play-sharp-fill
1000 രൂപയുടെ കൂപ്പൺ വാങ്ങിയാൽ 68 സെന്റ് ഭൂമി ലഭിക്കും; സ്വന്തം സ്ഥലം നറുക്കെടുപ്പിന് വച്ച് ദമ്പതികൾ;  നാല് വർഷം തുടർച്ചയായി ശ്രമിച്ചിട്ടും ഭൂമി വിൽക്കാനാകാതെ വന്നതോടെ ഒരു ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങി ദമ്പതികൾ

1000 രൂപയുടെ കൂപ്പൺ വാങ്ങിയാൽ 68 സെന്റ് ഭൂമി ലഭിക്കും; സ്വന്തം സ്ഥലം നറുക്കെടുപ്പിന് വച്ച് ദമ്പതികൾ; നാല് വർഷം തുടർച്ചയായി ശ്രമിച്ചിട്ടും ഭൂമി വിൽക്കാനാകാതെ വന്നതോടെ ഒരു ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങി ദമ്പതികൾ

സ്വന്തം ലേഖകൻ
തൃശൂർ: നാല് വർഷം തുടർച്ചയായി ശ്രമിച്ചിട്ടും ഭൂമി വിൽക്കാനാകാതെ വന്നതോടെ ഒരു ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങുകയാണ് പുതുക്കാട് കല്ലൂർ നായരങ്ങാടി തുണിയമ്പ്രാലിൽ മുജി തോമസും ഭാര്യ ബൈസിയും.

ലക്ഷങ്ങൾ വില വരുന്ന തങ്ങളുടെ 68 സെന്റ് സ്ഥലം നറുക്കെടുപ്പിന് വച്ചിരിക്കുകയാണ് ഈ ദമ്പതികൾ.


ഈ ഭാഗ്യ പരീക്ഷണത്തിന് ചിലവ് ആയിരം രൂപയാണ്. ആയിരം മുടക്കി ഒരു സമ്മാന കൂപ്പൺ എടുക്കുക. നിശ്ചിത ദിവസത്തിന് ശേഷം ഒരാളെ നറുക്കെടുത്ത് അയാൾക്ക് ഈ ഭൂമി നൽകും. അങ്ങനെ ഒരു ഭാഗ്യ ശാലിക്ക് തങ്ങളുടെ 68 സെന്റ് സ്ഥലം വെറും ആയിരം രൂപയ്ക്ക് സ്വന്തമാക്കാമെന്നാണ് ഇവർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടബാധ്യതകൾ തീർക്കാനും മകന്റെ പഠനചെലവിനുമായാണ് ഈ ഭൂമി വിൽക്കാൻ ഇവർ തീരുമാനിച്ചത്. രണ്ട് പ്രളയവും കൊവിഡ് കാലവുമെല്ലാമെത്തിയതോടെ ഭൂമി കച്ചവടം തന്നെ മന്ദഗതിയിലായതാണ് വിൽപ്പന നടക്കാത്തതിനുള്ള കാരണം.

ചിലർ ഭൂമി വാങ്ങാൻ താൽപര്യം കാണിച്ചെങ്കിലും ന്യായ വിലപോലും നൽകാൻ താത്പര്യം കാണിച്ചില്ലെന്ന് ഇവർ പറയുന്നു.

അങ്ങനെ ഇരിക്കയാണ് കൂപ്പൺ വച്ചുള്ള നറുക്കെടുപ്പെന്ന ആശയം ഉദിച്ചത്. വക്കീലിനോട് ഇക്കാര്യം അറിയിച്ചപ്പോൾ നികുതിയടക്കമുള്ള നിയമവശങ്ങൾ പറഞ്ഞു തന്നു. പിന്നീട് വില്ലേജ് ഓഫിസ് അധികൃതരെ അറിയിച്ച് മുന്നോട്ട് പോവുകയായിരുന്നുവെന്ന് മുജി പറഞ്ഞു.

ഓഗസ്റ്റ് 15നാണ് നറുക്കെടുപ്പ്. നായരങ്ങാടിയിലെ, ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള മരിയ ഗാർമെന്റ്സിൽ വച്ച് നറുക്കെടുപ്പ് നടത്താനാണ് തീരുമാനം. നറുക്കെടുപ്പിൽ ഭൂമി ലഭിക്കുന്നയാൾ റജിസ്ട്രേഷൻ ചെലവുകൾ വഹിക്കണം. എന്നാൽ സാങ്കേതികമോ നിയമപരമോ ആയ തടസ്സമുണ്ടായാൽ കൂപ്പൺ തുക തിരിച്ച് നൽകുമെന്നും ഇവർ വ്യക്തമാക്കി.