play-sharp-fill
എരുമേലിയിൽ ഇടതുപക്ഷത്ത് ഭിന്നത രൂക്ഷം ; സിപിഐ നേതാക്കൾ പാർട്ടി വിട്ട്  സിപിഐഎമ്മിൽ ചേർന്നു

എരുമേലിയിൽ ഇടതുപക്ഷത്ത് ഭിന്നത രൂക്ഷം ; സിപിഐ നേതാക്കൾ പാർട്ടി വിട്ട് സിപിഐഎമ്മിൽ ചേർന്നു

എരുമേലി :എരുമേലി പഞ്ചായത്ത്‌ ഭരണത്തിൽ സിപിഐഎം – സിപിഐ ഭിന്നതക്ക് പിന്നാലെ സിപിഐ യിൽ കൊഴിഞ്ഞുപോക്ക്. മുൻ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരുൾപ്പടെയുള്ളവർ സിപിഐഎമ്മിൽ ചേർന്നു.

അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് ഇടതുപക്ഷ മുന്നണിയിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതിന് പകരം അനൈക്യം സൃഷ്ടിക്കുന്ന നിലയിലുള്ള സിപിഐ ലോക്കൽ കമ്മറ്റി നേതൃത്വത്തിന്റെ നിലപാട് ആണ് പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്ന് മുൻ ലോക്കൽ സെക്രട്ടറി പി എം ഇർഷാദ് പറഞ്ഞു.

സിപിഐയിൽ നിന്ന് രാജി വെച്ച് സിപിഎമ്മിൽ ചേർന്നവർക്ക് സിപിഎം നേതാക്കൾ സ്വീകരണം നൽകി. സിപിഎമ്മിൽ ചേർന്നവരെ പഞ്ചായത്ത്‌ പ്രസിഡന്റും സിപിഐഎം ജില്ലാ കമ്മറ്റി അംഗവുമായ തങ്കമ്മ ജോർജ്കുട്ടി മാലയിട്ട് സ്വീകരിച്ചു. യോഗത്തിൽ സിപിഎം ലോക്കൽ സെക്രട്ടറിയും ഗ്രാമ പഞ്ചായത്തംഗവുമായ വി ഐ അജി അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഐഎം നേതാവും ബ്ളോക്ക് പഞ്ചായത്തംഗവുമായ ടി എസ് കൃഷ്ണകുമാർ, മുൻ ബ്ളോക്ക് പഞ്ചായത്തംഗം പി കെ അബ്ദുൽ കരീം, ഗ്രാമപഞ്ചായത്തംഗം ഷാനവാസ്‌ പുത്തൻവീട് തുടങ്ങിയവർ സംസാരിച്ചു. സിപിഐ മുൻ ലോക്കൽ സെക്രട്ടറി പി എം ഇർഷാദ്, എഐടിയുസി കൺവീനർ എസ് ബാബു, നേർച്ചപ്പാറ, ഒഴക്കനാട്, ശ്രീനിപുരം ബ്രാഞ്ച് സെക്രട്ടറിമാരായ സാബു, രേണുക രാജൻ, സഫിയ ജലാൽ, സിപിഐ പാർട്ടി അംഗങ്ങളായ നിർമല പുതുപ്പറമ്പിൽ, നൂർജി പാറയ്ക്കൽ, സുൽഫി, ജലാൽ, പെണ്ണമ്മ, അഭിമന്യു, ഒ എ റഹീം, അനൂപ് പുതുപ്പറമ്പിൽ എന്നിവരാണ് സിപിഐ ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേർന്നത്.

പഞ്ചായത്ത്‌ ഭരണത്തിൽ സിപിഐ യുടെ ഏക പ്രതിനിധിയും പാർട്ടി ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ അനിശ്രീ സാബു ഭരണകക്ഷിയായ സിപിഎമ്മിനോട് ഇടയുകയും പഞ്ചായത്ത്‌ കമ്മറ്റിയിൽ ഇവരും സിപിഎം അംഗങ്ങളും തമ്മിൽ രൂക്ഷമായ വാക്കേറ്റവും കഴിഞ്ഞയിടെ ഉണ്ടായിരുന്നു. സിപിഎമ്മുകാർ മർദ്ദിച്ചെന്ന് ആരോപിച്ച് സിപിഐ യുടെ ഡ്രൈവേഴ്‌സ് യൂണിയൻ ഭാരവാഹി ആശുപത്രിയിൽ ചികിത്സ തേടുകയും പോലീസിൽ പരാതി നൽകുകയും മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ യുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും പ്രകടനവും കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐ യിൽ നിന്നും രാജിവെച്ച് മുൻ ലോക്കൽ സെക്രട്ടറി ഉൾപ്പടെയുള്ളവർ സിപിഎഐമ്മിൽ ചേർന്നിരിക്കുന്നത്.

മുണ്ടക്കയം, എരുമേലി ,കൂട്ടിക്കൽ മേഖലകൾ കേന്ദ്രീകരിച്ച് സിപിഐ നേതാക്കൻമാർ പാറമട മാഫിയകൾക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്നും ,റവന്യൂ വകുപ്പിനെ ഉപയോഗിച്ച് ജനപ്രതിനിധിയായ ജില്ലാ നേതാവും ഇയാളുടെ സുഹൃത്തുകളായ കൂട്ടാളികളും പണംസമ്പാദനം നടത്തുന്നു എന്ന ആരോപണവും ശക്തമാണ്, വരും ദിവസങ്ങളിൽ മലയോര മേഖലയിൽ .കൂടുതൽ പൊട്ടിതെറികൾ സി പി ഐ യിൽ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.