play-sharp-fill
സ്വര്‍ണക്കടത്ത്‌ കുറ്റസമ്മതം നടത്തി യുവാവിന്റെ ‘നാടകം’; കണ്ടെടുത്തത്  കേസെടുക്കാൻ വകുപ്പില്ലാത്തത്ര ചെറിയ തൂക്കം സ്വർണം: സൂത്രം പിടികിട്ടാതെ തലപുകച്ച്‌ കസ്റ്റംസ്

സ്വര്‍ണക്കടത്ത്‌ കുറ്റസമ്മതം നടത്തി യുവാവിന്റെ ‘നാടകം’; കണ്ടെടുത്തത് കേസെടുക്കാൻ വകുപ്പില്ലാത്തത്ര ചെറിയ തൂക്കം സ്വർണം: സൂത്രം പിടികിട്ടാതെ തലപുകച്ച്‌ കസ്റ്റംസ്

സ്വന്തം ലേഖകൻ
കരിപ്പൂർ: സ്വർണക്കടത്തുകാരനാണെന്ന് കുറ്റസമ്മതം നടത്തി കസ്റ്റംസിനുമുന്നിൽ യുവാവിന്റെ നാടകം. കണ്ടെടുത്തതാകട്ടെ കേസെടുക്കാൻ വകുപ്പില്ലാത്തത്ര ചെറിയ തൂക്കം സ്വർണവും. വയനാട് എല്ലാമാനം പാണ്ടിക്കടവ് പുല്ലമ്പി ഇജാസുൽ ഹഖ് (32)കരിപ്പൂർ കസ്റ്റംസിന്റെ പിടിയിലായെങ്കിലും എന്തിനായിരുന്നു ഈ നാടകമെന്നാലോചിച്ച് തലപുകയ്ക്കുകയാണ് അധികൃതർ.

ഞായറാഴ്ച രാവിലെ 6.40-നാണ് സംഭവം. ഷാർജയിൽനിന്നെത്തുന്ന വിമാനത്തിൽ മാനന്തവാടി സ്വദേശി സ്വർണം കടത്തുന്നുണ്ടെന്ന് കരിപ്പൂർ പോലീസ് കസ്റ്റംസ് വിഭാഗത്തെ അറിയിച്ചു. പരിശോധന ശക്തമാക്കിയ കസ്റ്റംസ് നിർഗമന കവാടത്തിനരികെ പുറത്തിറങ്ങാനെന്ന ഭാവത്തിൽ നിന്ന ഇജാസുലിനെ കണ്ടെത്തി. ‌


കസ്റ്റംസിനെ കണ്ടെയുടനെ താൻ കാരിയറാണെന്നും സ്വർണം കൈയിലുണ്ടെന്നും കുറ്റസമ്മതം നടത്തി. പരിശോധിച്ചപ്പോൾ ശരീരത്തിൽ ഒളിപ്പിച്ച നാല്‌ ഗുളിക കണ്ടെത്തി. എന്നാൽ ഇവയ്ക്കാകെ 160 ഗ്രാം തൂക്കമാണുണ്ടായിരുന്നത്. ചിലതിൽ സ്വർണവുമുണ്ടായിരുന്നില്ല. ഇതു കസ്റ്റംസിൽ സംശയം ജനിപ്പിച്ചു. വിശദമായി ചോദ്യംചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗൾഫിൽ ഒരു സംഘത്തിന്റെ ഭീഷണിക്കു വഴങ്ങി താൻ സ്വർണം കടത്തുകയായിരുന്നുവെന്ന് ഇയാൾ കസ്റ്റംസിനെ അറിയിച്ചു. തന്നെ തട്ടിക്കൊണ്ടുപോയി സ്വർണക്കടത്തിന് നിർബന്ധിച്ചെന്നും എതിർത്തപ്പോൾ മർദിക്കുകയും ഫോൺ പിടിച്ചുവെക്കുകയും ചെയ്തെന്നും ഇയാൾ പറഞ്ഞു. 50,000 രൂപ നൽകാമെന്നായിരുന്നു സംഘത്തിന്റെ വാഗ്ദാനമെന്നും ഇയാൾ പറഞ്ഞു.

ഇത് കള്ളക്കഥയാണെന്ന് കസ്റ്റസിന് ബോധ്യമായി. രക്ഷപ്പെടാൻ എല്ലാ സാധ്യതയുമുണ്ടായിട്ടും ഇയാൾ മനഃപൂർവം പിടികൊടുത്തതാണ് സംശയം ജനിപ്പിച്ചത്. എന്നാൽ, എന്തിനായിരുന്നു നാടകമെന്ന് ഇനിയും വ്യക്തമായിട്ടില്ല. കടത്തിയ ഗുളികകളിൽ മയക്കുമരുന്നുണ്ടോയെന്നും സംശയമുണ്ട്. മിശ്രിതം വിശദപരിശോധനയ്ക്കായി നാർക്കോട്ടിക്ക് ലാബിലേക്കയച്ചു.