play-sharp-fill
തിരുനക്കര പകല്‍പ്പൂരം ഇന്ന്‌; 22 കരിവീരന്‍മാര്‍ അണിനിരക്കും; പത്മശ്രീ ജയറാമിന്റെ നേതൃത്വത്തില്‍ 120 കലാകാരന്മാര്‍ പങ്കെടുക്കുന്ന സ്പെഷ്യല്‍ പഞ്ചാരിമേളം; തിരുനക്കര ശിവനെ കാത്ത്‌ ആന പ്രേമികള്‍

തിരുനക്കര പകല്‍പ്പൂരം ഇന്ന്‌; 22 കരിവീരന്‍മാര്‍ അണിനിരക്കും; പത്മശ്രീ ജയറാമിന്റെ നേതൃത്വത്തില്‍ 120 കലാകാരന്മാര്‍ പങ്കെടുക്കുന്ന സ്പെഷ്യല്‍ പഞ്ചാരിമേളം; തിരുനക്കര ശിവനെ കാത്ത്‌ ആന പ്രേമികള്‍

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള തിരുനക്കര പകല്‍ പൂരം ഇന്ന്. രണ്ടു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ആവോളം ആനന്ദിക്കാന്‍ തിരുനക്കര ശിവന്‍ ഉള്‍പ്പെടെ 22 കരിവീരന്‍മാര്‍ അണിനിരക്കുന്ന തിരുനക്കരപൂരത്തെ വരവേല്ക്കാൻ തയ്യാറായി ഭക്തർ.


കര്‍ശന സുരക്ഷാ സന്നാഹങ്ങളോടെയുള്ള പൂരത്തിനായി ക്ഷേത്രവും പരിസരവും അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. വൈകിട്ടു നാലിനു പത്മശ്രീ ജയറാമിന്റെ പ്രമാണിത്തത്തില്‍ 120 കലാകാരന്മാർ പങ്കെടുക്കുന്ന സ്‌പെഷല്‍ പഞ്ചാരിമേളത്തോടെ പൂരാരവത്തിനു തുടക്കമാകും. ഇതേസമയം, 4.30നു പൂരപ്പറമ്പിലേക്ക്‌ ആദ്യ ആന എത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിഴക്കന്‍ ചേരുവാരത്തില്‍ 10 ആനകള്‍ നിരന്ന ശേഷം പടിഞ്ഞാറന്‍ ചേരുവാരത്തെ ആനകള്‍ മൈതാനത്തേയ്‌ക്ക്‌ എത്തും. പിന്നാലെ കിഴക്കന്‍ ചേരുവാരത്ത്‌ തിരുനക്കര തേവരുടെ സ്വര്‍ണ തിടമ്ബുമായി തിരുനക്കര ശിവരും പടിഞ്ഞാറ്‌ ഭഗവതിയുടെ തിടമ്ബുമായി ചിറയ്‌ക്കല്‍ കാളിദാസനുമെത്തുന്നതോടെ നഗരം പൂരലഹരിയിലാകും. തുടര്‍ന്നു കുടമാറ്റം ഉള്‍പ്പെടെയുള്ള വര്‍ണാഭ ചടങ്ങുകള്‍ തിരുനക്കരയുടെ സായാഹ്‌ന ശോഭ വര്‍ധിപ്പിക്കും.

സമീപത്തെ 10 ക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങള്‍ നേരത്തെ ക്ഷേത്രത്തിലെത്തും. പൂരസമയത്തു നടന്‍ ജയറാമിന്റെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ പഞ്ചാരിമേളമാണ്‌ ഇത്തവണത്തെ പ്രധാന ആകര്‍ഷണം. ഇടവേളയ്‌ക്കു ശേഷമുള്ള പൂരമായതിനാല്‍ വന്‍ ജനാവലി ഇന്നു തിരുനക്കരയിലേക്ക്‌ ഒഴുകിയെത്തുമെന്നാണു സംഘാടകരുടെ പ്രതീക്ഷ.

ചെറുപൂരങ്ങൾ അമ്പലക്കടവ്‌ ഭഗവതിക്ഷേത്രം, തിരുനക്കര ശ്രീകൃഷ്‌ണ ക്ഷേത്രം, പുതിയതൃക്കോവില്‍ മഹാവിഷ്‌ണു ക്ഷേത്രം, പള്ളിപ്പുറത്ത്‌ കാവ്‌ ഭഗവതി ക്ഷേത്രം, കൊപ്രത്ത്‌ ദുര്‍ഗാദേവീ ക്ഷേത്രം, പറപ്പാടം ദേവീക്ഷേത്രം, തളിയില്‍ക്കോട്ട മഹാദേവര്‍ ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കല്‍ ദേവീക്ഷേത്രം. പുല്ലരിക്കുന്ന്‌ മുള്ളൂര്‍കുളങ്ങര മഹാദേവക്ഷേത്രം എന്നിവിടങ്ങളിൽ നിന്നെത്തും.

പൂരശോഭ വര്‍ധിപ്പിക്കാൻ തിരുനക്കര ശിവന്‍, ഭാരത്‌ വിനോദ്‌, പാമ്ബാടി സുന്ദരന്‍, ഗുരുവായൂര്‍ സിദ്ധാര്‍ഥന്‍, ചൈത്രം അച്ചു, മീനാട്‌ വിനായകന്‍, വരടിയം ജയറാം, വേമ്ബനാട്‌ അര്‍ജുനന്‍, തോട്ടക്കാട്‌ കണ്ണന്‍, കീഴൂട്ട്‌ ശ്രീകണ്‌ഠന്‍, കുന്നുംമേല്‍ പരശുരാമന്‍, ചിറയ്‌ക്കല്‍ കാളിദാസന്‍, ഈരാറ്റുപേട്ട അയ്യപ്പന്‍, കിരണ്‍ നാരായണന്‍കുട്ടി, കുന്നത്തൂര്‍ രാമു, കാഞ്ഞിരക്കാട്ട്‌ ശേഖരന്‍, തെച്ചിക്കോട്ട്‌കാവ്‌ ദേവീദാസന്‍, ഉണ്ണിമങ്ങാട്‌ ഗണപതി, ചിറയ്‌ക്കാട്ട്‌ അയ്യപ്പന്‍, ഭാരത്‌ വിശ്വനാഥന്‍,വേമ്പനാട്‌ വാസുദേവന്‍,ഉഷശ്രീ ദുര്‍ഗാപ്രസാദ്‌ എന്നീ കൊമ്പന്മാർ അണിനിരക്കും.