നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ജഡ്ജിയ്ക്കെതിരെ നല്കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി
സ്വന്തം ലേഖിക
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതി ജഡ്ജിയ്ക്കെതിരെ നല്കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി.
നേരത്തേ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരുന്ന കൗസര്‍ എടപ്പഗത്തിന്റെ ഓഫീസില്‍ നിന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന സംശയം അതിജീവിത പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണക്കോടതി ജഡ്ജിക്കെതിരായ ഹര്‍ജിയില്‍ നിന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തേ അതിജീവിത നല്കിയ ഹര്‍ജിയില്‍ നിന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയിരുന്നു. തുടരന്വേഷണം സര്‍ക്കാര്‍ തന്നെ ഇടപെട്ട് അട്ടിമറിക്കുന്നു, വിചാരണക്കോടതിക്കെതിരെ പരിശോധന വേണം, സാക്ഷികളെ സ്വാധീനിച്ച ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യണം, ദൃശ്യങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് വ്യക്തത വരുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അതീജീവിത അന്ന് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നതിലെ ആശങ്ക അതിജീവിത തന്നെ രജിസ്ട്രിയെ അറിയിച്ചിരുന്നു.
എന്നാല്‍ ഇത്തരം ഹര്‍ജികള്‍ പരിഗണിക്കേണ്ടത് ജസ്റ്റിസ് കൗസര്‍ തന്നെയായതിനാല്‍ രജിസ്ട്രി അദ്ദേഹത്തിന്റെ ബെഞ്ചിന്റെ പരിഗണന്ക്കായി മാറ്റുകയും ചെയ്തു.
പിന്നീട് ഹര്‍ജി പരിഗണിച്ചയുടനെ ബെഞ്ച് മാറ്റാമെന്ന ആവശ്യം അതിജീവിതയുടെ അഭിഭാഷക ഉന്നയിച്ചു. തൊട്ടുപിന്നാലെയാണ് പിന്മാറുന്നതായി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അറിയിച്ചത്.
നേരത്തെ കേസന്വേഷിക്കുന്ന പൊലീസ് സംഘം ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഹര്‍ജി കേള്‍ക്കരുതെന്ന ആവശ്യം അതിജീവിത ഉന്നയിച്ചത്. ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ചാണ് ഹര്‍ജി ഇപ്പോള്‍ പരിഗണിക്കുന്നത്.