play-sharp-fill
കള്ളപ്പണം വെളുപ്പിക്കൽ കേസ്;  പോപ്പുലര്‍ ഫ്രണ്ട് നേതാവ് അഷ്റഫ് ഡൽഹിയിൽ വെച്ച് എൻഫോഴ്സ്മെന്റിന്റെ പിടിയിൽ;  മൂവാറ്റുപുഴയിലെ ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് നടപടി

കള്ളപ്പണം വെളുപ്പിക്കൽ കേസ്; പോപ്പുലര്‍ ഫ്രണ്ട് നേതാവ് അഷ്റഫ് ഡൽഹിയിൽ വെച്ച് എൻഫോഴ്സ്മെന്റിന്റെ പിടിയിൽ; മൂവാറ്റുപുഴയിലെ ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് നടപടി

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാവായ മൂവാറ്റുപുഴ സ്വദേശി എം.കെ. അഷ്‌റഫിനെയാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഇ.ഡി. അറസ്റ്റ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനായി കഴിഞ്ഞദിവസമാണ് അഷ്‌റഫിനെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയത്. ചോദ്യംചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂവാറ്റുപുഴയിലെ ഇയാളുടെ വീട്ടില്‍ ഇഡി ഉദ്യോഗസ്ഥര്‍ എത്തി നടത്തിയ റെയ്ഡിന്റെയും അന്വേഷണങ്ങളുടെയും തുടര്‍ നടപടിയായാണ് അറസ്റ്റ് എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

രാവിലെ കൊറിയറുകാരന്‍ എന്നപേരില്‍ ഒരാള്‍ എത്തി തമര്‍ അഷറഫിനെ അന്വേഷിച്ചു കവര്‍ കൈമാറി ആള്‍ സ്ഥലത്ത് ഉണ്ട് എന്ന് ഉറപ്പു വരുത്തി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തുകയായിരുന്നു. എന്നാല്‍ അപകടം മണത്തതോടെ അഷറഫ് സ്ഥലത്തുനിന്നു മുങ്ങുകയും അഞ്ഞൂറോളം വരുന്ന പ്രവര്‍ത്തകര്‍ വീടു വളയുകയും ചെയ്യുന്ന സാഹചര്യമുണ്ടായി.

ആദ്യ ഘട്ടത്തില്‍ സ്ത്രീകളും കുട്ടികളും മാത്രമാണു വീട്ടിലുള്ളത് എന്നതിനാല്‍ റെയ്ഡ് അനുവദിക്കാനാകില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നിലപാടെടുത്തു. ഇതിനു വഴങ്ങാതിരുന്ന സംഘം അകത്തു കയറി പരിശോധന നടത്തിയതാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രാദേശിക പൊലീസില്‍ പോലും അറിയിക്കാതെയായിരുന്നു അന്നത്തെ റെയ്ഡ്.

കേരളത്തിലും വിദേശത്തുമായി നിക്ഷേപം നടത്തി പോപ്പുലര്‍ ഫ്രണ്ടിനായി കള്ളപ്പണം വെളുപ്പിച്ചുവെന്ന കണ്ടെത്തലിലാണ് ഇഡി എത്തിച്ചേര്‍ന്നത്. കേസുമായി ബന്ധപ്പെട്ട രണ്ടാമത്തെ അറസ്റ്റാണ് അഷറഫിന്റേത്. അബുദാബിയിലും മൂന്നാറിലുമായി പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ പേരില്‍ നടത്തിയ നിക്ഷേപങ്ങള്‍ കള്ളപ്പണം വെളുപ്പിക്കാനാണെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി വ്യക്തമാക്കുന്നു.

തൊടുപുഴ ന്യൂമാന്‍ കോളജ് അദ്ധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസില്‍ പ്രതിയായിരുന്ന ഇയാളെ എന്‍ഐഎ അറസ്റ്റു ചെയ്തിരുന്നെങ്കിലും കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പ്രതികള്‍ക്കു സാമ്ബത്തിക സഹായം നല്‍കിയെന്നും ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ഇയാള്‍ക്കെതിരെ എന്‍ഐഎ ചുമത്തിയിരുന്ന കുറ്റം.

ഇ.ഡി. റെയ്ഡിനെതിരേ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ഉദ്യോഗസ്ഥരെ തടയുകയും ചെയ്യുന്ന സാഹചര്യവുമുണ്ടായി. ഏതാനും മാസങ്ങളായി അഷ്‌റഫിനെതിരേ ഇ.ഡി.യുടെ അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നിരിക്കുന്നത്.