play-sharp-fill
മരണത്തെ ധീരതയോടെ നേരിടുന്ന ബിബിസി അവതാരകയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്‌ വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും; ഡെബോറ ജെയിംസിന്റെ പേരില്‍ കാന്‍സര്‍ റിസര്‍ച്ചിന് ഇതുവരെ ലഭിച്ചത് മൂന്ന് മില്യണ്‍ പൗണ്ട്

മരണത്തെ ധീരതയോടെ നേരിടുന്ന ബിബിസി അവതാരകയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്‌ വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും; ഡെബോറ ജെയിംസിന്റെ പേരില്‍ കാന്‍സര്‍ റിസര്‍ച്ചിന് ഇതുവരെ ലഭിച്ചത് മൂന്ന് മില്യണ്‍ പൗണ്ട്

സ്വന്തം ലേഖകൻ

ലണ്ടന്‍: കാന്‍സര്‍ ബാധിതയായി, സമൂഹമാധ്യമങ്ങളിലൂടെ അന്ത്യയാത്രാ മൊഴി ചൊല്ലിയ ബി ബി സി അവതാരക ഡെബോറ ജെയിംസിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയാണ് വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും.


കാന്‍സര്‍ രോഗികളെ സഹായിക്കാനും മറ്റുമായി അവര്‍ രൂപീകരിച്ച ബോവല്‍ ബേബ് ഫണ്ടിലേക്ക് 3 മില്യണ്‍ പൗണ്ട് വന്നു ചേര്‍ന്ന നിമിഷത്തില്‍ വില്യം പറഞ്ഞത് അവര്‍ രാജ്യത്തിന്റെ ഹൃദയത്തെ കീഴടക്കി എന്നായിരുന്നു.
ജീവിക്കാനുള്ള ആവേശവും, സമൂഹത്തിനായി നന്മ ചെയ്യണമെന്ന ദൃഢനിശ്ചയവും കൊണ്ട് ചിലരൊക്കെ ചിലപ്പോഴൊക്കെ രാജ്യത്തിന്റെ ഹൃദയത്തെ കീഴടക്കാറുണ്ട് എന്നായിരുന്നു വില്യമും കെയ്റ്റും ട്വിറ്ററില്‍ കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്തരത്തിലുള്ള ഒരു വിശിഷ്ട വ്യക്തിത്വമാണ് ബോവല്‍ ബേബ് എന്ന് അവര്‍ എഴുതുന്നു. ബോവല്‍ കാന്‍സറിനെ കുറിച്ചുള്ള അവബോധം വളര്‍ത്താനുള്ള അവരുടെ ശ്രമങ്ങളും, അതിന്റെ ചികിത്സയ്ക്കുള്ള പ്രയാസങ്ങള്‍ ദൂരീകരിക്കാനുള്ള ശ്രമവും അഭിനന്ദനീയം തന്നെയാണെന്നും അവര്‍ എഴുതി.

മറ്റു പലര്‍ക്കുമൊപ്പം റോയല്‍ മാഴ്സ്ഡെന്‍ എന്‍ എച്ച്‌ എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിനും ഉപകാരപ്രദമാകുന്ന അവരുടെ ബോവല്‍ ബേബ് ഫണ്ടിലേക്ക് സംഭാവനകള്‍ ഒഴുകിയെത്തുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. പ്രിയ ഡെബോറാ, ഞങ്ങളുടെ ചിന്തകളില്‍ എന്നും നിങ്ങള്‍ ഉണ്ടാകും. കാന്‍സറുമൊത്ത് ജീവിക്കുന്ന നിരവധി പേര്‍ക്ക് പ്രത്യാശ നല്‍കിയതിന് ഒരായിരം നന്ദി എന്നു പറഞ്ഞാണ് രാജ ദമ്പതിമാര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

റോയല്‍ മാഴ്സ്ഡെന്‍ കാന്‍സര്‍ ചാരിറ്റിയുടെ മാനേജിങ് ഡയറക്ടര്‍ അന്റോണീയ ഡാല്മോയ് ഇന്നലെ ബോബല്‍ ബേബ് നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയ എല്ലാവരോടും കൃതജ്ഞത അറിയിച്ചു. ഡെബോറയും അവരുടെ ബോവല്‍ ബേബ് ഫണ്ടും പ്രതിഭാസങ്ങളാണെന്നും അവര്‍ കുറിച്ചു. ഈയാഴ്‌ച്ച ആദ്യമായിരുന്നു ഹൃദയഭേദകമായ വാക്കുകളിലൂടെ ഡെബോറ ജെയിംസ് തന്റെ അന്ത്യയാത്രാ മൊഴി കുറിച്ചത്. തനിക്ക് നഷ്ടമാകുന്ന ജീവിതം, മറ്റു കാന്‍സര്‍ രോഗികള്‍ക്കെങ്കിലും തിരിച്ചു പിടിക്കാന്‍ കഴിയണം എന്നും അതിനായി തന്റെ ബോവല്‍ ബേബ് നിധിയിലേക്ക് സംഭാവന ചെയ്യുവാനും അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

അഞ്ച് വര്‍ഷക്കാലത്തെ ചികിത്സ മതിയാക്കി വോക്കിംഗിലുള്ള തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോകവേയായിരുന്നു അവര്‍ ഈ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ഇട്ടത്. ഭര്‍ത്താവും രണ്ടു കുട്ടികളും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പം തന്റെ അവസാന നിമിഷങ്ങള്‍ അവിടെ കഴിച്ചു കൂട്ടുവാന്‍ ആഗ്രഹിക്കുന്നതായി അവര്‍ പറഞ്ഞിരുന്നു. തന്റെ രോഗ വിവരം മക്കളോട് വെളിപ്പെടുത്തിയത് എങ്ങനെയെന്നും അവര്‍ വിശദീകരിച്ചിരുന്നു.

തന്റെ മക്കള്‍ തന്നെ ഈ നിലയില്‍ കാണരുതെന്ന് ആദ്യം ആഗ്രഹിച്ചു. കരഞ്ഞുകൊണ്ടല്ലാതെ അവരോട് സംസാരിക്കാന്‍ തനിക്കാവുമായിരുന്നില്ല. എന്നിരുന്നിട്ടും അവരെ ഒന്നു പുണരാന്‍ ഞാന്‍ വല്ലാതെ ആഗ്രഹിച്ചു. തന്റെ ഭര്‍ത്താവിനെ ഏറ്റവും വികാരനിര്‍ഭരമായി കണ്ട നിമിഷങ്ങളായിരുന്നു അതെന്നും അവര്‍ കുറിക്കുന്നു. മനോധൈര്യം ഉള്‍ക്കൊണ്ട് ഇക്കാര്യം കുട്ടികളെ അറിയിച്ചത് ഭര്‍ത്താവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു.