‘ഞാൻ നിരപരാധിയാണ്; കേസ് കെട്ടിച്ചമച്ചത്’: വെളിപ്പെടുത്തലുകളുമായി വിസ്മയയുടെ ഭർത്താവ്
സ്വന്തം ലേഖിക
കൊല്ലം:കൊല്ലത്തെ വിസ്മയ കേസിൽ താൻ നിരപരാധിയാണെന്ന് പ്രതി കിരൺകുമാർ.
കേസ് പൂർണമായും കെട്ടിച്ചമച്ചതാണ്. കോടതിയിൽ നിരപരാധിത്വം തെളിയിക്കും. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ കൂടുതൽ വെളിപ്പെടുത്താനാവില്ല. സ്ത്രീധനപീഡനത്തെ തുടർന്നുള്ള ഒരു പ്രശ്‌നങ്ങളുമില്ലായിരുന്നെന്നും പുറത്തുവരുന്ന വാർത്തകൾ കെട്ടിച്ചമച്ചതാണെന്നും പ്രതി വ്യക്തമാക്കി.
കേസിൽ രണ്ട് ദിവസം മുമ്പ് പ്രതി കിരൺ കുമാറിന് സുപ്രിം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു. കുറ്റപത്രം സമർപ്പിച്ച കേസിൽ ഇനിയും കസ്റ്റഡിയിൽ തുടരേണ്ട കാര്യമില്ലെന്ന വാദം അംഗീകരിച്ചാണ് കോടതി നടപടി. ജസ്റ്റിസ് സഞ്ജയ് കൗൾ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് കിരൺ കുമാർ സുപ്രിം കോടതിയെ സമീപിച്ചത്. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനായിരുന്ന പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനുമുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്.
കഴിഞ്ഞ ജൂൺ 21നാണ് ഭർതൃഗൃഹത്തിലെ ടോയ്‌ലറ്റിൽ വിസ്മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനം കൊണ്ടുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കിരൺകുമാറിനെതിരെ ചുമത്തിയിട്ടുള്ളത്.
സ്ത്രീധനമായി ലഭിച്ച കാർ മാറ്റിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് കുണ്ടറ ചിറ്റുമലയിലും വിസ്മയയുടെ നിലമേലുള്ള വീട്ടിലും വച്ച് കിരൺ വിസ്മയയെ പീഡിപ്പിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.