അന്താരാഷ്‌ട്ര വനിതാ ദിനം; സ്ത്രീകള്‍ക്ക് ആദരവര്‍പ്പിച്ച് ഗൂഗിള്‍; വിസ്മയമായി പത്തോളം ഡൂഡിലുകള്‍
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര വനിതാ ദിനമായ ഇന്ന് ലോകമെമ്പാടുമുള്ള എല്ലാ വനിതകള്‍ക്കും ആദരവര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍.
ആനിമേറ്റഡ് സ്ലൈഡ്‌ഷോയോടെയാണ് ഗൂഗിള്‍ ഡൂഡില്‍ അന്താരാഷ്‌ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. വ്യത്യസ്ത സംസ്‌കാരങ്ങളിലുള്ള സ്ത്രീകളുടെ ദൈനംദിന ജീവിതത്തിലേയ്‌ക്ക് ഗൂഗിള്‍ ഡൂഡില്‍ കടന്നു ചെല്ലുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആനിമേറ്റഡ് സ്ലൈഡ്‌ഷോയിലൂടെ ഒരു സ്ത്രീയുടെ ജീവിതത്തിന്റെ വൈദഗ്ധ്യത്തെക്കുറിച്ചും, അവള്‍ എല്ലാ തൊഴിലിലും എങ്ങനെ മികവ് പുലര്‍ത്തുന്നുവെന്നും കാണിച്ചുതരുന്നു. പത്ത് സ്ലൈഡുകളാണ് ഷോയിലുള്ളത്.
വീട്ടിലെ ജോലികള്‍ ചെയ്യുന്ന അമ്മ മുതല്‍, ശസ്ത്രക്രിയ നടത്തുന്ന വനിത ഡോക്ടര്‍ വരെ ഡൂഡില്‍ പ്രദര്‍ശിപ്പിക്കുന്നു. ഗൂഗിളിന്റെ ആര്‍ട്ട് ഡയറക്ടറായ തോക്ക മേര്‍ ആണ് ആനിമേറ്റഡ് സ്ലൈഡ്‌ഷോ രൂപകല്‍പ്പന ചെയ്തത്.
ലാപ്‌ടോപ്പില്‍ ജോലി ചെയ്യുന്നതും കുട്ടിയെ പരിപാലിക്കുന്നതുമായ ഒരു അമ്മ, ചെടികള്‍ക്ക് വെള്ളം നനയ്‌ക്കുന്ന ഒരു സ്ത്രീ, ഒരു ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തുന്ന ഒരു സ്ത്രീ, കൂടാതെ നിരവധി തൊഴിലുകള്‍ക്ക് നേതൃത്വം നല്‍കുകയും വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന സ്ത്രീകളാല്‍ ഡൂഡില്‍ സമ്പന്നം.
ഗൂഗിള്‍ ഡൂഡില്‍ കാണാന്‍ ഗൂഗിള്‍ ഹോംപേജില്‍ പോയി പ്ലേ ബട്ടണില്‍ ക്ലിക്ക് ചെയ്യാം. സാംസ്‌കാരിക വൈവിധ്യമുള്ള സ്ത്രീകളാല്‍ ചുറ്റപ്പെട്ട ഭൂമിയുടെ ഒരു ചിത്രത്തിലൂടെയാണ് സ്ലൈഡ് ഷോ ആരംഭിക്കുന്നത്. ഡൂഡില്‍ പ്ലേ ബട്ടണ്‍ അമര്‍ത്തിയാല്‍ ആനിമേറ്റഡ് സ്ലൈഡ് ഷോ പ്ലേ ചെയ്യാന്‍ തുടങ്ങും.