വിലക്കു ലംഘിച്ചു സമരം ചെയ്ത ഇടതു സംഘടനാ നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു കെഎസ്‌ഇബി ചെയർമാൻ; എംഎം മണിയുടെയും എകെ ബാലന്റെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന എം ജി സുരേഷ് കുമാറിന് എതിരെ വൈദ്യുതി ബോർഡ് ചെയര്‍മാന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കവേ കെഎസ്‌ഇബിയിലെ സിപിഎം അനുകൂല ഓഫിസര്‍മാരുടെ സംഘടനാ നേതാവായ എം ജി സുരേഷ് കുമാറിനെ വൈദ്യുതി ബോർഡ് ചെയര്‍മാൻ സസ്‌പെന്‍ഡ് ചെയ്തു.
കെഎസ്‌ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റാണ് എം ജി സുരേഷ് കുമാര്‍. മുന്‍ മന്ത്രിമാരായ എംഎം മണിയുടെയും എ കെ ബാലന്റെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന മുതിര്‍ന്ന നേതാവാണ് സുരേഷ് കുമാർ .
ഇന്നലെ വിലക്കു ലംഘിച്ചു സമരം ചെയ്തതിന്റെ പേരിലാണ് കെഎസ്‌ഇബി ചെയര്‍മാന്‍ ബി അശോക് നടപടി എടുത്തിരിക്കുന്നത്. നടപടിയെ തുടര്‍ന്ന് കെഎസ്‌ഇബി ആസ്ഥാനത്ത് ജീവനക്കാര്‍ പ്രതിഷേധം നടത്തുകയാണ്. തനിക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് സുരേഷ് കുമാര്‍ ആരോപിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമരത്തിന് ആഹ്വാനം ചെയ്തതിന്റെ പേരിലാണ് സസ്‌പെന്‍ഷന്‍. ഇത് ബി അശോകിന്റെ ഏകപക്ഷിയമായ നടപടിയാണെന്നും സസ്‌പെന്‍ഷന്‍ അംഗീകരിക്കില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു.അതേസമയം സസ്‌പെന്‍ഷന്‍ നടപടിയോട് ചെയര്‍മാന്‍ ബി അശോക് പ്രതികരിച്ചിട്ടില്ല. വൈദ്യുതി വകുപ്പ് മന്ത്രി അറിഞ്ഞു കൊണ്ടുള്ള തീരുമാനമാണോ ഇത് എന്നത് അടക്കമുള്ള വിവരങ്ങളാണ് ഇനി അറിയാനുള്ളത്.
ചെയര്‍മാന്‍ ബി. അശോകും ജീവനക്കാരുമായി വീണ്ടും കടുത്ത ഭിന്നത രൂപപ്പെട്ട വൈദ്യുതി ബോര്‍ഡില്‍ ഡയസ്‌നോണ്‍ ഭീഷണി തള്ളി സിപിഎം അനുകൂല ഓഫിസര്‍മാര്‍ ഇന്നലെ സമരം നടത്തിയിരുന്നു. ഇന്നലെ സമരക്കാര്‍ കെ.എസ്.ഇ.ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലേക്കും സമരക്കാര്‍ തള്ളിക്കയറി. അരമണിക്കൂറോളം യോഗം തടസ്സപ്പെട്ടു. നേതാക്കള്‍ ഇടപെട്ട ശേഷമാണ് സമരക്കാര്‍ പുറത്തുപോയത്. ഓഫിസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയായ വനിത എക്‌സി. എന്‍ജിനീയര്‍ ജാസ്മിന്‍ ബാനുവിന്റെ സസ്‌പെന്‍ഷനാണ് ഭിന്നതക്ക് ഇടയാക്കിയത്.
സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്നും ബോര്‍ഡ് ചെയര്‍മാന്റെ പ്രതികാര നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. വനിത സബ്കമ്മിറ്റിയുടെ പേരിലാണ് അര്‍ധദിന സത്യഗ്രഹം പ്രഖ്യാപിച്ചതെങ്കിലും പിന്നീട് മറ്റുള്ളവരും പങ്കുചേര്‍ന്നു. സമരം നേരിടാന്‍ കെ.എസ്.ഇ.ബി ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നു. ഇത് കാര്യമാക്കാതെയാണ് ഓഫിസര്‍മാര്‍ കൂട്ടത്തോടെ മുദ്രാവാക്യം മുഴക്കി ധര്‍ണ നടത്തിയത്. സസ്‌പെന്‍ഷന്‍ വിഷയത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും.