ആധാർ കാർഡ് തിരുത്തലുകൾ മൂന്ന് മാസത്തേക്ക് സൗജന്യം: സൗകര്യമൊരുക്കി യുഐഡിഎഐ; അറിയാം വിശദവിവരങ്ങൾ
സ്വന്തം ലേഖകൻ
ആധാർ കാർഡിൽ ആവശ്യമായ തിരുത്തലുകൾ വരുത്താൻ അവസരമൊരുക്കി യുഐഡിഎഐ. മൂന്നു മാസത്തേക്ക് ആധാർ കാർഡിൽ തിരുത്തലുകൾ വരുത്തുന്നതിനും മറ്റ് അപ്ഡേറ്റുകൾ നടത്തുന്നതിനും ഫീസ് ഈടാക്കേണ്ടതില്ല എന്നാണ് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്.
കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ ഈ നിർദ്ദേശം കണക്കിലെടുത്ത് ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിനൽകാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ( യുഐഡിഎഐ ) ആവശ്യമായ നടപടികൾ സ്വീകരിക്കുകയായിരുന്നു. എന്നാൽ ഓൺലൈൻ വഴി മാത്രമാണ് ആധാറിലെ രേഖകൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം ലഭ്യമാകുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്ത മൂന്ന് മാസത്തേക്ക് ( അതായതത് ജൂൺ 14 വരെ ) ആണ് ഈ സൗജന്യ സേവനം ലഭ്യമാകുക. അതേസമയം ഫിസിക്കൽ ആധാർ കേന്ദ്രങ്ങളിൽ ഏത് അപ്ഡേറ്റുകൾക്കും 50 രൂപ ഫീസ് ഈടാക്കും. ഈ തീരുമാനം ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് സഹായകമാകുമെന്നും അവർ ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നും യുഐഡിഎഐ പ്രതികരിച്ചു.
2009-ൽ നിലവിൽ വന്നതുമുതൽ ആധാർ കാർഡ് ഇന്ത്യയിൽ ഒരു നിർണായക തിരിച്ചറിയൽ രേഖയായി മാറിയിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന 1200-ലേറെ സർക്കാർ പദ്ധതികളുടെയും മറ്റും ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിന് ആധാർ അടിസ്ഥാനമാക്കുന്നുണ്ടെന്ന് സർക്കാർ തന്നെ വ്യക്തമാക്കുന്നുണ്ട്. ഔദ്യോഗിക തിരിച്ചറിയൽ കാർഡ് എന്ന നിലയിൽ ഇന്ന് ആധാർ ആണ് കൂടുതൽ അംഗീകരിക്കപ്പെടുന്നത്.
ഇപ്പോൾ പ്രഖ്യാപിച്ച ഈ സൗജന്യ തിരുത്തലിനും അപ്ഡേറ്റുകൾക്കുമുള്ള അവസരം പ്രയോജനപ്പെടുത്താൻ കൂടുതൽ പേർ മുന്നോട്ടുവരുമെന്നാണ് സർക്കാർ പ്രതീക്ഷ. അതുവഴി ആധാർ കാർഡുകളിൽ കടന്നുകൂടിയിട്ടുള്ള തെറ്റുകൾ ഒരു പരിധിവരെ കുറയ്ക്കാമെന്നും ആധാർ കാർഡുകൾ കൂടുതൽ ആധികാരിക രേഖയായി മാറുമെന്നുമാണ് കേന്ദ്ര സർക്കാരും യുഐഡിഎഐയും കണക്കുകൂട്ടുന്നത്.