play-sharp-fill
സന്തോഷ് ട്രോഫി: കേരളം- ബംഗാള്‍ ഫൈനലിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു; നട്ടുച്ചയിലും വരി നിന്ന് ആരാധകര്‍

സന്തോഷ് ട്രോഫി: കേരളം- ബംഗാള്‍ ഫൈനലിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു; നട്ടുച്ചയിലും വരി നിന്ന് ആരാധകര്‍

സ്വന്തം ലേഖകൻ

മഞ്ചേരി: സന്തോഷ് ട്രോഫി ഫൈനല്‍ മത്സരത്തിന് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞതോടെയാണ് ഉച്ചക്ക് രണ്ട് മണിക്ക് തന്നെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിന് സമീപത്തെ ടിക്കറ്റ് കൗണ്ടറുകളിലേക്ക് ഫുട്ബോള്‍ ആരാധകര്‍ എത്തിയത്. കനത്ത ചൂടിനെപോലും വകവെക്കാതെയാണ് ആളുകള്‍ ടിക്കറ്റിനായി വരി നില്‍ക്കുന്നത്.


ഇന്ന് രാത്രി എട്ട് മണിക്കാണ് ബംഗാളുമായുള്ള കേരളത്തിന്റെ ഫൈനല്‍ മത്സരം. പയ്യനാട് ഫുട്ബോള്‍ സ്റ്റഡിയം ആരാധകരെക്കൊണ്ട് നിറയുമെന്ന കാര്യം ഉറപ്പാണ്. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ എടുത്തവര്‍ നാല് മണി മുതല്‍ സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിച്ച് തുടങ്ങേണ്ടണമെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

7.30ന് മുമ്പായി ടിക്കറ്റുകള്‍ എടുത്തവര്‍ സ്റ്റേഡിയത്തിന് അകത്ത് പ്രവേശിച്ച് ഇരിപ്പിടത്തില്‍ എത്തിച്ചേരണം. 7.30ന് ശേഷം സ്റ്റേഡിയത്തിന്റെ ഗെയിറ്റുകള്‍ അടക്കും. ഫൈനല്‍ കാണാനെത്തുന്ന ആറ് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ടിക്കറ്റ് നിര്‍ബന്ധമാണെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

ആതിഥേയരും അപരാജിതരുമായ കേരളം 46-ാം ഫൈനലിനാണ് ഇറങ്ങുന്നത്. കേരളത്തിന്റെ മധ്യനിരശക്തം. പ്രതിരോധത്തിലെ വിടവുകള്‍ അടയ്ക്കാനുണ്ട് ബിനോ ജോര്‍ജിനും സംഘത്തിനും.

ടൂര്‍ണമെന്റില്‍ അഞ്ച് ഗോളടിച്ച ക്യാപ്റ്റന്‍ ജിജോ ജോസഫും സെമിയിലെ അഞ്ച് ഗോളടക്കം ആറെണ്ണം വലയിലെത്തിച്ച സൂപ്പര്‍ സബ് ജെസിനും ഗോള്‍വേട്ടയില്‍ മുന്നില്‍. 2018ല്‍ ഇതേ ബംഗാളിനെ ഷൂട്ടൗട്ടില്‍ തകര്‍ത്ത് കിരീടം നേടിയപ്പോള്‍ കാവലാളായി നിന്ന മിഥുന്‍
ഇന്നും കേരളത്തിന്റെ വലകാക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗാളിനെ തോല്‍പ്പിച്ച ആത്മവിശ്വാസവുമുണ്ട് കേരളത്തിന്.

എന്നാല്‍ തോല്‍വിക്ക് ശേഷം തുടരെ മൂന്ന് മത്സരങ്ങളില്‍ തകര്‍പ്പന്‍ ജയവുമായാണ് ബംഗാള്‍ എത്തുന്നത്. സന്തോഷ് ട്രോഫിയില്‍ 32 കിരീടത്തിന്റെ കരുത്തുമുണ്ട് ബംഗാളിന്. കേരളവും ബംഗാളും സന്തോഷ് ട്രോഫി ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത് നാലാം തവണ. 1989ലും 1994ലും ബംഗാള്‍ ജയിച്ചപ്പോള്‍ കേരളം പകരംവീട്ടിയത് 2018ല്‍. ഗാലറിയിലെ കാല്‍ലക്ഷം കാണികളുടെ ആവേശവും ഇത്തവണ കേരളത്തിന്റെ കരുത്ത് കൂട്ടും.

ബംഗാളിന്റെ താരങ്ങള്‍ ശക്തരാണെങ്കിലും ഫൈനലിലും ആക്രമണശൈലി തന്നെയാകുമെന്ന് കേരളാ ടീം പരിശീലകന്‍ ബിനോ ജോര്‍ജ്. ടൂര്‍ണമെന്റ് കണ്ട ഏറ്റവും മികച്ച മത്സരമാകും ഇന്നത്തേതെന്ന് ബംഗാള്‍ ടീം പരിശീലകന്‍ രഞ്ജന്‍ ഭട്ടാചാര്യ പറഞ്ഞു.