ഫോണില്‍ നിന്ന് നീക്കിയതില്‍ വിചാരണ കോടതിയിലെ രേഖകളും; തിരിച്ച് കിട്ടാത്തവിധം നശിപ്പിക്കണമെന്ന് ദിലീപ് അവശ്യപ്പെട്ടെന്ന് സായ് ശങ്കര്‍; വാട്സാപ്പ് ചാറ്റുകളടക്കം വീണ്ടെടുത്ത് ക്രൈംബ്രാഞ്ച്; വധഗൂഢാലോചന കേസില്‍ ദിലീപിനെ നാളെ വീണ്ടും ചോദ്യം ചെയ്യും
സ്വന്തം ലേഖിക
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഫോണില്‍ നിന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ നീക്കം ചെയ്ത രേഖകള്‍ ക്രൈംബ്രാഞ്ചിന്.
വാട്സാപ്പ് ചാറ്റുകളും വിചാരണ കോടതി രേഖകളുമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. കോടതി രേഖകള്‍ തിരിച്ചുകിട്ടാത്ത വിധം നശിപ്പിക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നുവെന്ന് സായ് ശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിചാരണ കോടതി രേഖകള്‍ എങ്ങനെ ദിലീപിന്റെ ഫോണില്‍ വന്നുവെന്നതിനെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഫോണിലെ വിവരങ്ങള്‍ നീക്കുന്നതിനിടെ ദിലീപ് അറിയാതെ ഫോണ്‍ രേഖകള്‍ താന്‍ സ്വന്തം നിലയില്‍ കോപ്പി ചെയ്തുവച്ചെന്നും സായ് ശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഇത് എന്തിനാണെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ഇയാള്‍ ഉത്തരം നല്‍കിയിട്ടില്ല.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിനെ നാളെ ചോദ്യം ചെയ്യും.
കഴിഞ്ഞ വ്യാഴാഴ്ച കളമശേരി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും നടന് അസൗകര്യം അറിയിച്ചിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. തുടരന്വേഷണത്തില്‍ ലഭിച്ച നിര്‍ണായക വിവരങ്ങള്‍ നിരത്തി അന്വേഷണോദ്യോഗസ്ഥന് ബൈജു പൗലോസിന്റെ നേതൃത്വത്തിലാകും ചോദ്യം ചെയ്യല്‍.