രാമേശ്വരത്ത് മത്സ്യത്തൊഴിലാളിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 6 പേർ പിടിയിൽ
സ്വന്തം ലേഖിക
ചെന്നൈ :തമിഴ്നാട്ടിലെ രാമേശ്വരത്ത് മത്സ്യത്തൊഴിലാളിയായ 45കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ആറ് പേർ കസ്റ്റഡിയിൽ. അറസ്റ്റിലായ യുവാക്കളിൽ രണ്ട് പേർ കുറ്റം സമ്മതിച്ചതായി പൊലീസ്. പ്രതികൾ ഒഡീഷ സ്വദേശികളാണെന്നും, രാമേശ്വരത്തെ ചെമ്മീൻ ഫാമിൽ ജോലി ചെയ്യുന്നവരാണെന്നും പൊലീസ് കൂട്ടിച്ചേർത്തു
പ്രതികൾ തമിഴോ ഹിന്ദിയോ സംസാരിക്കാത്തതിനാൽ അന്വേഷണത്തിന് സമയമെടുക്കുമെന്ന് രാമനാഥപുരം പൊലീസ് സൂപ്രണ്ട് പറഞ്ഞു. കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ലഭിച്ചു. കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മത്സ്യത്തൊഴിലാളിയായ സ്ത്രീ മെയ് 25 ന് കടൽപ്പായൽ ശേഖരിക്കാൻ വടകാട് ബീച്ച് ഭാഗത്തേക്ക് പോയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനാൽ സംശയം തോന്നിയ ബന്ധുക്കൾ അയൽപക്കത്ത് തെരച്ചിൽ നടത്തി പൊലീസിൽ പരാതി നൽകി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ വടകാട് വില്ലേജിലെ ഓടയ്ക്ക് സമീപം കത്തിക്കരിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് കുടുംബത്തെ വിവരം അറിയിക്കുകയും ചെയ്തു. ഭർത്താവ് സംഭവസ്ഥലത്തെത്തി ഭാര്യയെ തിരിച്ചറിഞ്ഞു.
തുടർന്നുള്ള അന്വേഷണത്തിലാണ് കൂട്ടബലാത്സംഗം വിവരം അറിയുന്നത്. പിന്നാലെ പ്രതികളും പിടിയിലായി. നേരത്തെ പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സർക്കാർ 45കാരിയുടെ കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു.