play-sharp-fill
ലഹരി മരുന്ന് വേട്ട: പഞ്ചനക്ഷത്ര ഹോട്ടലിലെ പബ്ബില്‍ നിന്നും നടന്‍ ചിരഞ്ജീവിയുടെ അനന്തരവളും ബിഗ് ബോസ് വിജയിയുമടക്കം 150 പേര്‍ പിടിയില്‍

ലഹരി മരുന്ന് വേട്ട: പഞ്ചനക്ഷത്ര ഹോട്ടലിലെ പബ്ബില്‍ നിന്നും നടന്‍ ചിരഞ്ജീവിയുടെ അനന്തരവളും ബിഗ് ബോസ് വിജയിയുമടക്കം 150 പേര്‍ പിടിയില്‍

സ്വന്തം ലേഖകൻ
ഹൈദരാബാദ്: ബഞ്ചാര ഹില്‍സിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ പബ്ബില്‍ റേവ് പാര്‍ട്ടി നടത്തിയ വിഐപികളുടെയും നടന്മാരുടെയും രാഷ്ട്രീയക്കാരുടെയും മക്കള്‍ ഉള്‍പ്പെടെ 150 പേരെ ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്സ് കസ്റ്റഡിയിലെടുത്തു.

നടന്‍ നാഗ ബാബുവിന്റെ മകളും മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ അനന്തരവളും നടിയുമായ നിഹാരിക കൊണിഡേല, ബിഗ് ബോസ് തെലുങ്ക് റിയാലിറ്റി ഷോ വിജയിയും ഗായകനുമായ രാഹുല്‍ സിപ്ലിഗഞ്ചും അറസ്റ്റിലായവരിലുണ്ട്. ഫെബ്രുവരി 12 ന് ഹൈദരാബാദ് പൊലീസ് മയക്കുമരുന്നിനെതിരെ പ്രചാരണം ആരംഭിച്ചപ്പോള്‍ തീം സോങ് ആലപിച്ചത് രാഹുല്‍ സിപ്ലിഗഞ്ചായിരുന്നു. നടിയും അവതാരകയുമായ നിഹാരിക നടന്മാരായ അല്ലു അര്‍ജുന്റെയും രാംചരണന്റെയും കസിന്‍ കൂടിയാണ്.


കൊക്കെയ്ന്‍, വീഡ് തുടങ്ങിയ നിരോധിത ഉല്‍പന്നങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേ സമയം തന്റെ മകള്‍ക്ക് മയക്കുമരുന്നുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ നാഗ ബാബു പുറത്തുവിട്ടിരുന്നു. കസ്റ്റഡിയിലായവരില്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഒരു ഉന്നത പോലീസുകാരന്റെ മകളും തെലുങ്കുദേശം എംപിയുടെ മകനുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ മകന്‍ പിറന്നാള്‍ പാര്‍ട്ടിക്ക് പോയെന്നും നുണകളും കുപ്രചരണങ്ങളും പ്രചരിപ്പിക്കുകയാണെന്നും തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് അഞ്ജന്‍ കുമാര്‍ യാദവ് പറഞ്ഞു. നഗരത്തിലെ എല്ലാ പബ്ബുകളും അടച്ചിടണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ എംപിയുടെ മകളുടെ ഉടമസ്ഥതയിലുള്ളതാണ് പബ്ബ്. അടുത്തിടെ അമിതമായ അളവില്‍ മയക്കുമരുന്ന് ഉള്ളില്‍ ചെന്ന് എന്‍ജീനിയറിങ് വിദ്യാര്‍ഥി മരിച്ചിരുന്നു.ഇതിന് ശേഷമാണ് സംസ്ഥാനത്ത് മയക്കുമരുന്നിനെതിരെയുള്ള നീക്കം പൊലീസ് ശക്തമാക്കിയത്. ഇതിനായി പുതിയ ഹൈദരാബാദ്-നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ രൂപീകരിച്ചിട്ടുണ്ട്.