ശമ്പളവിതരണത്തിലെ പ്രശ്നം; കെഎസ്ആര്‍ടിസി സിഎംഡിയുടെ ഓഫീസിന് മുന്നില്‍ സമരത്തിന് സിഐടിയു; ചര്‍ച്ച ബഹിഷ്കരിച്ച് യൂണിയനുകള്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: ശമ്പള വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കെഎസ്ആര്‍ടിസി സിഎംഡി വിളിച്ചുചേര്‍ത്ത യോഗം തൊഴിലാളി യൂണിയനുകള്‍ ബഹിഷ്കരിച്ചു.
സിഎംഡി ബിജു പ്രഭാകര്‍ വിളിച്ച യോഗത്തില്‍ നിന്നും സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനാപ്രതിനിധികള്‍ ഇറങ്ങിപ്പോയി.
കെഎസ്ആര്‍ടിസിയില്‍ ശമ്പളം എന്ന് നല്കാന് സാധിക്കുമെന്ന് കോര്പറേഷന് ഇതുവരെ പറയാനായിരുന്നില്ല. ഇതിനിടെയാണ് ഇന്ന് യോഗം വിളിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സര്‍ക്കാരില്‍ നിന്ന് പണംവാങ്ങിത്തന്നാല്‍ ശമ്പളം തരാമെന്ന് സിഎംഡി പറഞ്ഞതായും ഇത് ധിക്കാരമാണെന്നും സിഐടിയു ആരോപിച്ചു. ടിക്കറ്റ് മെഷീന് വാങ്ങിയതില്‍ വലിയ അഴിമതിയാണെന്നും യൂണിയന് നേതാക്കള്‍ പറഞ്ഞു. തിങ്കളാഴ്ച മുതല്‍ എംഡിയുടെ ഓഫീസിനുമുന്നില്‍ സമരം നടത്തുമെന്ന് സിഐടിയു അറിയിച്ചു.
ജോലി ചെയ്തതിനുളള ശമ്പളം ആദ്യം നല്‍കണമെന്നും അതുകഴിഞ്ഞ് ചര്‍ച്ച മതിയെന്ന് ബിഎംഎസ് അറിയിച്ചു. 193 കോടി വരുമാനം ഉണ്ടാക്കിയിട്ട് അതിലെ 78 കോടി ശമ്പളത്തിന് നീക്കിവയ്ക്കാനാവാത്തത് കോര്‍പ്പറേഷന്റെ കഴിവുകേടാണെന്ന് ബിഎംഎസ് ആരോപിച്ചു. മാനേജ്മെന്റ് മനപ്പൂര്‍വം ശമ്പളം വൈകിപ്പിക്കുകയാണെന്നും എംഡിയുടെ ഓഫീസിനുമുന്നില്‍ തിങ്കളാഴ്ച മുതല്‍ രാപ്പകല്‍ സമരം നടത്തുമെന്നും ഐഎന്‍ടിയുസി നേതാക്കളും വ്യക്തമാക്കി.