play-sharp-fill
ബൈക്ക് റോഡ് സൈഡില്‍ വെച്ച്‌ ഹെല്‍മെറ്റും ധരിച്ച്‌ രാത്രി വീട്ടിലെത്തും; യുവതിയുടെ വീട്ടില്‍ പോലീസ് ഉദ്യോഗസ്ഥന്‍ വരുന്നതിനും പോകുന്നതിനുമെല്ലാം തെളിവുള്ളത് സിസിടിവിയില്‍; ദൃശ്യങ്ങളെല്ലാം പോലീസ് കൊണ്ടുപോയത് തെളിവ് നശിപ്പിക്കാനോ…? പൊലീസ് ഉദ്യോഗസ്ഥന്റെ ഉന്നത സ്വാധീനത്തിലൂടെ കേസ് അട്ടിമറിക്കാൻ നീക്കമെന്നും പരാതി; സിഐ സൈജുവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് സിപിഎമ്മോ പൊലീസോ..?

ബൈക്ക് റോഡ് സൈഡില്‍ വെച്ച്‌ ഹെല്‍മെറ്റും ധരിച്ച്‌ രാത്രി വീട്ടിലെത്തും; യുവതിയുടെ വീട്ടില്‍ പോലീസ് ഉദ്യോഗസ്ഥന്‍ വരുന്നതിനും പോകുന്നതിനുമെല്ലാം തെളിവുള്ളത് സിസിടിവിയില്‍; ദൃശ്യങ്ങളെല്ലാം പോലീസ് കൊണ്ടുപോയത് തെളിവ് നശിപ്പിക്കാനോ…? പൊലീസ് ഉദ്യോഗസ്ഥന്റെ ഉന്നത സ്വാധീനത്തിലൂടെ കേസ് അട്ടിമറിക്കാൻ നീക്കമെന്നും പരാതി; സിഐ സൈജുവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് സിപിഎമ്മോ പൊലീസോ..?

സ്വന്തം ലേഖിക

തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയില്‍ സി ഐ സൈജുവിനെതിരെയുള്ള അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് സംശയം.


യുവതിയെ ഭീഷണിപ്പെടുത്തിയതിനും സാമ്പത്തിക ആരോപണങ്ങള്‍ക്കുമെല്ലാം നിരവധി തെളിവുകള്‍ ഉണ്ടെന്ന് യുവതി പറയുമ്പോഴും പൊലീസ് ഉദ്യോഗസ്ഥന്റെ ഉന്നത സ്വാധീനം കൊണ്ട് ഇവയെല്ലാം അട്ടിമറിക്കപെടുമോ എന്നാണ് ആശങ്ക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ വീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വരുന്നതിന്റെയും പോകുന്നതിൻ്റെയുമെല്ലാം തെളിവുള്ളത് സിസിടിവിയിലാണ്. ഡ്യൂട്ടിയുള്ള ദിവസങ്ങളില്‍ രാത്രി ബൈക്ക് റോഡ് സൈഡില്‍ വെച്ച്‌ ഹെല്‍മെറ്റും ധരിച്ചാണ് ഇയാള്‍ യുവതിയുടെ വീട്ടിലെത്താറുണ്ടായിരുന്നത്. ഇതെല്ലാം അടങ്ങിയ ദൃശ്യങ്ങള്‍ പോലീസുകാര്‍ വാങ്ങിക്കൊണ്ട് പോയത് തെളിവ് നശിപ്പിക്കാനാണോ എന്നും യുവതി സംശയിക്കുന്നു.

കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റായിരുന്ന എ വി സൈജുവിന് ഉന്നത പൊലീസ് ബന്ധമുണ്ട്. എല്ലാ പൊലീസ് യൂണിറ്റുകളെയും നയിക്കുന്നത് സിപിഎം നേതൃത്വവുമായി അടുത്തു നില്‍ക്കുന്നവരായതുകൊണ്ടുതന്നെ സിപിഎം ബന്ധവും പൊലീസുകാരന് സഹായകമായേക്കാം.

മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ എസ്‌എച്ച്‌ഒ ആയ സൈജുവിനോട് ചുമതലയില്‍ നിന്ന് മാറി നില്‍ക്കാന്‍ നിര്‍ദ്ദേശിച്ചതും ഉന്നത ഉദ്യോഗസ്ഥരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കെതിരെ ഇതുവരെ ഒരു സസ്‌പെന്‍ഷന്‍ നടപടി പോലും സ്വീകരിച്ചിട്ടില്ല.
അതിനിടെ പരാതി നല്‍കിയ യുവതിയെ പ്രതിയാക്കി കേസെടുക്കാനും നീക്കം തുടങ്ങിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

യുവതി ശല്യം ചെയ്യുന്നതിനെതിരെ സൈജുവും ഭാര്യയും ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നതായാണ് സൂചന. യുവതിയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് സൈജു നേരത്തെ മുതലേ പറയുന്നുണ്ടായിരുന്നു
വിവാഹ വാഗ്ദാനം നല്‍കി സൈജു പലതവണ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും വധഭീഷണി മുഴക്കിയെന്നുമാണു പരാതി.

എ.വി. സൈജുവിനെ അറസ്റ്റ് ചെയ്യാനോ സസ്‌പെന്റ് ചെയ്യാനോ കേരള ആഭ്യന്തരവകുപ്പ് തയ്യാറാകുന്നില്ല. പീഡനത്തിന് ഇരയായ ഡോക്ടറുടെ പരാതി പോലും സ്വീകരിക്കാതെ ഉന്നതര്‍ ഉരുണ്ടുകളിച്ചതിന് പിന്നാലെ വിവരം വാര്‍ത്തയായപ്പോള്‍ മാത്രമാണ് ഈ സംഭവത്തില്‍ കേസെടുക്കാന്‍ തയ്യാറായത്.
ഇടതുപക്ഷ അനുകൂല പൊലീസ് അസോസിയേഷന്റെ നേതാവുകൂടിയായ സിഐ സൈജുവിനെതിരെ കേസ് വന്നതിന് പിന്നാലെ നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കിയിരിക്കുകയാണ്. അതും മലയിന്‍കീഴില്‍ നിന്ന് വെറും 15 കിലോമീറ്റര്‍ അകലെ തിരുവനന്തപുരം നഗരത്തിലെ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക്. മാത്രമല്ല, കേസെടുത്തെങ്കിലും ഇതുവരെ ഈ ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്യാന്‍ തയ്യാറായിട്ടുമില്ല.

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റായിരുന്നു മലയിന്‍കീഴ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന എ.വി. സൈജു. പീഡനത്തിന് കേസ് എടുത്തതിന് ശേഷം അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് സൈജുവിനെ നീക്കിയതായി സംഘടന അറിയിച്ചിട്ടുണ്ട്. സംഘടനപോലും ഇത്തരമൊരു നടപടിയെടുത്തിട്ടും ഇയാളെ സസ്പെൻഡ് ചെയ്യാന്‍ ആഭ്യന്തരവകുപ്പ് തയ്യാറാകാത്തത് എന്തുകൊണ്ടെന്ന ചോദ്യമുയരുന്നു. കേസ് ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്നാണ് വ്യക്തമാക്കിയതെങ്കിലും ഇന്നലെ തന്നെ ക്രൈംബ്രാഞ്ച് സംഘം വിവരശേഖരണം തുടങ്ങിയതായാണ് അറിയുന്നത്.

കേസില്‍ ഇന്നലെ സിഐയുടെ പീഡനത്തിന് ഇരയായ വനിതാ ഡോക്ടറില്‍ നിന്ന് മൊഴിയെടുക്കുകയും മഹസ്സര്‍ രേഖപ്പെടുത്തുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ സുല്‍ഫിക്കറിന്റെ നേതൃത്വത്തിലായിരുന്നു ഡോക്ടറുടെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചത്. വീട്ടില്‍ നിന്ന് സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് പൊലീസ് സംഘം കൊണ്ടുപോയെന്ന് ഡോക്ടര്‍ വ്യക്തമാക്കി. എന്നാല്‍ ഇതിന് രേഖാമൂലം രസീത് ഒന്നും തന്നില്ലെന്നും അവര്‍ പറഞ്ഞു.

പീഡനക്കേസ് ആയതിനാല്‍ തുടര്‍ നടപടികളുടെ ഭാഗമായി ഡോക്ടറെ ഇന്നലെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കി. പൊലീസ് സംഘം തന്നെ ഡോക്ടറെ തൈക്കാട് ഗവ. ആശുപത്രിയില്‍ എത്തിച്ചായിരുന്നു പരിശോധന. കേസുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് താനെന്ന് ഡോക്ടര്‍ പറഞ്ഞു. ഇന്നലെ ആശുപത്രിയില്‍ വച്ച്‌ അവശതകള്‍ അനുഭവപ്പെട്ടതോടെ രക്തസമ്മര്‍ദ്ദ, ഇസിജി പരിശോധനകള്‍ നടത്തി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്നും ഇ.സിജിയില്‍ വേരിയേഷന്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു.

സിഐ റാങ്കിലെ ഒരു ഉദ്യോഗസ്ഥനും ഭാര്യയും തങ്ങള്‍ക്കെതിരെ ഭീഷണി ഉണ്ടായതായി റൂറല്‍ എസ്‌പി സ്ഥാനത്തുള്ള ഒരു ഉന്നത മേലുദ്യോഗസ്ഥന് പരാതി നല്‍കി ഒരുമാസമായിട്ടും അതില്‍ ഇതുവരെ ഒരു കേസ്പോലും എടുക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യം പ്രസക്തമാണ്. ഇത്തരമൊരു പരാതി ലഭിച്ചെങ്കില്‍ എന്തുകൊണ്ട് റൂറല്‍ എസ് പി അതില്‍ ഒരു അന്വേഷണം പോലും നടത്തിയില്ലെന്ന് പീഡനത്തിനിരയായ വനിതാ ഡോക്ടറും ചോദിക്കുന്നു.

വ്യക്തമായി പരാതി നല്‍കിയിട്ടും കേസെടുക്കാതെ ഒളിച്ചുകളിച്ച പൊലീസ് ഒടുവില്‍ ഡോക്ടറുടെ വെളിപ്പെടുത്തല്‍ വാര്‍ത്തയായതിന് പിന്നാലെയാണ് ഇപ്പോള്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, തലസ്ഥാനത്ത് ഒരു വനിതാ ഡോക്ടര്‍ ഇത്തരത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥനാല്‍ പീഡിപ്പിക്കപ്പെട്ട സംഭവം ചര്‍ച്ചയായിട്ടും ഇക്കാര്യത്തില്‍ വനിതാ കമ്മീഷനും വിവിധ വനിതാ സംഘടനകളും സ്ത്രീപക്ഷവാദികളും പ്രശ്നം അറിഞ്ഞതായിപ്പോലും ഭാവിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് ശബ്ദമുയര്‍ത്തേണ്ട കേരളത്തിന്റെ കാവലാളുകള്‍ തന്നെ ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് എതിരെ അതിക്രമങ്ങള്‍ അഴിച്ചു വിടുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷിയാകുന്നത്.