യാതൊരു സുരക്ഷയുമില്ലാതെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം; 400 പേരുടെ സുരക്ഷയ്ക്ക് 8 ജീവനക്കാര്‍ മാത്രം
സ്വന്തം ലേഖിക
കോഴിക്കോട്: യാതൊരു സുരക്ഷയുമില്ലാതെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയമനം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം അഞ്ച് മാസം കഴിഞ്ഞിട്ടും നടപ്പായിട്ടില്ല.
400 തടവുകാരുടെ സുരക്ഷയ്ക്കായി എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്. ഇവരാരും സ്ഥിരം ജീവനക്കാരല്ല. റിമാന്‍ഡ് തടവുകാര്‍ക്ക് ആരാണ് സുരക്ഷ നല്‍കുക എന്നതിനെച്ചൊല്ലിയും തര്‍ക്കമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ച് മാസം മുമ്ബ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സുരക്ഷ ഉറപ്പാക്കാന്‍ ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. ഇതില്‍ ഏറ്റവും പ്രധാനം 24 സുരക്ഷാ ഉദ്യോഗസ്ഥരെ ഉടനടി നിയമിക്കുക എന്നതായിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം നിയമനം ലഭിച്ച നാല് താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ എട്ട് ജീവനക്കാര്‍ മാത്രമാണുള്ളത്. 41 തടവുകാര്‍ ഉള്‍പ്പെടെ 404 അന്തേവാസികളുള്ള സ്ഥാപനത്തില്‍ എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്.
സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം, അക്രമാസക്തരായ ആളുകളെ പരിപാലിക്കാന്‍ പ്രത്യേക വൈദഗ്ധ്യമുള്ള ആളുകള്‍ അങ്ങനെ എല്ലാ തീരുമാനങ്ങളും ഇപ്പോഴും കടലാസിലാണ്. റിമാന്‍ഡ് തടവുകാരായ അന്തേവാസികളുടെ സുരക്ഷ ആര്‍ക്കാണെന്ന ചോദ്യമാണ് മറ്റൊരു പ്രശ്നം. തടവുകാര്‍ക്കായി എട്ട് പോലീസുകാരുണ്ട്.
അവരുടെ ഗാര്‍ഡ് റൂം ഫോറന്‍സിക് വാര്ഡിനടുത്തല്ല. പ്രതികളായതിനാല്‍ അവരുടെ സുരക്ഷ പൊലീസിന്റെ ഉത്തരവാദിത്തമാണെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇവരെ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചാല്‍ സുരക്ഷ ഒരുക്കേണ്ടത് ആശുപത്രി അധികൃതരാണെന്നാണ് പൊലീസ് പറയുന്നത്.