ഓടുന്ന സ്കൂള്‍ ബസില്‍ നിന്നും വിദ്യാര്‍ത്ഥിനി തെറിച്ചു വീണ സംഭവം: ഡ്രൈവറുടെ ലൈസന്‍സും ബസിൻ്റെ ഫിറ്റ്നസും റദ്ദാക്കും
സ്വന്തം ലേഖിക
കൊച്ചി: ആലുവയില്‍ വിദ്യാര്‍ത്ഥിനി സ്കൂള്‍ ബസില്‍ നിന്ന് തെറിച്ചു വീണ സംഭവത്തില്‍ ഡ്രൈവര്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും വീഴ്ചയെന്ന് മോട്ടോര്‍ വാഹന വകുപ്പിൻ്റെ റിപ്പോര്‍ട്ട്.
ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനും വാഹനത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും മോട്ടോര്‍ വാഹന വകുപ്പ് ശുപാര്‍ശ ചെയ്തു. വാഹനത്തിന്റെ ഡോര്‍ അബദ്ധത്തില്‍ തുറന്നു പോകുന്നത് തടയാനുള്ള സംവിധാനമായ സുരക്ഷാ ഗ്ലാസ് ഷീല്‍ഡ് നഷ്ടമായതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. സ്കൂളിന്റെ കീഴിലുള്ള മറ്റ് ആറു ബസുകളിലും സമാന തകരാര്‍ കണ്ടെത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുരക്ഷ പരിശോധനയില്‍ വ്യക്തമായത് ഡ്രൈവര്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും വീഴ്ച പറ്റിയെന്നാണെന്ന് മോട്ടോര്‍ വാഹനവകുപ്പിൻ്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ആലുവയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ച് വീണ എല്‍കെജി വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടത്.
ബസിന്‍റെ എമര്‍ജന്‍സി വാതിലിലൂടെയാണ് കുട്ടി പുറത്തേക്ക് വീണത്. പരിക്കേറ്റ കുട്ടിയെ സ്കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്ന് കുടുംബം ആരോപിച്ചു. കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ സ്കൂള്‍ ബസ് പിടിച്ചെടുത്ത പൊലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു.
ആലുവ സ്വദേശി യൂസഫിന്റെ മകള്‍ ഫൈസയാണ് അപകടത്തില്‍പ്പെട്ടത്. ആലുവ പെങ്ങാട്ടുശ്ശേരിയിലെ അല്‍ഹിദ് പബ്ലിക് സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയാണ് ഫൈസ. ഇന്നലെ വൈകീട്ട് സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. ഓടിക്കൊണ്ടിരിക്ക ബസിന്‍റെ എമര്‍ജെന്‍സി വാതില്‍ പൊടുന്നനെ തുറന്ന് കുട്ടി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. നാട്ടുകാര്‍ സമയോജിതമായി ഇടപെട്ട് ബസ് നിര്‍ത്തിച്ചതിനാല്‍ വൻ ദുരന്തം വഴിമാറി.