സില്‍വര്‍ ലൈന്‍: കേന്ദ്ര അനുമതി നിര്‍ബന്ധം; അതില്ലാതെ മുന്നോട്ട് പോകാനാവില്ലെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖിക
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര അനുമതി നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
വിളപ്പില്‍ശാലയില്‍ വികസന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചാലെ മുന്നോട്ട് പോകാനാകൂ. എന്നാല്‍ ഇവിടെ ബിജെപി സമരം ചെയ്യുമ്പോള്‍ അവര്‍ മടിച്ച് നില്ക്കും. രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തില്‍ നമ്മള് നിശബ്ദരാകരുത്. എന്താണോ അവരുടെ ഉദ്ദേശം അത് തുറന്ന് കാട്ടാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാം നേടിയെടുക്കലല്ല, ശരിയായ കാര്യങ്ങള്‍ നേടിയെടുക്കുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് തങ്ങള്‍ക്ക് ദോഷം ചെയ്യുമോയെന്ന് പ്രതിപക്ഷത്തിന് ഭയമുണ്ട്. പ്രതിപക്ഷത്തിന് സങ്കുചിത നിലപാടാണ്. രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തില്‍ നമ്മള് നിശ്ശബ്ദരാകരുത്. എന്താണോ അവരുടെ ഉദ്ദേശം അത് തുറന്ന് കാട്ടാനാകണം. നമ്മുടെ വികസന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതല്ല കേന്ദ്ര നിലപാട്.
ജനജീവിതം മെച്ചപ്പെടുത്തുന്ന കാര്യങ്ങളെ ജനം അംഗീകരിക്കൂ. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നവര്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ട്. വന്‍കിട പദ്ധതിക്കായുള്ള സ്ഥലത്തില്‍ നിന്ന്, മൂന്ന് സെന്റ് സ്ഥലം മറ്റൊരാവശ്യത്തിനായി ആവശ്യപ്പെട്ട കൗൺസിലറെ ഉത്തമനായ സഖാവ് എന്ന വിശേഷണത്തോടെയായിരുന്നു മുഖ്യമന്ത്രി പരാമര്‍ശിച്ചത്. ഒന്നും നമ്മുടെ കെയര്‍ ഓഫില്‍ വേണ്ടട്ടോയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വകാര്യ നിക്ഷേപത്തിന് വരുന്നവരെ ശത്രുവായി കാണരുതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ വലതുപക്ഷ ശക്തികള്‍ വര്‍ഗീയ, ജാതീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. ഇതിനെ നല്ല രീതിയില്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനാകണം. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ വിപുലപ്പെടുത്തും.
ഭരണത്തുടര്‍ച്ചയ്ക്ക് പ്രത്യേകതകളുണ്ട്. അതിന് രണ്ട് വശങ്ങളുമുണ്ട്. അവിടെയാണ് പാര്‍ട്ടിയുടെ ഇടപെടലിന് പ്രാധാന്യം വരുന്നത്. തുടര്‍ച്ചയായി ഭരണം ലഭിച്ച രാജ്യത്തും ലോകത്തെയും ചില അനുഭവങ്ങള്‍ ഗൗരവമായി കണക്കിലെടുക്കണം. അത് ഈ സാഹചര്യത്തെ നേരിടുന്നതിന് സഹായിക്കും. വിപ്ലവാനന്തരം ലോകത്തിന് മാതൃകയായി അധികാരം കൈയ്യാളിയ സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം പാര്‍ട്ടിയുടെ 14ാം കോണ്‍ഗ്രസ് അതിനെ വ്യക്തമാക്കിയ കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. ജനങ്ങളുടെ പുതിയ ആവശ്യങ്ങളെ മനസിലാക്കി ഇടപെടുക, അവരുടെ ജീവിതം നിരന്തരം നവീകരിച്ച് മുന്നോട്ട് പോവുക എന്നതൊക്കെയായിരുന്നു.
സര്‍ക്കാരിനെ സംബന്ധിച്ച് ഇത് വളരെ പ്രധാനമാണ്. ഇക്കാര്യത്തില്‍ സോവിയറ്റ് യൂണിയനില്‍ പോലും പോരായ്മയുണ്ടായി. അത് തിരിച്ചടിയുടെ ഒരു കാരണമായി വിലയിരുത്തുകയും ചെയ്തതാണ്.
തുടര്‍ ഭരണം കിട്ടിയ സാഹചര്യത്തില്‍ ജനജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതുണ്ട്. ജനതാത്പര്യം സംരക്ഷിക്കാനാണ് എപ്പോഴും നിലകൊണ്ടത്. ജനജീവിതം നവീകരിക്കുക, ഓരോ ഘട്ടത്തിലും നവീകരിക്കും, അതിന് ഊന്നല്‍ നല്‍കണം. ഇതിന് വേണ്ട പദ്ധതികള്‍ തയ്യാറാക്കണം. ഇടതുമുന്നണി എന്ത് പറയുമെന്ന് പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനം അതിന് അംഗീകാരം നല്കി. അഞ്ച് വര്‍ഷത്തെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടത് ബാധ്യതയാണ്. തുടര്‍ഭരണം ജനം നല്കിയ പിന്തുണയാണ്.