play-sharp-fill
ശമ്പളകുടിശിക ആവശ്യപ്പെട്ടതിന് മുൻ കമ്പനി ഉടമയും  ക്വട്ടേഷൻ  സംഘവും ചേർന്ന് തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി ;മർദിച്ച ശേഷം ഇയാളെ ദേശീയപാതയോരത്ത്  തള്ളിയിട്ടു ;സംഭവത്തിൽ  ഒരാൾ അറസ്റ്റിൽ

ശമ്പളകുടിശിക ആവശ്യപ്പെട്ടതിന് മുൻ കമ്പനി ഉടമയും ക്വട്ടേഷൻ സംഘവും ചേർന്ന് തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി ;മർദിച്ച ശേഷം ഇയാളെ ദേശീയപാതയോരത്ത് തള്ളിയിട്ടു ;സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖിക

തിരുവനന്തപുരം : ശമ്പളകുടിശിക ആവശ്യപ്പെട്ടതിന്റെ പേരിൽ മുൻ കമ്പനി ഉടമയും ക്വട്ടേഷൻ സംഘവും ചേർന്ന് തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി മർദിച്ച ശേഷം ദേശീയപാതയോരത്തു തള്ളിയിട്ടു. അട്ടപ്പാടി സ്വദേശി കുര്യാക്കോസിന്റെ മകൻ പ്രജീഷിനാണു (37) ഗുരുതര പരുക്കേറ്റത്. സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. പ്രജീഷ് മുൻപു ജോലി ചെയ്തിരുന്ന കമ്പനിയുടെ ഉടമ വണ്ടിത്താവളം സ്വദേശി മുജീബ് ഉൾപ്പെടെ 8 പേർക്കെതിരെ പൊലീസ് കേസെടുത്തു.


പിരായിരി സ്വദേശി റിഫാസിനെയാണ് (32) അറസ്റ്റ് ചെയ്ത്. വ്യാഴാഴ്ച രാത്രിയിലാണു സംഭവം. മുൻപ് പ്രജീഷ്, മുജീബിന്റെ കിണാശ്ശേരി തണ്ണീർപന്തലിലുള്ള പ്ലാസ്റ്റിക്– ഫൈബർ ഡോർ നിർമാണ കമ്പനിയിലാണു ജോലി ചെയ്തിരുന്നത്. പിന്നീട് മുജീബുമായുള്ള തർക്കത്തിൽ പ്രജീഷ് കഞ്ചിക്കോട് വ്യവസായ മേഖലയിലുള്ള മറ്റൊരു കമ്പനിയിലേക്കു മാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രജീഷിനൊപ്പം തണ്ണീർപന്തലിലെ കമ്പനിയിലുണ്ടായിരുന്ന മറ്റു 2 തൊഴിലാളികളും കഞ്ചിക്കോട്ടെത്തി. ഇവർക്കു നൽകാനുള്ള ശമ്പള കുടിശിക നൽകണമെന്ന് ആവശ്യപ്പെട്ട് മുജീബുമായി പ്രജീഷ് നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു. പലപ്പോഴും ഇതു വാക്കേറ്റത്തിനും തർക്കത്തിനും ഇടയാക്കി. ഫോണിലൂടെ പ്രജീഷ് അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് ഒരാഴ്ച മുൻപ് മുജീബ് സൗത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആക്രമണം.

വ്യാഴാഴ്ച ജോലി കഴിഞ്ഞു മടങ്ങിയ പ്രജീഷിനെ മുജീബും ക്വട്ടേഷൻ സംഘാംഗങ്ങളും ചേർന്നു കാറിലേക്കു വലിച്ചുകയറ്റി ഇരുമ്പുവടികളും മറ്റും ഉപയോഗിച്ചു മർദിച്ച ശേഷം പൊള്ളാച്ചിയിലെത്തിച്ചു. അവിടെ നിന്നു വീണ്ടും പിരിവുശാലയിലേക്കു കൊണ്ടുവന്ന് ദേശീയപാതയോരത്തു തള്ളിയിടുകയായിരുന്നു.

ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുള്ള പ്രജീഷ് അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പൊലീസ് കേസെടുത്തതിനു പിന്നാലെ മുജീബും ക്വട്ടേഷൻ സംഘാംഗങ്ങളും കടന്നുകളഞ്ഞെന്നാണ് വാളയാർ പൊലീസ് നൽകുന്ന വിവരം. ഇൻസ്പെക്ടർ വി.എസ്.മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.