play-sharp-fill
ദീര്‍ഘകാല സ്വപ്നമായ  2.6 ലക്ഷം രൂപയുടെ  ആഡംബര ബൈക്ക് സ്വന്തമാക്കി  യുവാവ്;  കാശെണ്ണി മടുത്ത് അവശരായി ഷോറൂം ജീവനക്കാര്‍; പത്ത് മണിക്കൂറിലെ കാത്തിരിപ്പിനൊടുവിൽ ബൈക്ക് സ്വന്തമാക്കി ഭൂപതി

ദീര്‍ഘകാല സ്വപ്നമായ 2.6 ലക്ഷം രൂപയുടെ ആഡംബര ബൈക്ക് സ്വന്തമാക്കി യുവാവ്; കാശെണ്ണി മടുത്ത് അവശരായി ഷോറൂം ജീവനക്കാര്‍; പത്ത് മണിക്കൂറിലെ കാത്തിരിപ്പിനൊടുവിൽ ബൈക്ക് സ്വന്തമാക്കി ഭൂപതി

സ്വന്തം ലേഖിക

ചെന്നൈ : 2.6 ലക്ഷം രൂപയുടെ ആഡംബര ബൈക്ക് വാങ്ങാനായി യുവാവ് കടയിലെത്തുമ്പോള്‍ മാനേജരായ മാവിക്രാന്ത് സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത സംഭവമാണ് പിന്നീടുണ്ടായത്. മാവിക്രാന്തിനും ഷോറൂമിലെ മുഴുവന്‍ ജീവനക്കാര്‍ക്കും പിന്നീടുള്ള പത്ത് മണിക്കൂറേയ്ക്കുള്ള പണി നല്‍കിയാണ് യുവാവ് ആഡംബര ബൈക്ക് സ്വന്തമാക്കിയത്. ബൈക്കിന്‍റെ വിലയായ 2.6 ലക്ഷം രൂപ ഒരു രൂപ നാണയങ്ങളാക്കിയാണ് വി ഭൂപതിയെന്ന യുവാവ് ഷോറൂമിലെത്തിയത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഈ ബൈക്ക് സ്വന്തമാക്കുകയെന്ന സ്വപ്നവുമായി ഭൂപതി ഒറ്റ രൂപ നാണയങ്ങള്‍ ശേഖരിക്കുകയായിരുന്നു. സേലം അമ്മപേട്ടിലെ ഗാന്ധി മൈതാന്‍ സ്വദേശിയാണ് ഭൂപതി. ബജാജ് ഡോമിനോര്‍ 400 സിസി ബൈക്കാണ് ഭൂപതി സ്വന്തമാക്കിയത്. ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് മിനി വാനില്‍ ചാക്ക് കെട്ടുകളിലാക്കിയ നാണയങ്ങളുമായി ഭൂപതിയും സുഹൃത്തുക്കളും ബജാജ് ഷോറൂമിലെത്തിയത്. ബിസിഎ ബിരുദധാരിയായ ഭൂപതി ഒരു സ്വകാര്യ സ്ഥാപനത്തിലെ കംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യുന്നയാളാണ്. ഇതിനൊപ്പം ഒരു യുട്യൂബ് ചാനലും ഭൂപതിക്കുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് വര്‍ഷം മുന്‍പ് ബൈക്കിന് രണ്ട് ലക്ഷം രൂപ വിലയുണ്ടായിരുന്ന സമയത്ത് ഭൂപതി ബജാജിന്‍റെ ഷോറൂമായ ഭാരത് ഏജന്‍സിയിലെത്തി വിലവിവരം അന്വേഷിച്ചിരുന്നു. എന്നാല്‍ അന്ന് ബൈക്കിന്‍റെ വിലയായ രണ്ട് ലക്ഷം കൈവശമില്ലാതിരുന്നതിന് പിന്നാലെയാണ് ഭൂപതി ബൈക്കിനായി പണം നീക്കി വക്കാന്‍ തുടങ്ങിയത്.

അടുത്തിടെ വീണ്ടും വില തിരക്കിയപ്പോള്‍ ഷോറൂം ജീവനക്കാര്‍ ആവശ്യപ്പെട്ട പണം ഭൂപതിയുടെ കൈവശമുണ്ടായിരുന്നു. ഇതോടെയാണ് ഭൂപതി വീണ്ടും ഷോറൂമിലെത്തിയത്. ബൈക്കിന് വേണ്ടി സമ്പാദിച്ച പണം ആദ്യം മുതല്‍ തന്നെ ഒരു രൂപ വീതമാക്കി ആയിരുന്നു കരുതിയിരുന്നതെന്ന് ഭൂപതി പറയുന്നു. ക്ഷേത്രങ്ങളിലും ഹോട്ടലുകളില്‍ നിന്നും ചായക്കടകളില്‍ നിന്നുമടക്കമാണ് ഇതിനായുള്ള ഒരുരൂപ നാണയമാക്കി മാറ്റിയിരുന്നതെന്നും ഭൂപതി പറയുന്നു.

ആദ്യം ഷോറൂമുകാര്‍ ഒരു രൂപ ചാക്ക് സ്വീകരിക്കാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. ഒരുലക്ഷം രൂപ കറന്‍സ് നോട്ടായി നല്‍കുമ്പോള്‍ തന്നെ 140 രൂപ ബാങ്ക് കമ്മീഷനായി വാങ്ങുന്നുണ്ട്. അപ്പോള്‍ 2.6ലക്ഷം രൂപയുടെ ഒരു രൂപ നാണയം നല്‍കിയാല്‍ അതിന് എത്ര രൂപ കമ്മീഷന്‍ വാങ്ങുമെന്ന സംശയമാണ് ഷോറൂം മാനേജരെ ആശയക്കുഴപ്പത്തിലാക്കിയത്.

എന്നാല്‍ യുവാവിന്‍റെ ദീര്‍ഘനാളായുള്ള ആഗ്രഹം നടപ്പാകട്ടേയെന്ന് കരുതുകയായിരുന്നുവെന്ന് ഷോറൂം മാനേജര്‍ പറയുന്നു. ഭൂപതിയും നാല് സുഹൃത്തുക്കളും ഷോറൂമിലെ അഞ്ച് ജീവനക്കാരും ചേര്‍ന്ന് 10 മണിക്കൂര്‍ സമയം ചെലവിട്ടാണ് പണം എണ്ണിതീര്‍ത്തത്. പണം എണ്ണി തിട്ടപ്പെടുത്തി രാത്രിയാണ് ഭൂപതിക്ക് പുത്തന്‍ ബൈക്ക് ഡെലിവറി നല്‍കിയത്.