപാരികളും വെട്ടിലായി.