play-sharp-fill
കൊല്ലത്ത് ഓപ്പറേഷന്‍ പി ഹണ്ടില്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണിന് പകരം മറ്റൊരെണ്ണം വച്ച്‌ പ്രതിയെ രക്ഷിക്കാന്‍ ശ്രമം;  ഗ്രേഡ് എസ്.ഐ അറസ്റ്റില്‍

കൊല്ലത്ത് ഓപ്പറേഷന്‍ പി ഹണ്ടില്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണിന് പകരം മറ്റൊരെണ്ണം വച്ച്‌ പ്രതിയെ രക്ഷിക്കാന്‍ ശ്രമം; ഗ്രേഡ് എസ്.ഐ അറസ്റ്റില്‍

സ്വന്തം ലേഖകൻ

കൊല്ലം: ഓപ്പറേഷന്‍ പി ഹണ്ടില്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണിന് പകരം മറ്റൊരെണ്ണം വച്ച്‌ പ്രതിയെ രക്ഷിക്കാന്‍ സൗകര്യമൊരുക്കിയ ഗ്രേഡ് എസ്.ഐ അറസ്റ്റില്‍. പരവൂര്‍ സ്റ്റേഷനിലുണ്ടായ സംഭവത്തില്‍ ഇപ്പോള്‍ നെടുമങ്ങാട് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയായ മയ്യനാട് കൂട്ടിക്കട സ്വദേശി ഷൂജയെയാണ് ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.


ഓപ്പറേഷന്‍ പി ഹണ്ടില്‍ (കുട്ടികളെ ദുരുപയോഗം ചെയ്തു പകര്‍ത്തിയ വീഡിയോകളും ചിത്രങ്ങളും കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ പിടികൂടല്‍) പരവൂര്‍ തെക്കുംഭാഗം സ്വദേശിയായ യുവാവ് പിടിയിലായിരുന്നു. യുവാവിന്റെ പിതാവായ കുപ്പിവെള്ള കമ്പനിക്കാരന്റെ സ്വാധീനത്തിന് വഴങ്ങിയാണ് ഗ്രേഡ് എസ്.ഐ തൊണ്ടിമുതല്‍ മുക്കിയത്. തുടര്‍ന്ന് ഫോണ്‍ നശിപ്പിക്കാനായി മുൻപ് പരിചയമുള്ള സെയ്ദാലിയെ ഏല്‍പ്പിച്ചു. പക്ഷേ,​ സെയ്ദാലി ഫോണ്‍ നശിപ്പിക്കാതെ കൈയില്‍ സൂക്ഷിക്കുകയായിരുന്നു. ഇയാള്‍ മോഷണക്കേസില്‍ അറസ്റ്റിലായതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി ഹണ്ട് സംഘം പരവൂര്‍ പൊലീസിന് കൈമാറിയ മൊബൈല്‍ ഫോണിന് പകരം പഴക്കമുള്ള പ്രവര്‍ത്തനരഹിതമായ ഫോണാണ് കോടതിയില്‍ ഹാജരാക്കിയത്.

സീല്‍ ഇല്ലാതെ ഹാജരാക്കിയതില്‍ സംശയം തോന്നിയ കോടതി ജീവനക്കാരന്‍ ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കുന്നതിന് മുൻപ് രേഖകള്‍ ഒത്തുനോക്കിയപ്പോഴാണ് ഫോണ്‍ മാറ്റിയെന്ന് വ്യക്തമായത്. ഇതോടെ മോഷണക്കുറ്റത്തിന് കേസെടുത്ത് ചാത്തന്നൂര്‍ എ.സി.പി രഹസ്യാന്വേഷണം ആരംഭിച്ചു. സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരുടെയും മൊഴി രേഖപ്പെടുത്തി.

ഇതിനിടെ നവംബര്‍ അവസാനം സ്റ്റേഷനിലെ എട്ട് പൊലീസുകാരെ വിവിധ സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റിയതോടെയാണ് സംഭവം പുറത്തായത്. തൊണ്ടിമുതല്‍ ഒരു പൊലീസുകാരിയാണ് സൂക്ഷിച്ചിരുന്നത്. ഇവരാണ് ഫോണ്‍ മാറ്റിയതെന്ന് വ്യാപക പ്രചാരണം ഉണ്ടായി. ഇതിനെതിരെ പൊലീസുകാരി നല്‍കിയ പരാതിയില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ഷൂജ ഭരണാനുകൂല സംഘടനാംഗവും സംഭവം നടക്കുമ്ബോള്‍ പരവൂര്‍ സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ കൗണ്‍സിലറുമായിരുന്നു.