play-sharp-fill
ഭരണം നേടാനുള്ള ഭൂരിപക്ഷമുണ്ടായിട്ടും കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടതിൽ എരുമേലി പഞ്ചായത്തിലെ കൂറുമാറ്റം സംബന്ധിച്ച പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ election commission

ഭരണം നേടാനുള്ള ഭൂരിപക്ഷമുണ്ടായിട്ടും കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടതിൽ എരുമേലി പഞ്ചായത്തിലെ കൂറുമാറ്റം സംബന്ധിച്ച പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ election commission

എരുമേലി : ഭരണം നേടാനുള്ള ഭൂരിപക്ഷമുണ്ടായിട്ടും സ്വന്തം പക്ഷത്തെ ഒരു അംഗത്തിന്റെ അസാന്നിധ്യം മൂലം എരുമേലി പഞ്ചായത്തിൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടതിൽ കൂറുമാറ്റം ഉണ്ടെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നടപടികൾ തുടങ്ങി. കഴിഞ്ഞ ദിവസം ഹിയറിങ്ങ് നടന്നു.

മുൻ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഹാജരായി. കേസ് അടുത്ത നവംബർ പത്തിലേക്ക് മാറ്റിവെച്ചെന്ന് കമ്മീഷൻ അറിയിച്ചു. അതേസമയം കൂറ് മാറ്റം ആരോപിച്ച് പാർട്ടി നേതൃത്വം സസ്പെൻഡ് ചെയ്ത അംഗത്തെ പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി വാർഡ് കോൺഗ്രസ്‌ കമ്മറ്റി രംഗത്ത്. ഇതിനെതിരെ യൂത്ത് കോൺഗ്രസ്‌ നേതൃത്വം രംഗത്ത് വന്നതോടെ അംഗത്തെ തിരിച്ചെടുക്കാനുള്ള നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ്.

കോൺഗ്രസ്‌ എരുമേലി മണ്ഡലം നേതൃത്വം നൽകിയ ഹർജിയിൽ തെളിവെടുപ്പിന്റെ ഭാഗമായി ആണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഹിയറിങ്ങ് നടന്നത്. പഞ്ചായത്ത്‌ ഭരണസമിതി പ്രസിഡന്റ് സ്ഥാനത്തേക്ക് നടത്താനിരുന്ന അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ കോൺഗ്രസ്‌ അംഗവും ഇരുമ്പൂന്നിക്കര വാർഡ് അംഗവുമായ പ്രകാശ് പള്ളിക്കൂടം ഹാജരായിരുന്നില്ല. ഇത് കൂറുമാറ്റം ആണെന്ന് ആരോപിച്ചാണ് കോൺഗ്രസ്‌ നേതൃത്വം ഹർജി നൽകിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടി ജില്ലാ നേതൃത്വം വിപ്പ് നൽകിയിരുന്നതാണെന്നും വിട്ടു നിന്നത് വിപ്പ് ലംഘനമാണെന്ന് കണക്കാക്കി അംഗം കൂറ് മാറിയതായി പ്രഖ്യാപിച്ച് അയോഗ്യനാക്കണമെന്നാണ് കോൺഗ്രസ്‌ നേതൃത്വം ആവശ്യപ്പെട്ടിരുന്നത്. വോട്ടെടുപ്പിൽ വിട്ടു നിന്നതിന് അന്നത്തെ കോൺഗ്രസ്‌ കോട്ടയം ജില്ലാ പ്രസിഡന്റ് ജോഷി ഫിലിപ്പ് ആണ് പ്രകാശ് പള്ളിക്കൂടത്തെ സസ്പെൻഡ് ചെയ്തത്. ജില്ലാ പ്രസിഡന്റ് നിർദേശിച്ച പ്രകാരമാണ് പാർട്ടി വിപ്പ് നൽകിയിരുന്നത്.

ഇരുമ്പൂന്നിക്കര വാർഡിൽ നിന്നും പ്രകാശ് പള്ളിക്കൂടം വിജയിച്ചത് നറുക്കെടുപ്പിലൂടെയായിരുന്നു. പ്രധാന എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച ഇടതുപക്ഷ സ്ഥാനാർത്ഥിക്കും കോൺഗ്രസിലെ പ്രകാശ് പള്ളിക്കൂടത്തിനും തുല്യ വോട്ടുകൾ കിട്ടിയതോടെയാണ് നറുക്കെടുപ്പിൽ ഭാഗ്യം തുണച്ച് പ്രകാശ് പള്ളിക്കൂടം വിജയിയായത്.

ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഹർജി ലഭിച്ചെങ്കിലും തള്ളിക്കളയുകയായിരുന്നു. അതേസമയം കോൺഗ്രസ്‌ നേതൃത്വം നൽകിയ ഹർജിയിൽ പ്രകാശ് പള്ളിക്കൂടത്തെ അയോഗ്യനാക്കണമെന്ന നിലപാട് നേതൃത്വം തുടർന്നാൽ ഒരു പക്ഷെ പഞ്ചായത്ത്‌ അംഗത്വം നഷ്‌ടപ്പെടുന്നതിലേക്ക് കാര്യങ്ങൾ എത്താം. അങ്ങനെ സംഭവിച്ചാൽ ഇരുമ്പൂന്നിക്കര വാർഡിൽ ഉപ തെരഞ്ഞെടുപ്പ് നടത്തുകയാണ് പോംവഴി. അതേസമയം ഇരുമ്പൂന്നിക്കര വാർഡിൽ തുല്യ വോട്ട് കിട്ടിയിട്ടും നറുക്കെടുപ്പിൽ ഭാഗ്യം തുണയ്ക്കാഞ്ഞതിനാൽ തോറ്റതായി പ്രഖ്യാപിക്കപ്പെട്ട ഇടതുപക്ഷ സ്ഥാനാർത്ഥിയെ ഇനി വിജയി ആയി പ്രഖ്യാപിക്കത്തില്ലേ എന്നുള്ള ചോദ്യവും പ്രകാശ് പള്ളിക്കൂടം അയോഗ്യനായി മാറിയാൽ ഇനി ഉയർന്നേക്കാം.

തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഇനി നടക്കുന്ന ഹിയറിങ്ങിൽ കോൺഗ്രസ്‌ നേതൃത്വം സ്വീകരിക്കുന്ന നിലപാട് നിർണായകമായി മാറുകയാണ്. പ്രകാശ് പള്ളിക്കൂടം കൂറ് മാറിയതായി പ്രഖ്യാപിക്കുന്നതിനോട് നേതൃത്വത്തിൽ പലരും അനുകൂലമല്ല. പ്രകാശിനെ പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് നേതൃത്വത്തിൽ ആവശ്യം ഉയരുന്നുണ്ടെന്നുള്ളത് പോലെ പുറത്താക്കണമെന്നുള്ള വാദവും ശക്തമാണ്. കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട പ്രകാശ് പള്ളിക്കൂടം കഴിഞ്ഞ ദിവസം നടന്ന ഭാരത് ജോഡോ യാത്രയിൽ വാർഡിലെ പ്രവർത്തകർക്കൊപ്പം പങ്കെടുത്തിരുന്നു.