ടിപ്പറിന്‍റെ ബക്കറ്റ് തട്ടി; കുതിരാന്‍ തുരങ്കത്തില്‍ വീണ്ടും ലൈറ്റുകള്‍ക്ക് തകരാര്‍; തകരാറിലായ ലൈറ്റുകൾ നന്നാക്കിയിട്ടില്ലെന്നും പരാതി
സ്വന്തം ലേഖകൻ
തൃശ്ശൂര്‍: കുതിരാന്‍ തുരങ്കത്തിൽ വീണ്ടും ടിപ്പറിന്റെ ബക്കറ്റ് തട്ടി ലൈറ്റുകള്‍ക്ക് തകരാര്‍ പറ്റി.
മണ്ണുത്തി – വടക്കഞ്ചേരി ആറുവരി പാതയില്‍ കുതിരാനിലെ രണ്ടാമത്തെ തുരങ്കത്തിലാണ് ടിപ്പറിന്റെ ബക്കറ്റ് തട്ടി കേബിളുകള്‍ക്ക് തകരാര്‍ സംഭവിച്ചത്. നിര്‍മ്മാണ കമ്പനിയുടെ ടിപ്പര്‍ ബക്കറ്റ് താഴ്ത്താതെ പോയതിനെ തുടര്‍ന്നാണ് തുരങ്കത്തിന്റെ അകത്തെ ബള്‍ബുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുള്ള കേബിളുകള്‍ക്കും തകരാര്‍ സംഭവിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടം ഉണ്ടായ ഉടന്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു. കുതിരാന്‍ തുരങ്കത്തില്‍ ജനുവരിയിലും സമാനമായ രീതിയില്‍ അപകടം ഉണ്ടായിരുന്നു.
എന്നാൽ ഇതിന് മുൻപ് തുരങ്കത്തില്‍ ടിപ്പര്‍ ലോറിയിടിച്ച് നശിച്ച സിസിടിവി ക്യാമറകളും ലൈറ്റുകളും ഒരു മാസം കഴിഞ്ഞിട്ടും പുനസ്ഥാപിച്ചില്ല. തുരങ്കത്തിന്റെ പ്രവേശകവാടത്തിനോട് ചേര്‍ന്നുളള ഭാഗത്ത് ക്യാമറകളില്ലാത്തത് വലിയ സുരക്ഷാഭീഷണിയാണെന്നാണ് വിലയിരുത്തല്‍.
ജനുവരി 20 നാണ് പാലക്കാട് നിന്നും തൃശൂരിലേക്കുളള തുരങ്ക മുഖത്ത് അപകടം ഉണ്ടായത്. പിന്‍ഭാഗം ഉയര്‍ത്തിവച്ച് അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറി ലൈറ്റുകളും ക്യാമറയും തകര്‍ക്കുകയായിരുന്നു. 104 എല്‍ ഇ ഡി ലൈറ്റുകളും സുരക്ഷാ ക്യാമറകളും സെന്‍സറുകളും അന്ന് നശിച്ചു. ഇതോടെ തുരങ്കത്തിന്റെ ഒരു ഭാഗത്തെ 90 മീറ്ററോളം ദൂരത്ത് വെളിച്ചമില്ലാതായി.
എന്നാല്‍ അപകടം സംഭവിച്ച് ഒരു മാസം പിന്നിട്ടിട്ടും ഇവയൊന്നും പുനസ്ഥാപിക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പുതിയ ലൈറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായും ഇത് ലഭിക്കാന്‍ മാസങ്ങള്‍ എടുക്കുമെന്നുമാണ് കരാര്‍ കമ്പനിയുടെ വിശദീകരണം. രണ്ട് തുരങ്കങ്ങളുടെയും ഇരുവശത്തും പുതിയ ക്യാമറ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.
ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തമായി കിട്ടുന്ന ക്യാമറകളാണ് ഇവിടെ സ്ഥാപിക്കുക. ടിപ്പര്‍ ലോറി അപകടത്തില്‍ 12 ലക്ഷം രൂപയുടെ നഷ്ടമാണ് കെഎസ്‌ഇബി കണക്കാക്കിയിരിക്കുന്നത്.