play-sharp-fill
ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ഹരിശങ്കര്‍; ഭര്‍ത്താവിനുള്ള ഇളവ് ഭരണഘടനാ വിരുദ്ധമെന്ന് ജസ്റ്റിസ് രാജീവ് ഷക്ധറും; വിപരീത വിധികള്‍ പുറപ്പെടുവിച്ച്‌ ഡല്‍ഹി ഹൈക്കോടതി; ഇനി തീരുമാനം സുപ്രീംകോടതിയുടേത്

ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ഹരിശങ്കര്‍; ഭര്‍ത്താവിനുള്ള ഇളവ് ഭരണഘടനാ വിരുദ്ധമെന്ന് ജസ്റ്റിസ് രാജീവ് ഷക്ധറും; വിപരീത വിധികള്‍ പുറപ്പെടുവിച്ച്‌ ഡല്‍ഹി ഹൈക്കോടതി; ഇനി തീരുമാനം സുപ്രീംകോടതിയുടേത്

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് കുറ്റകരമാണോ എന്ന വിഷയത്തില്‍ വിപരീത വിധികള്‍ പുറപ്പെടുവിച്ച്‌ ഡല്‍ഹി ഹൈക്കോടതി.


ഐപിസി 375ല്‍ ഭര്‍ത്താവിനുള്ള ഇളവ് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ഷക്ധര്‍ നിരീക്ഷിച്ചപ്പോള്‍ ജസ്റ്റിസ് ഹരിശങ്കര്‍ അതിന് വിയോജിപ്പ് രേഖപ്പെടുത്തി. ‘മാരിറ്റല്‍ റേപ്’ ഭരണഘടനാ വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ഹരിശങ്കര്‍ വിധിച്ചു. ഇതോടെ കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹബന്ധത്തിലെ ബലാല്‍സംഗം കുറ്റകരമെന്നാണ് ജസ്റ്റിസ് രാജീവ് ഷക്ദര്‍ വിധിച്ചത്. എന്നാല്‍ ഭര്‍ത്താവിന് പരിരക്ഷ നല്കുന്ന ഐപിസി 375ആം വകുപ്പിലെ ഇളവ് ഭരണഘടനാവിരുദ്ധമല്ലെന്നാണ് ബഞ്ചിലെ മലയാളിയായ ജസ്റ്റിസ് സി ഹരിശങ്കറിന്റെ വിധിയില്‍ പറയുന്നത്. വിപരീത വിധികള്‍ വന്ന സാഹചര്യത്തില്‍ കേസ് സുപ്രീംകോടതി പരിഗണിക്കട്ടെ എന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.

നിലവിലെ നിയമപ്രകാരം വിവാഹബന്ധത്തിലെ ബലാല്‍സംഗം കുറ്റകരമല്ല. ഇതിനെതിരെ സന്നദ്ധ സംഘടനകള്‍ നല്കിയ ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതി കേട്ടത്.

വിവാഹ പങ്കാളികള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് ബലാത്സംഗക്കേസുകളിലെ പരിധിയില്‍ നിന്ന് ഇളവ് അനുവദിക്കുന്ന ഐപിസിയിലെ 375 (2) ഭരണഘടനാ വിരുദ്ധമെന്നാണ് ജസ്റ്റിസ് രാജിവ് ശക്ധര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇത് ഭരണഘടനാ വിരുദ്ധം അല്ല എന്നാണ് മലയാളിയായ ജസ്റ്റിസ് സി ഹരി ശങ്കര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഭിന്നവിധി പുറപ്പെടുവിച്ച സാഹചര്യത്തില്‍ വിഷയം സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിലേക്ക് പോകുമെന്നാണ് വിവരം. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ ഒരു നിലപാട് സ്വീകരിച്ചിട്ടില്ല .

ബലാത്സംഗ നിയമത്തില്‍ ഭര്‍ത്താക്കന്മാരുടെ ഇളവ് ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജികളില്‍ ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് ഇന്ന് വിധി പറഞ്ഞത്. ഫെബ്രുവരി ഏഴിന് കേസു കേട്ട കോടതി ‘മാരിറ്റല്‍ റേപ്’ കുറ്റകരമാണോ എന്ന വിഷയത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു.

എന്നാല്‍ നിലപാടറിയിക്കാന്‍ കേന്ദ്രം കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാത്ത കോടതി കേസ് ഇങ്ങനെ അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം തേടേണ്ടതുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു.

ബലാത്സംഗം ചെയ്യുന്ന പുരുഷന്‍ ഭര്‍ത്താവാണെങ്കില്‍ അത് ലൈംഗികാതിക്രമായി കണക്കാക്കാന്‍ പറ്റില്ലെന്നാണ് ഇന്ത്യന്‍ ശിക്ഷാനിയമം 1860 ലെ 375ാം വകുപ്പ് പറയുന്നത്. സ്ത്രീ 15 വയസ്സില്‍ താഴെയാണെങ്കില്‍ ഇത് ബലാത്സംഗമായി കണക്കാക്കണമെന്നും നിയമം പറയുന്നു. സുപ്രീം കോടതി പിന്നീട് ഇത് 18 വയസാക്കി തീര്‍പ്പാക്കി.