play-sharp-fill
ഇനി മുതല്‍ റോഡുകള്‍ക്കും ആറ് മാസം ‘വാറന്റി’; ഉത്തരവുമായി പൊതുമരാമത്ത് വകുപ്പ്

ഇനി മുതല്‍ റോഡുകള്‍ക്കും ആറ് മാസം ‘വാറന്റി’; ഉത്തരവുമായി പൊതുമരാമത്ത് വകുപ്പ്

സ്വന്തം ലേഖിക

തിരുവനന്തപുരം: നിര്‍മാണം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ റോഡ് തകര്‍ന്നാല്‍ വിജിലന്‍സ് കേസെടുക്കും.

നിര്‍മാണത്തിലെ അപാകതമൂലം റോഡ് പെട്ടന്ന് തകര്‍ന്നാല്‍ കരാറുകാര്‍ക്കും എന്‍ജിനീയര്‍ക്കുമെതിരേയാണ് കേസെടുക്കുക.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച്‌ ഉത്തരവ് ഇറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് റോഡുകള്‍ തകരുകയും അതിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ തകര്‍ന്നാല്‍ ആരും ഉത്തരവാദികളല്ലാത്ത അവസ്ഥ മാറണമെന്നാണ് കോടതി നിര്‍ദേശിച്ചത്. ഇതനുസരിച്ചാണ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ പുതിയ ഉത്തരവ്.

ഉത്തരവ് പ്രകാരം, നിര്‍മാണം പൂര്‍ത്തീകരിച്ച്‌ ആറ് മാസത്തിനകം റോഡ് തകരുകയോ, റോഡില്‍ കുഴികള്‍ രൂപപ്പെടുകയോ ചെയ്താല്‍ കരാറുകാര്‍ക്കെതിരേയും എന്‍ജിനീയര്‍ക്കെതിരേയും വിജിലന്‍സ് കേസെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതാത് കോടതികളില്‍ വിജിലന്‍സ് ഇത് സംബന്ധിച്ച്‌ കേസ് രജിസ്റ്റര്‍ ചെയ്യും. ഒരു വര്‍ഷത്തിനുള്ളിലാണ് റോഡുകള്‍ തകരുന്നതെങ്കില്‍, അവര്‍ക്കെതിരേ അന്വേഷണം നടത്തി മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്.

എന്നാല്‍ മറ്റെന്തെങ്കിലും കാരണത്താലോ, പ്രകൃതി ക്ഷോഭത്താലോ റോഡ് തര്‍ന്നാല്‍ ഇത് നിലനില്‍ക്കുന്നതല്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കടുത്ത മഴമൂലമോ പ്രകൃതി ദുരന്തമോ മൂലം റോഡ് തകര്‍ന്നാല്‍ കരാറുകാരോ, എന്‍ജിനീയറോ ഉത്തരാവാദികളായിരിക്കില്ല. ഇക്കാര്യത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും നടപടി സ്വീകരിക്കുക.