play-sharp-fill
റോഡരികില്‍ കാര്‍ നിര്‍ത്തി യുവാക്കളുടെ പ്രകോപനം; ആക്രമിക്കാന്‍ ഓടിച്ച്‌ കാട്ടാന; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

റോഡരികില്‍ കാര്‍ നിര്‍ത്തി യുവാക്കളുടെ പ്രകോപനം; ആക്രമിക്കാന്‍ ഓടിച്ച്‌ കാട്ടാന; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ

ബത്തേരി: ഗുണ്ടല്‍പേട്ട റോഡില്‍ യാത്രക്കാര്‍ക്കുനേരെ കാട്ടാനയുടെ ആക്രമണം.


തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ ഈ മാസം ഒന്‍പതിനായിരുന്നു ആക്രമണം. ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് ആക്രമിക്കപ്പെട്ടത്. യാത്രക്കാരുടെ പ്രകോപനം മൂലമാണ് ആന ആക്രമിച്ചതെന്നും ഇവരില്‍നിന്നു പിഴ ഈടാക്കിയെന്നും വനംവകുപ്പ് വ്യക്തമാക്കി.

റോഡരികില്‍ കാര്‍ നിര്‍ത്തി, പുറത്തിറങ്ങി ഫോട്ടോയെടുക്കുന്നതിനിടെ യുവാക്കളില്‍ ഒരാളെ ആന ഓടിക്കുകയായിരുന്നു. അതിവേഗം ഓടി വാഹനത്തില്‍ തിരിച്ചുകയറിയതിനാല്‍ യുവാവ് രക്ഷപ്പെട്ടു. വാഹനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.

കടുവാ സങ്കേതത്തില്‍ വാഹനം നിര്‍ത്തുന്നതിനോ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനോ അനുമതിയില്ല. എന്നാല്‍ ആനയെ കണ്ടിട്ടും യുവാക്കള്‍ നിലയുറപ്പിച്ചതിനാലാണ് ആക്രമണം ഉണ്ടായതെന്നു വനം വകുപ്പ് അറിയിച്ചു. തുടര്‍ന്ന് തൊട്ടടുത്തുള്ള ചെക്പോസ്റ്റില്‍ ഇവരെ തടഞ്ഞ് 15,000 രൂപ പിഴ ഈടാക്കുകയും താക്കീത് നല്‍കി വിട്ടയ്ക്കുകയുമായിരുന്നു.