play-sharp-fill
വെണ്ണല വിദ്വേഷ പ്രസംഗ കേസ്: പി സി ജോർജിന് തിരിച്ചടി ;  മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി  തള്ളി

വെണ്ണല വിദ്വേഷ പ്രസംഗ കേസ്: പി സി ജോർജിന് തിരിച്ചടി ; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി


സ്വന്തം ലേഖിക

കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗക്കേസിലെ പി സി ജോര്‍ജിന്‍റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ പി സി ജോര്‍ജ് ഹര്‍ജി നല്‍കും.

രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാർ തനിക്കെതിരെ നീങ്ങുകയാണെന്നും കളളക്കേസെന്നുമായിരുന്നു പി സി ജോർജിന്‍റെ നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി സി ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഡലക്ഷ്യങ്ങളോടെ മനപൂർവമാണെന്നാണ് സർക്കാർ നിലപാട് എടുത്തത്.

സമാന കുറ്റം ആവർത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിർദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷൻസ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.

ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്. കേസിൽ അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് പി.സി ജോർജ് എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളുകയായിരുന്നു. ഇടക്കാല ഉത്തരവെന്ന ആവശ്യവും അംഗീകരിച്ചില്ല. കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദേശിച്ചു.

75 വയസ്സുകാരനായ തനിക്ക് നേരത്തെ ഒരു കേസിൽ തിരുവനന്തപുരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നുവെന്ന് ജോർജ് വാദിച്ചു. വെണ്ണലയിൽ താൻ നടത്തിയ പ്രസംഗം ഒരു വിഭാഗത്തെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ചെയ്തതല്ലെന്നും ജോർജ് കോടതിയെ അറിയിച്ചു. എന്നാൽ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ പി.സി ജോർജ് നടത്തിയ പ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ബിജെപി സംഘ്പരിവാർ നേതൃത്വം വലിയ എതിർപ്പുമായി രംഗത്ത് വന്നിരുന്നു.

അതേസമയം ജോർജ്ജിനെതിരെ മതവിദ്വേഷത്തിന് കേസെടുക്കാൻ കാരണമായ പ്രസംഗം കോടതി നേരിട്ട് കാണും. പ്രസംഗം കോടതി മുറിയിൽ പ്രദർശിപ്പിക്കാനുള്ള സൗകര്യമൊരുക്കാൻ സൈബർ പൊലീസിന് കോടതി നിർദ്ദേശം നൽകി. പി സി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിർദ്ദേശം.

ഈ പ്രസംഗം കാണാനായി തിങ്കളാഴ്‌ച്ച ഉച്ചയ്ക്ക് 12 മണിക്ക് സൗകര്യമൊരുക്കണമെന്നാണ് നിർദ്ദേശം. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് – രണ്ടാണ് നിർദ്ദേശം നൽകിയത്. ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസംഗം നടത്തിയതെന്നും പൊലീസ് രാഷ്ട്രീയ പ്രേരിതമായാണ് കേസെടുത്തതെന്നും പി സി ജോർജ്ജിന്റെ അഭിഭാഷകൻ വാദിച്ചു.

എന്നാൽ ജനാധിപത്യ മര്യദകൾ പാലിക്കാത്ത വ്യക്തിയാണ് പി സി ജോർജ്ജെന്നും ജാമ്യവസ്ഥ ലംഘിച്ച് കോടതിയെ പോലും വെല്ലുവിളിക്കുകയാണെന്നും പ്രോസിക്യൂഷൻ എതിർത്തു. വാദങ്ങൾക്കിടെയാണ് പ്രസംഗം നേരിട്ട് കാണാൻ കോടതി തീരുമാനിച്ചത്.

ഹിന്ദുമഹാസമ്മേളനത്തിൽ നടത്തിയ വിവാദപ്രസംഗത്തിന്റെ പേരിൽ ജോർജിനെതിരെ വിവിധ സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിനും സമൂഹത്തിൽ ഭീതിയുണ്ടാക്കും വിധം സംസാരിച്ചതിനുമാണ് പിസി ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ പിസിയുടെ അറസ്റ്റിനെതിരെ ഹിന്ദുത്വ സംഘടനകളും തീവ്ര ക്രിസ്ത്യൻ സംഘടനയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

വർഗീയ വിദ്വേഷം പടർത്താൻ ശ്രമിച്ചതിന് ഐപിസി 153 എ, സമൂഹത്തിൽ ഭീതി വളർത്തുന്ന പരാമർശങ്ങൾ നടത്തിയതിനു 295 എ എന്നീ വകുപ്പുകളാണ് പിസി ജോർജിനെതിരെ ചുമത്തിയിട്ടുള്ളത്. ഇന്നലെ പൊലീസ് ഐപിസി 153 എ പ്രകാരമാണ് കേസെടുത്തതെങ്കിലും പിന്നീട് 295 എ കൂടി കൂട്ടിച്ചേർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

മതത്തിന്റെയോ വംശത്തിന്റെയോ ജനനസ്ഥലത്തിന്റെയോ ജാതിയുടെയോ സമുദായദത്തിന്റെയോ പേരിൽ വിവിധ വിഭാഗങ്ങൾ തമ്മിൽ പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നതിനെതിരെയുള്ളതാണ് 153 എ. കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷം തടവോ പിഴയോ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടതായി വരും. രണ്ട് വർഷം വരെ തടവ് ലഭിക്കാൻ സാധ്യതയുള്ള വകുപ്പാണ് 295 എ.