സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടുക്കി, കണ്ണൂർ ജില്ലകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത.
ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ കിട്ടും. കച്ചിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി നിലനില്‍ക്കുന്ന ന്യുന മര്‍ദ്ദവും, ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെയുള്ള ന്യുന മര്‍ദ്ദ പാത്തിയുമാണ് മഴ തുടരാന്‍ കാരണം.
വടക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴിയുമുണ്ട്. അറബിക്കടലില്‍ നിന്നുള്ള കാലവർഷ കാറ്റും സജീവമാണ്. ശക്തമായ , ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉള്ളതിനാല്‍ തീര്‍ദേശവാസികള്‍ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. മലയോരമേഖലകളിലും പ്രത്യേക ജാഗ്രത വേണം.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കിയിലും കണ്ണൂരും ഇന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ല. കണ്ണൂരില്‍ സ്കൂളുകള്‍ക്ക് മാത്രമാണ് അവധി. കോളേജുകള്‍ക്ക് അവധി ബാധകമല്ല. എംജി സര്‍വകലാശാല ഇന്ന് നടത്താന്‍ തീരുമാനിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്.