കോടഞ്ചേരിയിലെ പ്രണയ വിവാഹത്തെപ്പറ്റിയുള്ള വിവാദം; തനിക്കു തെറ്റുപറ്റിയെന്ന് ജോര്‍ജ് എം തോമസ്; ഡിവൈഎഫ്ഐ നേതാവ് ഷെജിൻ ഒളിച്ചോടിയത് ഒഴിവാക്കാമായിരുന്നുവെന്നും മിശ്രവിവാഹത്തില്‍ അസ്വാഭാവികതയില്ലെന്നും പി മോഹനന്‍
സ്വന്തം ലേഖകൻ
കോഴിക്കോട്: കോടഞ്ചേരിയിലെ പ്രണയ വിവാഹത്തെപ്പറ്റിയുള്ള വിവാദത്തിൽ തനിക്കു തെറ്റുപറ്റിയെന്നു സിപിഎം നേതാവും മുൻ എംഎൽഎയുമായ ജോര്‍ജ് എം.തോമസ്. സംഭവത്തിൽ ലൗ ജിഹാദില്ല, ഒരു സമുദായത്തെ വ്രണപ്പെടുത്തുന്ന സ്വഭാവമാണു കണ്ടത്. പറഞ്ഞതു തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും ജോര്‍ജ് പറഞ്ഞു.
വിവരം പാര്‍ട്ടി സെക്രട്ടറിയെ അപ്പോള്‍ത്തന്നെ അറിയിച്ചു. ഇഎംഎസിനുപോലും നാക്കുപിഴ പറ്റിയിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു. സംഭവം സമൂഹമാധ്യമങ്ങളിലും വിവാദമായതോടെയാണ് ജോർജ് നിലപാടു തിരുത്തിയത്. ശനിയാഴ്ചയാണു മുസ്‌ലിം സമുദായത്തില്‍പെട്ട ഷെജിനും ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട ജോയ്‌സ്‌നയും വിവാഹിതരായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ നേതാവ് ഷെജിൻ ഒളിച്ചോടിയത് ഒഴിവാക്കാമായിരുന്നെന്നു സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ അഭിപ്രായപ്പെട്ടു. രണ്ടു വീട്ടുകാരോടും ആലോചിച്ചു ബോധ്യപ്പെടുത്തി വിവാഹം നടത്തേണ്ടതായിരുന്നു. വിവാഹത്തില്‍ അസ്വാഭാവികതയില്ല. തട്ടിക്കൊണ്ടുപോകുന്നത് ഉൾപ്പെടെയുളള രീതികളെ അംഗീകരിക്കില്ല.
സംഭവത്തെപ്പറ്റിയുള്ള പ്രതികരണത്തിൽ ജോര്‍ജ് എം.തോമസിനു പിശക് പറ്റി. ലൗ ജിഹാദെന്നത് ആര്‍എസ്എസ് പ്രചാരണം മാത്രമാണ്. പിശകുപറ്റിയെന്ന് ജോര്‍ജ് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ട ആളുടെ കൂടെ ജീവിക്കാനാണ് ആഗ്രഹമെന്നാണു പെണ്‍കുട്ടി കോടതിയിൽ വ്യക്തമാക്കിയത്. ആ അധ്യായം അടഞ്ഞുവെന്നും പി.മോഹനന്‍ മാധ്യമങ്ങളോടു പറഞ്ഞു.