play-sharp-fill
സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന തുടരുന്നു;  ഇറാനി കുഴിമന്തിയിലെ ചിക്കന്‍ കണ്ട് ഉദ്യോഗസ്ഥര്‍ക്ക് മന്ദിപ്പ്!  പരിശോധനയ്ക്കെതിരേ ഒരു വിഭാഗം വ്യാപാരികള്‍; പരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥ അഴിഞ്ഞാട്ടമെന്ന് ആരോപണം;  യാതൊരു നിയന്ത്രണവും ലൈസൻസുമില്ലാതെ പ്രവർത്തിക്കുന്ന വഴിയോരകച്ചവടക്കാരെ സർക്കാരും ഉദ്യോ​ഗസ്ഥരും കണ്ടില്ലെന്ന് നടിക്കുന്നുവെന്നും ഹോട്ടൽ വ്യാപാരികൾ

സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന തുടരുന്നു; ഇറാനി കുഴിമന്തിയിലെ ചിക്കന്‍ കണ്ട് ഉദ്യോഗസ്ഥര്‍ക്ക് മന്ദിപ്പ്! പരിശോധനയ്ക്കെതിരേ ഒരു വിഭാഗം വ്യാപാരികള്‍; പരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥ അഴിഞ്ഞാട്ടമെന്ന് ആരോപണം; യാതൊരു നിയന്ത്രണവും ലൈസൻസുമില്ലാതെ പ്രവർത്തിക്കുന്ന വഴിയോരകച്ചവടക്കാരെ സർക്കാരും ഉദ്യോ​ഗസ്ഥരും കണ്ടില്ലെന്ന് നടിക്കുന്നുവെന്നും ഹോട്ടൽ വ്യാപാരികൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന തുടരവേ പഴകിയ ഭക്ഷണം വ്യാപകമായി പിടികൂടുന്നു.


തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍, ആലപ്പുഴ തുടങ്ങിയ ജില്ലകളിലാണ് തിങ്കളാഴ്ചയും പരിശോധന നടന്നത്. അതിനിടെ, ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയ്ക്കെതിരേ ഒരു വിഭാഗം വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം നടക്കുകയാണെന്നാണ് ഇവരുടെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച നടന്ന പരിശോധനയില്‍ തിരുവനന്തപുരം നഗരത്തിലെ മൂന്ന് ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നന്തന്‍കോട് ഇറാനി കുഴിമന്തി, പൊട്ടക്കുഴി മൂണ്‍സിറ്റി ബിരിയാണി സെന്റര്‍, കവടിയാര്‍ ഗീതാഞ്ജലി ടിഫിന്‍ സെന്റര്‍ എന്നിവിടങ്ങളില്‍നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഈ ഹോട്ടലുകള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കി. കുന്നുകുഴിയിലെ കെ.പി. സ്റ്റുഡന്റ്സ് ഹോട്ടലില്‍നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

തിരുവനന്തപുരം കല്ലറയില്‍ ഇറച്ചികടകളില്‍ നടത്തിയ പരിശോധനയില്‍ ഫ്രീസറില്‍ നിലവാരമില്ലാത്ത കവറുകളിലാണ് കോഴിയിറച്ചി സൂക്ഷിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. മത്സ്യമാര്‍ക്കറ്റില്‍നിന്ന് പഴകിയ മത്സ്യവും പിടികൂടി. ആലപ്പുഴയിലെ ഹരിപ്പാട്ട് തമിഴ്‌നാട്ടില്‍നിന്ന് കൊണ്ടുവന്ന 25 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. നാഗപട്ടണത്തുനിന്ന് വില്പനയ്ക്കായി എത്തിച്ച മത്തിയാണ് പിടികൂടി നശിപ്പിച്ചത്. ലൈസന്‍സില്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹരിപ്പാട് ദേവു ഹോട്ടലും അധികൃതര്‍ പൂട്ടിച്ചു.

കണ്ണൂര്‍ എസ്.എന്‍. പാര്‍ക്ക് റോഡിലെ സാഗര്‍ റെസ്റ്റോറന്റ്, ബ്ലൂനെയില്‍ ഹോട്ടല്‍ എന്നിവിടങ്ങളില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടി. തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനയില്‍ വിഴിഞ്ഞം സോണല്‍ പരിധിയില്‍ പഴകിയ ഭക്ഷണം സൂക്ഷിച്ച ഹോട്ടല്‍ അധികൃതര്‍ അടച്ചുപൂട്ടി. പഴകിയ ഭക്ഷണം വില്‍പനക്കായി സൂക്ഷിച്ച അലാവുദീന്‍ റെസ്റ്റാറന്റിന് എതിരെയാണ് നടപടി.

വിഴിഞ്ഞം പ്രദേശത്തെ ഹോട്ടലുകളായ ഫാത്തിമ ഹോട്ടല്‍, ബിസ്മി ഹോട്ടല്‍, അനസ് ഹോട്ടല്‍, ലഹര്‍ തട്ടുകട എന്നീ സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തി. ഇവ പരിഹരിക്കുന്നതിനായി ഹോട്ടലുകള്‍ക്ക് നോട്ടീസും നിര്‍ദേശവും നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് എമ്മിന്റെ നേതൃത്വത്തില്‍ ആണ് പരിശോധന നടത്തിയത്.

ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ തുടര്‍ ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് തിരുവനന്തപുരം നഗരസഭാ അധികൃതര്‍ അറിയിച്ചു. ഹോട്ടലുകളില്‍ നടത്തുന്ന പരിശോധനകളില്‍ അപാകതകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടികള്‍ തുടരുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു.

അതേസമയം, അധികൃതരുടെ പരിശോധനയ്ക്കെതിരേ ഒരുവിഭാഗം വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പരിശോധനയുടെ പേരില്‍ ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു. യാതൊരു നിയന്ത്രണവും ലൈസൻസുമില്ലാതെ പ്രവർത്തിക്കുന്ന തട്ടുകടകളെയും, വീട്ടിൽ ഊണ് പോലുള്ള സ്ഥാപനങ്ങളേയും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും പിടിച്ചെടുക്കുന്ന സാധനങ്ങള്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയക്കാന്‍ വൈകുന്നതായും ഹോട്ടൽ വ്യാപാരികൾ ആരോപിച്ചു.