മുണ്ടക്കയം ടി ആര് ആന്‍ഡ് ടി എസ്റ്റേറ്റിൽ പുലിക്കു പിന്നാലെ കാട്ടാന ശല്യവും രൂക്ഷം ;കാട്ടാനകള്‍ കൂട്ടമായി വീട്ടുപടിക്കൽ എത്തുന്നത് പകലെന്നോ, രാത്രിയെന്നോ വ്യത്യാസമില്ലാതെ ; തൊഴിലാളികള്‍ ഭീതിയില്‍
സ്വന്തം ലേഖിക
മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിലെ ടി ആര് ആന്‍ഡ് ടി എസ്റ്റേറ്റിലെ വനാതിര്‍ത്തി മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായി. ഏതാനും മാസങ്ങളായി പുലിയുടെ ആക്രമണം പതിവായതിന് പിന്നാലെയാണ് കാട്ടാനകളും കൂട്ടമായി ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്. ചെന്നാപ്പാറ, ഇഡികെ പ്രദേശങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്.
പകലെന്നോ, രാത്രിയെന്നോ വ്യത്യാസമില്ലാതെ കാട്ടാനകള്‍ കൂട്ടമായി വീടുകളുടെ പടിക്കല്‍വരെ എത്താന്‍ തുടങ്ങിയതോടെ ഭീതിയോടെയാണ് പ്രദേശവാസികള്‍ കഴിയുന്നത്. എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങള്‍ക്ക് സമീപംവരെ കാട്ടാനക്കൂട്ടം എത്തിയതോടെ പുലര്‍ച്ചെ ടാപ്പിംഗ് ജോലിക്ക് പോകുവാന്വരെ തൊഴിലാളികള്‍ക്ക് ഭയമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമല വനാതിര്‍ത്തി പ്രദേശമായ മേഖലയിലെ കര്‍ഷകരുടെ കപ്പ, വാഴ, റബര്‍, തെങ്ങ് അടക്കമുള്ള കൃഷി വ്യാപകമായാണ് കാട്ടാനക്കൂട്ടം നശിപ്പിക്കുന്നത്. തൊഴിലാളികള്‍ പാട്ടകൊട്ടിയും ശബ്ദമുണ്ടാക്കിയും ആനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിട്ടാലും രണ്ടു ദിവസത്തിനുശേഷം ഇവ വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണ് പതിവ്.
വനപാലകരെ വിവരമറിയിച്ചാലും ഇവരെത്തി ആനകളെ കാട്ടിലേക്ക് തുരത്തി ദിവസങ്ങള്‍ പിന്നിടുന്പോള്‍ ഇവ വീണ്ടും തിരികെയെത്തും. ജനവാസ മേഖലയില്‍നിന്നു കാട്ടാനക്കൂട്ടത്തെ തുരത്തി ശബരിമല ഉള്‍വനത്തില്‍ വിടണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതിനൊന്നും വനംവകുപ്പ് തയാറാകാറില്ല.
ഏതാനും മാസങ്ങളായി തുടരുന്ന പുലിപ്പേടിക്ക് പിന്നാലെയാണ് കാട്ടാനക്കൂട്ടവും എത്തിയിരിക്കുന്നത്. പുലിയുടെ ആക്രമണത്തില്‍ നിരവധി വളര്‍ത്തുമൃഗങ്ങള്‍ കടിച്ചുകൊന്ന നിലയില്‍ കാണപ്പെട്ടിരുന്നു. തൊഴിലാളികള്‍ പുലിയുടെ മുന്നില്‍ അകപ്പെട്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവവുമുണ്ടായി.
ഇതോടെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പുലിയെ പിടികൂടുവാന്‍ നിരവധി തവണ ശ്രമം നടത്തിയെങ്കിലും ഇതെല്ലാം പാഴായി.
കാട്ടാന കൂട്ടംകൂടി എത്തുന്നതോടെ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് തൊഴിലാളികുടുംബങ്ങള്‍. വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാന്‍ സോളാര്‍വേലി അടക്കമുള്ള സംവിധാനങ്ങള്‍ സ്ഥാപിച്ച് തൊഴിലാളികള്‍ക്ക് സുരക്ഷ ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.